13 November Tuesday

അഭിമന്യുവിനെ കൊല്ലാൻ തീരുമാനിച്ചത‌് 3 ദിവസം മുമ്പ‌്

മിൽജിത‌് രവീന്ദ്രൻUpdated: Saturday Jul 21, 2018



മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന നടന്നത‌് സംഭവത്തിനു മൂന്നുദിവസം മുമ്പ‌്. എറണാകുളത്ത‌് ചേർന്ന ക്യാമ്പസ‌് ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി യോഗമാണ‌് കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനദിനത്തോടനുബന്ധിച്ച‌് ഏതുവിധേനയും പ്രശ‌്നം സൃഷ്ടിച്ച‌് എസ‌്എഫ‌്ഐ നേതാക്കളെ വകവരുത്താൻ തീരുമാനിച്ചതെന്ന‌് പൊലീസിന‌് വിവരം ലഭിച്ചു.

ക്യാമ്പസ്‌ ഫ്രണ്ട്‌ തീരുമാനപ്രകാരം അക്രമി സംഘത്തെ റിക്രൂട്ട്‌ ചെയ്‌തത്‌ തമ്മനത്തെ ഷിജുവാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്‌.  പ്രധാന പ്രതി മുഹമ്മദ‌്, ആക്രമണത്തിൽ പങ്കെടുത്ത ആദിൽ എന്നിവരെ ചോദ്യംചെയ‌്തതിൽനിന്നാണ‌് പൊലീസിന‌് ഇതുസംബന്ധിച്ച‌് വ്യക്തത ലഭിച്ചത‌്. ഇതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദിനെ ഒന്നാം പ്രതിയാക്കി 25 പേരുടെ പ്രതി പട്ടികയ‌്ക്കും പൊലീസ‌് രൂപംനൽകി. അന്വേഷണം പുരോഗമിക്കുമ്പോൾ പട്ടികയിലെ എണ്ണം കൂടുമെന്നും  പൊലീസ‌്  പറഞ്ഞു. 

ക്യാമ്പസിൽ പ്രശ‌്നം സൃഷ്ടിച്ച‌് ഒന്നോ രണ്ടോ പേരെ വകവരുത്തണമെന്നാണ‌് തീരുമാനിച്ചത‌്. ഇതിനായി മറ്റ‌ു ജില്ലകളിൽനിന്നടക്കമുള്ള പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകർ എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസിൽ സംഘടിച്ചു.
 മുഹമ്മദ‌് വിളിച്ചറിയിച്ചപ്പോൾ ഇവിടെനിന്ന‌് ആയുധങ്ങളുമായാണ‌് എല്ലാവരും പുറപ്പെട്ടത‌്. ഈ സംഘത്തിന‌് ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ‌് റിഫയാണ‌് നേതൃത്വം നൽകിയത‌്. പൂത്തോട്ട ലോ കോളേജിലെ വിദ്യാർഥിയായ ഇയാൾ പോപ്പുലർ ഫ്രണ്ട‌് നേതാക്കളെ വിളിച്ചതിന്റെ  വിശദാംശങ്ങളും പൊലീസ‌ിനു ലഭിച്ചിട്ടുണ്ട‌്.
അഭിമന്യു അടക്കം മൂന്നുപേരെ കുത്തിയത‌് മൂന്നുപേരാണ‌്.

കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത എല്ലാവരെക്കുറിച്ചും പൊലീസിന‌് വിവരം ലഭിച്ചു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയും പ്രതികൾ തങ്ങിയ സ്ഥലങ്ങളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ട‌്. പോപ്പുലർ ഫ്രണ്ട‌് നേതാക്കൾ സംഘടിതമായി പ്രതികളെ സംരക്ഷിക്കുന്നതായാണ‌് വിവരം. മറ്റ‌് പ്രതികൾ പിടിയിലാകാൻ  പ്രയാസം നേരിട്ടത‌് ഇതിനാലാണ‌്. എന്നാൽ, എല്ലാ പ്രതികളും ഉടൻ പിടിയിലാകുമെന്നും പൊലീസ‌് അറിയിച്ചു.

അറസ‌്റ്റിലായ മുഹമ്മദിനെ പൊലീസ‌് ശനിയാഴ‌്ച കസ‌്റ്റഡിയിൽ വാങ്ങും. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ‌്ത പത്തോളം പേർ പൊലീസ‌് കസ‌്റ്റഡിയിലുണ്ടെന്നാണ‌് സൂചന.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top