15 November Thursday

അഭിമന്യു കൊലപാതകം: 2 പേർകൂടി പിടിയിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018


കൊച്ചി
അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ‐എസ്ഡിപിഐ പ്രവർത്തകരായ മട്ടാഞ്ചേരി കല്ലറയ്‌ക്കൽപറമ്പിൽ നവാസ് (39), ചുള്ളിക്കൽ സ്വദേശി ജെഫ്രി (30) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ‌് ചെയ്‌തു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. അക്രമിസംഘത്തെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്‌തവരാണ് നവാസും ജെഫ്രിയും.

അഭിമന്യുവിനെ ആക്രമിച്ച സംഘത്തിൽ നവാസ് ഉണ്ടായിരുന്നുവോയെന്ന് പരിശോധിക്കും. ഇവരുടെ ബാങ്ക‌് അക്കൗണ്ടുകൾ മരവിപ്പിക്കും. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറം മഞ്ചേരിയിലെ സത്യസരണി, ഗ്രീൻവാലി  കേന്ദ്രങ്ങളിലും സംസ്ഥാദ വ്യാപകമായും പരിശോധന നടത്തി.
മഹാരാജാസ‌് കോളേജിലെ മൂന്നാം വർഷ അറബി ബിരുദവിദ്യാർഥിയും അക്രമിസംഘത്തെ വിളിച്ചുവരുത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദിനെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചു. ചേർത്തല അരൂക്കുറ്റി സ്വദേശിയായ മുഹമ്മദ് കുടുംബസമേതം ഒളിവിലാണ്. സംഭവത്തിനു തലേ ദിവസം വട്ടവടയിലായിരുന്ന അഭിമന്യുവിനെ ആരൊക്കെയാണ് വിളിച്ചതെന്നതിനെക്കുറിച്ച്  പൊലീസ് അന്വേഷണം തുടങ്ങി.

കേസിൽ ആകെ 15 പ്രതികളാണുള്ളത്. കഴിഞ്ഞദിവസം കസ‌്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യംചെയ‌്തു.  പ്രതികളുടെ മൊബൈൽ ഫോണുകൾ കൊലപാതകം നടന്ന ദിവസംമുതൽ സ്വിച്ച് ഓഫാണ്. കരുതൽതടങ്കലിലായ എസ്ഡിപിഐ പ്രവർത്തകരെ മോചിപ്പിക്കാനാവശ്യപ്പെട്ട് ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ 132 പേരെ കോടതി റിമാൻഡ് ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top