21 October Sunday

അഭിമന്യൂ വധം: രണ്ടാംപ്രതി കീഴടങ്ങി; കേസില്‍ പിടിയിലായവരുടെ എണ്ണം 20 ആയി

സ്വന്തം ലേഖകന്‍Updated: Thursday Sep 20, 2018

കൊച്ചി > മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ പോലീസിന് കീഴടങ്ങി. രണ്ടാം പ്രതി ആലുവ ചുണങ്ങംവേലി സ്വദേശി ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം(25) ആണ് വ്യാഴാഴ്‌ച പോലീസിനുമുന്നില്‍  കീഴടങ്ങിയത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റാണ് ആരിഫ് ബിന്‍. ആരിഫ് ഉള്‍പ്പെടെ കേസില്‍ നേരിട്ട് പങ്കുള്ള എട്ട് പ്രതികള്‍ക്കായി കഴിഞ്ഞദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി  മുഹമ്മദ് റിഫ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ  20 ആയി. കേസില്‍ ആകെ 28 പ്രതികളാണുള്ളത്.

അഭിമന്യുവിനെ ആക്രമിച്ചതിലും ആരിഫിന്  നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മഹാരാജാസ് കോളേജില്‍ പോസ്റ്ററെഴുതാന്‍ ആളുകളെ സംഘടിപ്പിച്ചതും തുടര്‍ന്ന് ആക്രമണത്തിന് ആളുകളെ എത്തിച്ചതും ആരിഫാണെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ആരിഫ് ബിന്‍ സലിമിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലിം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ പിതാവ് മുഹമ്മദ് സലീം, ഹാദിയ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിലെ അക്രമത്തിന് പിടിയിലായിരുന്നു.

കേസില്‍ നേരിട്ട് പങ്കുള്ള 16 പ്രതികളാണുള്ളത്. ഇതില്‍ ഇനി ഏഴ് പ്രതികള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. ഒമ്പതാംപ്രതി വി എന്‍ ഷിഫാസ്(23), 10?ാം പ്രതി സഹല്‍(21), 11?ാം പ്രതി ജിസാല്‍ റസാഖ്(21), 12?ാം പ്രതി മുഹമ്മദ് ഷഹീം(31), 14?ാം പ്രതി പി എം ഫായിസ്(20), 15?ാം പ്രതി തന്‍സീല്‍(25), 16?ാം പ്രതി സനിദ് (26) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.  പിടിയിലായ പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്നാണ് ആരിഫ് അടക്കം എട്ട് പേരെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. 

പിടിയിലായവരുടെ പങ്കാളിത്തം തെളിയിക്കുന്ന കുറ്റപത്രം വൈകാതെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും. അഭിമന്യുവിനെയും മറ്റ് എസ്എഫ്എ  പ്രവര്‍ത്തകരെയും കുത്തിയ  ആയുധം, കുത്തിയ ആളുകള്‍ എന്നിവയെക്കുറിച്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 125 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു പ്രധാന പ്രതിയായ ആരിഫ് ബിന്‍ അറസ്റ്റിലാകുന്നത്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒമ്പതുപേരെയാണ് ഇതോടെ അറസ്റ്റ് ചെയ്തത്. ബാക്കി ഏഴ് പേര്‍ക്കെതിരെ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍കൂടി അറസ്റ്റിലാകുന്നതോടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കും.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 ഓടെയാണ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരാള്‍ പിന്നില്‍ നിന്നുപിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.


പ്രധാന വാർത്തകൾ
Top