18 November Sunday

തീവ്രവാദശക്തികളെ ക്യാമ്പസിൽ ചെറുക്കും: എകെജിസിടി; ക്യാമ്പസുകളിൽ ഇന്ന‌് എസ്എഫ്‌ഐയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

തിരുവനന്തപുരം > വിദ്യാർഥി രാഷ്‌ട്രീയത്തിന്റെ മറവിൽ ക്യാമ്പസുകളിലേക്ക് തീവ്രവാദം ഒളിച്ചുകടത്താനുള്ള ശ്രമങ്ങളെ അക്കാദമിക സമൂഹം ചെറുക്കുമെന്ന് എകെജിസിടി സംസ്ഥാന സമിതി. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. പതിറ്റാണ്ടുകളായി ഗൗരവപൂർണവും സൃഷ്‌ടിപരവുമായ വിദ്യാർഥിരാഷ്‌ട്രീയം നിലനിൽക്കുന്ന കലാലയമാണ് മഹാരാജാസ്. രാഷ്ട്രീയ സംഘർഷങ്ങളും സംഘട്ടനങ്ങളും ആദ്യമായല്ല.

എന്നാൽ, അവയെല്ലാംതന്നെ പകൽ വെളിച്ചത്തിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്നവരും രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ളവരും തമ്മിലായിരുന്നു. പ്രശ്നങ്ങൾ ഒരു മേശയ‌്ക്ക‌്  ഇരുവശവുമിരുന്ന് പരിഹരിക്കാനായിട്ടുണ്ട്. എന്നാൽ, ചില ക്യാമ്പസുകളിൽ പകൽ മതവിശ്വാസത്തിന്റെ മുഖംമൂടിയണിഞ്ഞ്, പല പേരിൽ പ്രവർത്തിക്കുകയും രാത്രി ഒരേ കൂടാരത്തിൽ ഒത്തുചേരുകയും ചെയ്യുന്ന ചില വിഷവിത്തുകളുണ്ട്. ഭൗതിക വിദ്യാഭ്യാസത്തിലോ ജനാധിപത്യത്തിലോ മതേതര മൂല്യങ്ങളിലോ തരിമ്പും വിശ്വാസമില്ലാതെ മൃഗതുല്യ മനസ്സുള്ളവർ.

ഭാവിയിൽ കേരള സമൂഹത്തിന്റെ ഉറക്കം കെടുത്തുന്ന സ്ഥിതിയിലേക്ക് അവ വളരാനുള്ള സാധ്യത തള്ളിക്കളയരുത്. ക്യാമ്പസുകളിൽ അർഥപൂർണമായ വിദ്യാർഥി രാഷ്ട്രീയം അനുവദിച്ചും പ്രോത്സാഹിപ്പിച്ചും മാത്രമേ ഇതിനെ തടയാനാകൂ. സർഗാത്മക വിദ്യാർഥി രാഷ്ടീയത്തിന്റെ കേന്ദ്രങ്ങളായിരുന്ന കോളേജുകളെല്ലാം തന്നെ ഇന്ന് സ്വയംഭരണം ലഭിച്ച്  വിദ്യാർഥി രാഷ്ടീയത്തിന്റെ ശവപ്പറമ്പായി മാറി. ഇത്തരം ചതുപ്പിലാണ് ഈ വിഷവിത്തുകൾ തഴയ‌്ക്കുന്നത് എന്ന വസ്തുതയ‌്ക്ക് നേരെ അധികാരികൾ കണ്ണടയ‌്ക്കരുത് ‐ എകെജിസിടി സംസ്ഥാന പ്രസിഡന്റ‌് ഡോ. എൻ മനോജും ജനറൽ സെക്രട്ടറി ഡോ.കെ കെ ദാമോദരനും പറഞ്ഞു.

ക്യാമ്പസുകളിൽ ഇന്ന‌് പ്രതിഷേധം

തിരുവനന്തപുരം > അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്  ബുധനാഴ‌്ച സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധദിനം ആചരിക്കുമെന്ന‌് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിനെ കഴിഞ്ഞദിവസമാണ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയത്.

ക്യാമ്പ്‌സ് ഫ്രണ്ട് ക്യാമ്പസിന്റെ ശത്രു, അഭിമന്യുവിനെ അരുംകൊല ചെയ്തതിൽ പ്രതിഷേധിക്കുക, വർഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളിൽ ബുധനാഴ‌്ച പ്രതിഷേധജ്വാല തെളിക്കും.അഭിമന്യുവിന്റെ ചിത്രംവച്ച് പുഷ്പാർച്ചന നടത്തുമെന്നും   എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ്, സെക്രട്ടറി സച്ചിൻ ദേവ് എന്നിവർ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top