17 August Friday

അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ

മിൽജിത‌് രവീന്ദ്രൻUpdated: Wednesday Jul 18, 2018

പിടിയിലായ ഒന്നാംപ്രതി മുഹമ്മദ്‌

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ‌്റ്റിൽ. മഹാരാജാസ‌് കോളേജിലെ മൂന്നാംവർഷ അറബിക‌് ബിരുദ വിദ്യാർഥിയും ക്യാമ്പസ‌്ഫ്രണ്ട‌് യൂണിറ്റ‌് പ്രസിഡന്റുമായ ജെ ഐ മുഹമ്മദ‌് (20) ആണ‌് പിടിയിലായത‌്. ചേർത്തല അരൂക്കുറ്റി, വടുതല പൊറ്റംതാഴത്ത‌് ജാവേദ‌് മൻസിലിൽ ഇബ്രാഹിം മൗലവിയുടെ മകനാണ‌്. ക്യാമ്പസ‌് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റും എസ‌്ഡിപിഐ വടുതല യൂണിറ്റ‌് സെക്രട്ടറിയുമാണ‌്.

കൊലപാതകത്തെത്തുടർന്ന‌് ഒളിവിൽപ്പോയ മുഹമ്മദിനെ കേരള‐ കർണാടക അതിർത്തിയിൽനിന്നാണ‌് പിടികൂടിയത‌്. ബുധനാഴ‌്ച രാവിലെ എറണാകുളം സെൻട്രൽ സ‌്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രി പതിനൊന്നോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു. ഗൂഢാലോചനയിൽ പങ്കാളിയായവരും പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചതുമായ അഞ്ചുപേർകൂടി പൊലീസ‌് കസ‌്റ്റഡിയിലുണ്ടെന്നാണ‌് സൂചന.

പ്രതികളെ രാജ്യംവിടാൻ  സഹായിച്ചുവെന്ന ആരോപണങ്ങൾക്കിടെ മുഖ്യപ്രതിയെ പിടിക്കാനായത‌് പൊലീസിന‌് നേട്ടമായി. കേസിൽ അറസ‌്റ്റിലായവരുടെ എണ്ണം 11 ആയി. ഇതിൽ കൊലയിൽ നേരിട്ട‌് പങ്കെടുത്ത അഞ്ചുപേരുണ്ട‌്. മൂന്നുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ പൊലീസ‌് പിടിച്ചു. കഴിഞ്ഞദിവസം ആലുവ ചുണംങ്ങംവേലി സ്വദേശി ആദിലും അറസ‌്റ്റിലായി. മുഹമ്മദ‌് അടക്കം രണ്ടുപേർ മാത്രമാണ‌്  മഹാരാജാസിലെ വിദ്യാർഥികൾ. കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിയായി ഈ വർഷം പ്രവേശനം നേടിയ പത്തനംതിട്ട കോട്ടാങ്ങൽ നാരകത്തനാംകുഴി ഫാറൂഖ‌് അമാനി (19) ആണ‌് മറ്റൊരു വിദ്യാർഥി.  ഇയാൾ റിമാൻഡിലാണ‌്.

പോപ്പുലർ ഫ്രണ്ടിന്റെ നിർദേശത്തെത്തുടർന്നാണ‌് കൊലപാതകമെന്നും അഭിമന്യുവിനെ കൊല്ലാൻ ലക്ഷ്യമിട്ടുതന്നെയാണ‌് എത്തിയതെന്നും  മുഹമ്മദ‌് പൊലീസിനു മൊഴി നൽകി. ചുവരെഴുത്തിനെത്തുടർന്ന‌് പ്രശ‌്നമുണ്ടാക്കിയശേഷം എറണാകുളം നോർത്ത‌് റെയിൽവേ സ‌്റ്റേഷനുസമീപമുള്ള കൊച്ചിൻ ഹൗസിൽ തങ്ങിയവരെ വിളിച്ചുവരുത്തിയതും അഭിമന്യുവിനെ കാട്ടിക്കൊടുത്തതും താനാണെന്ന‌് ഇയാൾ സമ്മതിച്ചു. കൊലയ‌്ക്കുശേഷം രക്ഷപ്പെടുന്നതടക്കമുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്നും മാരകായുധങ്ങളുമായാണ‌് സംഘം കോളേജിലെത്തിയതെന്നും വെളിപ്പെടുത്തി. എസ‌്എഫ‌്ഐക്കാർ എഴുതാനിരുന്ന മതിലിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ ചുവരെഴുതിയത‌് മനഃപൂർവം സംഘർഷമുണ്ടാക്കാനായിരുന്നു.

ജൂലൈ ഒന്നിന‌് രാതി 8.30 ഓടെ എസ‌്എഫ‌്ഐ പ്രവർത്തകരുമായി പ്രശ‌്നമുണ്ടാക്കുകയും ഇരുകൂട്ടരും പിരിഞ്ഞുപോവുകയും ചെയ‌്തു. രാത്രി 12.30 ഓടെയാണ‌് കൊച്ചിയിൽ തങ്ങിയിരുന്ന മറ്റുള്ളവരെ മുഹമ്മദ‌് വിളിച്ചുവരുത്തിയത‌്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദ‌് ഗോവയിലെത്തി അവിടെ തങ്ങി. ആന്ധ്രവഴി ഉത്തരേന്ത്യയിലേക്ക‌് കടക്കാനുള്ള ശ്രമത്തിനിടെയാണ‌് പിടിയിലായത‌്. അക്രമി സംഘത്തിൽ 15 പേർ പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ നേതൃനിരയിലുള്ളവരാണ‌്. അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ പ്രതിയായിരുന്ന മനാഫ‌് അടക്കമുള്ളവർ ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top