21 September Friday

അഭിമന്യുവിന്‌ എല്ലാവരേയും സ്‌നേഹമായിരുന്നു; എന്റെ കുടുംബത്തിലെ ഒരംഗംതന്നെയായിരുന്നു അവന്‍: സൈമണ്‍ ബ്രിട്ടോ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

കൊച്ചി > കൊലചെയ്യപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവുമായി വൈകാരികമായ ബന്ധമാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് മുന്‍ എസ്എഫ്‌ഐ നേതാവും എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോ.

വീട്ടിലെത്തി കഴിഞ്ഞാല്‍ തനിക്ക് ഫിസിയോ തെറാപ്പി ചെയ്തു തരുന്നതും കിടക്കയില്‍ നിന്നും പൊക്കിയിരുത്തുന്നതും എല്ലാം അവനായിരുന്നു. കൂടാതെ താന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന 1800 പേജോളം വരുന്ന യാത്രാവിവരണത്തിന്റെ കൂടുതലും എഴുതിയിരുന്നതും അഭിമന്യൂവായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.


 തന്റെ ഭാര്യസീനയോടും മകളോടും വലിയ സ്‌നേഹമായിരുന്നു. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യുവെന്നും ബ്രിട്ടോ  മഹാരാജാസില്‍ മാധ്യമങ്ങളോട് പറഞ്ഞു.തന്നോടൊപ്പം കിടന്നുറങ്ങും. വീല്‍ ചെയര്‍ തള്ളി സഹായിക്കും. വീട്ടില്‍ എത്തിയാല്‍ തന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് അവനാണ്; ബ്രിട്ടോ വിശദീകരിച്ചു.

നിഷ്‌കളങ്കനായ ഒരു വ്യക്തിയായിരുന്നു. ചില സമയങ്ങളില്‍ ക്യാമ്പസില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിച്ചുനില്‍ക്കേണ്ട അവസ്ഥയുണ്ട്.എല്ലാവരോടും  സ്‌നേഹമായിരുന്നു അവന്. ഒരാളെ കുറിച്ചു പോലും മോശമായി അഭിമന്യു പറഞ്ഞിരുന്നില്ല. വെളുത്ത കരയുള്ള മുണ്ട് വാങ്ങി നല്‍കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്റെ മുഖത്തുണ്ടായിരുന്നതെന്നും  ബന്ധങ്ങളുടെ വൈകാരികതയായിരുന്നു ഇതെല്ലാമെന്നും  ബ്രിട്ടോ  പറഞ്ഞു.   1983ല്‍  സെന്റ ആല്‍ബര്‍ട്ടസ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ കെഎസ്‌യു അക്രമികളുടെ കൊലപാതക ശ്രമത്തിന് സൈമണ്‍ ബ്രിട്ടോ ഇരയായിരുന്നു.

 

അഭിമന്യുവിനെ അവസാനമായി കാണാൻ സൈമൺ ബ്രിട്ടോ മഹാരാജാസിൽ കാത്തിരിക്കുന്നു

അഭിമന്യുവിനെ അവസാനമായി കാണാൻ സൈമൺ ബ്രിട്ടോ മഹാരാജാസിൽ കാത്തിരിക്കുന്നു


 
തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ്  അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍  കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

തല്‍ക്ഷണം മരിച്ചു. അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിമന്യൂ.

സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്‌. കങ്ങഴയിലെ എസ്ഡിപിഐ നേതാവ് ചിറക്കല്‍ സജിയുടെ മകനാണ് ബിലാല്‍. കങ്ങഴ പ്ലാക്കല്‍പടി സ്വദേശിയും എറണാകുളത്ത് നിയമ  വിദ്യാര്‍ഥിയുമാണ്
. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്‌ചെയ്യുന്നുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്  ഇന്ന് സംസ്ഥാന വ്യാപകമായി  എസ്എഫ്ഐ  പഠിപ്പുമുടക്കുകയാണ്‌






 

പ്രധാന വാർത്തകൾ
Top