19 November Monday

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 5 പേർകൂടി കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


സ്വന്തം ലേഖകൻ
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർകൂടി പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ള മഹാരാജാസ‌് കോളേജ‌് വിദ്യാർഥി ജെ ഐ  മുഹമ്മദ് അടക്കമുള്ളവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ചുവരെഴുത്തിന്റെ പേരിൽ സംഘർഷം ഉണ്ടാക്കിയശേഷം  കൊലയാളിസംഘത്തെ റിക്രൂട്ട്ചെയ്ത തമ്മനം സ്വദേശി ഷിജുവിന്റെ ഫോണിലേക്കാണ് ക്യാമ്പസ് പരിസരത്തുനിന്ന് മുഹമ്മദ് വിളിച്ചത്. തുടർന്ന് ഷിജുവിന്റെ നേതൃത്വത്തിൽ കൊലയാളിസംഘം ക്യാമ്പസിലേക്കെത്തുകയായിരുന്നു. ഷിജുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണെന്നാണ് സൂചന.

ഷിജുവിനെക്കുറിച്ചും ആക്രമണത്തിന് നിർദ്ദേശം നൽകിയവരെക്കുറിച്ചും  പ്രതികളെ ചോദ്യംചെയ‌്തതിൽനിന്ന് പൊലീസിന‌് കൂടുതൽ വിവരം ലഭിച്ചതായി അറിയുന്നു.  ചളിക്കവട്ടത്തിന് സമീപത്തെ ഷിജുവിന്റെ വീട്ടിൽ  റെയ്ഡ് നടത്തിയിരുന്നു. മുഹമ്മദിന്റെ ഫോൺരേഖകൾ പൊലീസ‌്പരിശോധിച്ചുവരികയാണ്.

ഒന്നാംപ്രതി ജെ ഐ മുഹമ്മദ്, അഞ്ചാംപ്രതി ആദിൽ ബിൻ, 25 ാം പ്രതി കെ കെ  ഷാനവാസ് എന്നിവരെ ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്.  28 വരെയാണ‌് ഇവരുടെ കസ‌്റ്റഡി കാലാവധി. അഭിമന്യുവിന്റെ കൊലപാതകത്തിനുമുമ്പ‌് പ്രതികൾക്ക് പരിശീലനം ലഭിച്ചിരുന്നതായും സൂചനയുണ്ട‌്. കൃത്യം നടത്തേണ്ടവിധം,   രക്ഷപ്പെടേണ്ട രീതി,  ഒളിവിൽ കഴിയേണ്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഘർഷം ആസൂത്രണംചെയ്തതും പ്രവർത്തകരെ എത്തിച്ചതും സ്ഥലത്തുനിന്നു മാറ്റിയതും ഒളിവിൽ താമസിപ്പിച്ചതും നേതാക്കളുടെ അറിവോടെയാണ്. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാൾ ആയുധപരിശീലകനാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top