20 September Thursday

അഭിമന്യുവിന്റെ സ്വപ്‌ന ലൈബ്രറിയിലേക്ക് പുസ്‌തകങ്ങളുടെ പ്രവാഹം; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പുസ്‌ത‌കങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

മറയൂര്‍ > അഭിമന്യുവിന്റെ സ്‌മരണക്കായി വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുന്ന വായനശാലയിലേക്ക് പുസ്തകങ്ങളുടെ പ്രവാഹം. അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍, കൈയ്യില്‍ നിരവധിയായ പുസ്തകങ്ങളുമായാണ് എത്തുന്നത്. ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും തപാല്‍ മാര്‍ഗ്ഗവും മറ്റും ബുക്കുകള്‍ എത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി തുക ഒടുക്കിയ ശേഷം വട്ടവട ഗ്രാമപഞ്ചായത്തിന്റെ വിലാസം നല്‍കി പുസ്‌തകങ്ങള്‍ എത്തിക്കുന്നവരും ഏറെയാണ്.

രണ്ടാം ശനിയാഴ്ച അവധി ദിവസമായിരിന്നിട്ട് കൂടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. രണ്ടായിരത്തോളം പുസ്തകങ്ങളാണ് ഇന്ന് മാത്രം എത്തിചേര്‍ന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സംഘടനകളും പുസ്തക ശേഖരണ ക്യാംപയിന്‍ നടത്തുന്നുണ്ട്. ഇതിന് പുറമേ വട്ടവടയിലെ യുവതീ യുവാക്കള്‍ക്ക് ശനി ഞായര്‍ ദിവസങ്ങളിലെത്തി പിഎസ്‌സി കോച്ചിംഗ് നല്‍കാന്‍ നിരവധിപേര്‍ നേരിട്ടും ഫോണിലൂടെയും സന്നദ്ധത അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

തന്റെ ഗ്രാമമായ വട്ടവടയില്‍ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത് വികസന സെമിനാറിലും പങ്കെടുത്ത് അഭിമന്യു തന്നെ ഈ ആശയം മുന്നോട്ട് വച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ വായനശാല യാഥാര്‍ത്ഥ്യമാക്കാനും വായനശാലയ്‌ക്ക് 'അഭിമന്യു മഹാരാജാസ് ലൈബ്രറി' എന്ന് നാമകരണം ചെയ്യാനുമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

പുസ്‌തകങ്ങള്‍ വട്ടവട ഗ്രാമപ്പഞ്ചായത്തിലേക്ക് അയക്കേണ്ട വിലാസം

പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിന്‍ : 685619
ഫോണ്‍ : 04865 214054
മൊബൈല്‍ : 8547951059



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top