10 December Monday

അഭിമന്യു വധം: അഭിമന്യുവിനെ കുത്തിയത‌് മുഹമ്മദ‌് ഷഹിം; കുറ്റപത്രം നാളെ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ‌്ച കുറ്റപത്രം സമർപ്പിക്കും. കേസിൽ നേരിട്ട‌് പങ്കാളികളായ കാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലർ ഫ്രണ്ട‌് ക്രിമിനലുകളുമായ 16 പേർക്കെതിരെയാണ‌് ആദ്യഘട്ടത്തിൽ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രം എറണാകുളം ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയിൽ നൽകുന്നത‌്. അഭിമന്യുവിനെ കുത്തിയത‌് പള്ളുരുത്തി നമ്പി പുത്തലത്ത് ഖാലിദിന്റെ മകൻ മുഹമ്മദ‌് ഷഹിം (31) ആണെന്ന‌് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട‌്. കേസില്‍ 12ാം പ്രതിയായ ഇയാൾക്കായി അന്വേഷണം സംഘം ലുക്ക‌്ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്.

കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുമ്പോഴാണ‌് കുറ്റപത്രം നൽകുന്നത‌്. ഒന്നാം പ്രതിയും കാമ്പസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, രണ്ടാംപ്രതിയും കാമ്പസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ ആരിഫ് ബിൻ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീൻ, അനസ്, കാമ്പസ‌് ഫ്രണ്ട‌് കൊച്ചി മേഖല ട്രഷറർ റെജീബ്, അബ്ദുൾ റഷീദ്, സനീഷ്, ആരിഫ് ബിൻ സലിമിന്റെ സഹോദരനും  കാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി അംഗവുമായ ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം സനീഷ‌്, കോളേജിൽ ഒന്നാം വർഷം പ്രവേശനം നേടിയ പത്തനംതിട്ട സ്വദേശി ഫറൂഖ‌് അമാനി, പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകരായ അബ‌്ദുൾ നാസർ, അനൂപ‌് എന്നിവർക്കെതിരെയാണ‌് കുറ്റപത്രം നൽകുന്നത‌്. അന്വേഷണ ഉദ്യോഗസ്ഥൻ കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണർ എസ് ടി സുരേഷ് കുമാർ,  അസി. കമ്മീഷണർ കെ ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കുറ്റപത്രം തയ്യാറാക്കിയത്.

30 പ്രതികളുള്ള കേസിൽ നേരിട്ട‌് പങ്കാളികളായ 16 പേർക്കെതിരെയാണ‌് കുറ്റപത്രം. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ‌്ക്ക‌് അതുംകൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകും.  പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ ക്രിമിനലുകളായ 16 പേർ കൊലപാതകത്തിൽ നേരിട്ട‌് പങ്കാളിയായിട്ടുണ്ട‌്. ബാക്കിയുള്ളവർ അക്രമികൾക്ക‌് സഹായം നൽകിയവരാണ‌്. ഇതുവരെ 20 പേരാണ‌് കേസിൽ പിടിയിലായത‌്.

ജൂലൈ രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിൽ കാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്കും കുത്തേറ്റു. ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതിന‌് കോളേജിൽ എസ‌്എഫ‌്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെയാണ‌് 16 അംഗ ക്രിമിനൽ സംഘം മാരാകായുധങ്ങളുമായി ആക്രമിച്ചത‌്. എസ‌്എഫ‌്ഐ പെയ‌ിന്റടിച്ച‌് ബുക്ക‌് ചെയ‌്ത മതിൽ കാമ്പസ‌് ഫ്രണ്ടുകാർ കൈയ്യേറിയത‌് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മൂർച്ചയേറിയ കത്തി, ഇടിക്കട്ട, ഉരുട്ടിയ മരത്തടി എന്നിവ ഉപയോഗിച്ച‌് പ്രവർത്തകരെ ആക്രമിച്ചു. അഭിമന്യുവിനെ പിന്നിൽനിന്നും പിടിച്ച‌് നിർത്തിയ സംഘം നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ അഭിമന്യു മതിലിനോട‌് ചേർന്ന‌് വീണു. ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന അർജുൻ, വിനീ‌ത‌് എന്നിവർക്കും കുത്തേറ്റു. വയറിനും കരളിനും പരിക്കേറ്റ അർജുൻ ശസ‌്ത്രക്രിയയ‌്ക്കും നീണ്ടനാളത്തെ വിശ്രമത്തിനും ശേഷം കാമ്പസിലെത്തി.

മാരാകായുധങ്ങളുമായെത്തിയ അക്രമികൾ കൊലപാതം നടത്താൻ വിദഗ‌്ധ പരിശീലനം ലഭിച്ചവരായിരുന്നു. എറണാകുളം നോർത്തിൽ വീട‌് വാടകയ‌്ക്ക‌് എടുത്താണ‌്ആസൂത്രണം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


പ്രധാന വാർത്തകൾ
Top