20 November Tuesday

വർഗീയധ്രുവീകരണത്തിന‌് ശ്രമം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് കേരളത്തിൽ വർഗീയധ്രുവീകരണത്തിന‌് ക്ഷുദ്രശക്തികൾ ശ്രമിക്കുകയാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞൂ. സംഘപരിവാറും മുസ്ലിം തീവ്രവാദ സംഘടനകളുമാണ‌് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത‌്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ വർഗീയപ്രശ‌്നങ്ങൾ ഇവിടെയില്ല.  ഇവിടെയുള്ള സമാധാനാന്തരീക്ഷം തകർക്കാനാണ‌് ശ്രമം. തിരുവനന്തപുരം പ്രസ‌്ക്ലബ്ബിന്റെ ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മുന്നേറ്റത്തിന‌് തടസ്സംനിൽക്കുന്ന നിലപാടാണ‌് കേന്ദ്രസർക്കാരിന്റേത‌്. എല്ലാമേഖലകളിലും മുന്നിലുള്ള സംസ്ഥാനത്തെ തകർക്കാനാ‌ണ‌് മോഡിസർക്കാർ ശ്രമിക്കുന്നത‌്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘത്തോട‌് നിഷേധാത്മകസമീപനമാണ‌് മോഡി സ്വീകരിച്ചത‌്. റേഷൻ, റെയിൽവേ വികസനം, കോച്ച‌് ഫാക്ടറി, എയിംസ‌്, കോസ‌്റ്റൽ അക്കാദമി തുടങ്ങിയ കാര്യങ്ങളിലൊക്കെ അവഗണിക്കുന്നു. ഈ ചിറ്റമ്മനയത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. എന്നാൽ, കേരളത്തിലെ പ്രതിപക്ഷം കേന്ദ്രത്തെ സഹായിക്കുന്ന നിലപാടാണ‌് എടുക്കുന്നത‌്.  ബിജെപിയെ അധികാരത്തിൽനിന്ന‌് മാറ്റിനിർത്താനുള്ള ചുമതല ഇടതുപക്ഷം ഏറ്റെടുക്കും.   കേന്ദ്രഭരണത്തിന്റെ തണലിൽ പണമൊഴുക്കിയാകും ബിജെപി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക. കേരളത്തിൽ അവരുടെ തന്ത്രങ്ങൾ വിജയിക്കില്ല. എൽഡിഎഫ‌് വിപുലീകരണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ‌്. ഘടകകക്ഷികൾ സ്വന്തം പാർടിയിൽ ഇതുസംബന്ധിച്ച‌് ചർച്ച നടത്തും. അടുത്ത എൽഡിഎഫ‌് യോഗത്തിൽ ഓരോ പാർടിയും അഭിപ്രായം അറിയിക്കും. ഇത‌ിനുശേഷമാകും പുതിയ കക്ഷികളെ മുന്നണിയിലെടുക്കുന്നത‌് തീരുമാനിക്കുക. യുഡിഎഫിനൊപ്പം പോയ ആർഎസ‌്പിക്ക‌് നഷ്ടങ്ങൾമാത്രമാണ‌്. ഇടതുപക്ഷ പാർടിയായ അവർ എൽഡിഎഫിലേക്ക‌് വരണം. കെ ടി ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർടി രൂപീകരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ‌്. ബാർ കോഴക്കേസിൽ എൽഡിഎഫ‌് കൺവീനർ കക്ഷിചേരുമെന്നും വിജയരാഘവൻ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top