16 October Tuesday

ബംഗാൾ, ത്രിപുര ഭരണകൂട ഭീകരത ; സായാഹ്നധർണ വിജയിപ്പിക്കുക: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018


ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പിനും  മനുഷ്യ ക്കുരുതിക്കുമെതിരെ ജൂലൈ 24 ന്‌  ദേശീയ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ജില്ലാകേന്ദ്രങ്ങളിൽ നടത്തുന്ന സായാഹ്നധർണ വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.

ബംഗാളിലെ തൃണമൂൽ ഭരണകൂടവും  ത്രിപുരയിലെ ബിജെപി സഖ്യ സർക്കാരും  അക്രമവും ഭീകരതയും പരത്തുകയാണ്‌. എതിർക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്നു. ജനാധിപത്യസംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു. ദളിതർക്കും മനുഷ്യാവകാശപ്രവർത്തകർക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമം ഈ രണ്ട്‌ സംസ്ഥാനങ്ങളിലും വർധിച്ച തോതിലാണ്‌. മനുഷ്യാവകാശവും  പൗര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളിൽ ഏകാധിപത്യ ഭരണത്തിന്‌ സമാനമായ അന്തരീക്ഷമാണുള്ളത‌്.

ബംഗാളിൽ  സിപിഐ എം പ്രവർത്തകരെ തൃണമൂലുകാർ കൂട്ടക്കൊല ചെയ്യുന്നു.  2016ന്‌ ശേഷം 31 സിപിഐ എം പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്‌. തൃണമൂൽ ഭീകരത ഭയന്ന്‌ ആയിരക്കണക്കിനുപേർ വീട്‌ ഉപേക്ഷിച്ച്‌ പലായനം ചെയ്‌തു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി അഴിച്ചുവിട്ടത്‌ സമാനതകളില്ലാത്ത അക്രമമാണ്‌.

ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയതിനുപിന്നാലെ താലിബാനെ ഓർമപ്പെടുത്തുന്ന തരത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടു. നാല്‌ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തി. നൂറ്‌ സ്‌ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഇടതുമുന്നണി പ്രവർത്തകർക്ക്‌ പരിക്കേറ്റു. സ്‌മാരകങ്ങൾ അടിച്ചുതകർത്തു. വീടുകൾ നശിപ്പിച്ചു. പാർടി ഓഫീസുകൾ തകർത്തു. ഭരണകൂടത്തെ ഭയന്ന്‌ ഈ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക്‌ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്‌. ഈ സാഹചര്യത്തിൽ  സായാഹ്നധർണ വിജയിപ്പിക്കണമെന്ന്‌ വിജയരാഘവൻ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top