26 September Wednesday

വെള്ളപ്പൊക്കം: ആരെയും പ്രതിക്കൂട്ടിൽ നിർത്താനില്ല‐ ആന്റണി

പ്രത്യേക ലേഖകൻUpdated: Thursday Aug 23, 2018

വെള്ളപ്പൊക്കത്തിന്റെ കാര്യത്തിൽ ആരെയും പ്രതിക്കൂട്ടിൽ നിർത്താനില്ലെന്ന‌് കോൺഗ്രസ‌് വർക്കിങ‌് കമ്മിറ്റി  മുതിർന്ന അംഗം എ കെ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിന‌് സംസ്ഥാന സർക്കാരാണ‌് ഉത്തരവാദിയെന്ന പ്രതിപേക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ അഭിപ്രായത്തോടുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സർക്കാർ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചെന്നാണോ അഭിപ്രായമെന്ന‌് ചോദിച്ചപ്പോൾ കേരളം മൊത്തം നന്നായി പ്രവർത്തിച്ചെന്നായിരുന്നു മറുപടി. പ്രതിപക്ഷനേതാവിന്റേതിൽനിന്ന‌് വ്യത്യസ‌്തമായ അഭിപ്രായം മുതിർന്ന കോൺഗ്രസ‌് നേതാവായ ആന്റണി പ്രകടിപ്പിക്കുന്നത‌് ശരിയാണോയെന്ന ചോദ്യത്തിന‌് തന്നെ സംബന്ധിച്ചിടത്തോളം തർക്കത്തിനുള്ള മാനസികാവസ്ഥയില്ലെന്നും കേരളത്തിന്റെ നൻമയെ ഓർത്തുള്ള കാര്യങ്ങൾ മാത്രമാണ‌് പറയാൻ ഉദ്ദേശിക്കുന്നതെന്നും മറുപടി നൽകി. സംസഥാന സർക്കാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട‌്. എങ്കിലും ഏകോപനം കുറെക്കൂടി മെച്ചപ്പെടണം.

കേന്ദ്രസർക്കാരും  കുറേക്കാര്യങ്ങൾ  വേഗം ചെയ‌്തിട്ടുണ്ട‌്.  കേരളത്തിന്റെ മൊത്തം പ്രവർത്തനത്തിൽ സംത‌ൃപ‌്തനാണ‌്. ഇനിയും ചോദ്യങ്ങൾ ചോദിച്ച‌് കുഴപ്പത്തിൽ ചാടിക്കരുത‌്. താൻ പറയുന്നുണ്ടെങ്കിൽ സത്യമേ പറയൂ, അല്ലെങ്കിൽ മിണ്ടാതിരിക്കും‐ആന്റണി പറഞ്ഞു.

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കക്ഷിരാഷ‌്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. ജാതി‐ മത, വർണ‐ വർഗ വ്യത്യാസവും ഉണ്ടായില്ല.  കേരളം ഒറ്റ മനുഷ്യനെപ്പോലെയാണ‌് പ്രളയത്തെ നേരിട്ടത‌്.  ഇതാണ‌് ഏറ്റവും സന്തോഷകരമായ കാര്യം. 

ഈ കൂട്ടായ‌്മ പുനർനിർമാണത്തിലും വേണം.  അപ്പോൾ ആന്റണി കാട്ടിയ പക്വത ചെന്നിത്തല കാട്ടിയില്ലെന്നാണോ അർഥമെന്ന ചോദ്യത്തിന‌്  താൻ ഇപ്പോൾ  അദ്ദേഹത്തെ തള്ളിപ്പറയാനും ആഗ്രഹിക്കുന്നില്ലെന്നും അങ്ങോട്ടു കടക്കുന്നില്ലെന്നും മറുപടി നൽകി.

വിദേശസഹായം: യുപിഎയുടെ തീരുമാനം പൊളിച്ചെഴുതണം
ദുരിതാശ്വാസസഹായമായി വിദേശസഹായം നൽകുന്നത‌് സ്വീകരിക്കില്ലെന്ന‌് മുൻ യുപിഎ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു തിരുത്തുകയും പൊളിച്ചെഴുതുകയും ചെയ്യണമെന്ന‌് മുൻ പ്രതിരോധമന്ത്രി കൂടിയായ എ കെ ആന്റണി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്യപൂർവമായ ഈ സന്ദർഭത്തിൽ സഹായം വാങ്ങാൻ കേന്ദ്രം അനുവദിക്കണം. അതിന‌് കേന്ദ്രം അനുവദിച്ചില്ലെങ്കിൽ കേരളവുമായി  യുഎഇക്കുള്ള  വികാരപരമായ ബന്ധത്തിന‌് ഉലച്ചിൽ തട്ടും.

ദുരിതാശ്വാസപ്രവർത്തനത്തിൽ പട്ടാളവും ദുരന്തനിവാരണസേനയുമൊക്കെ നന്നായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും താൻ ‘ഒന്നാമത്തെ ക്രെഡിറ്റ‌്’ നൽകുന്നത‌് മത്സ്യത്തൊഴിലാളികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top