Top
22
Monday, January 2018
About UsE-Paper

വളര്‍ത്തണം ക്രിയാത്മക മനോഭാവം

Monday Jul 24, 2017
പി കെ എ റഷീദ്

ഒരു തൊഴിലന്വേഷകനെ സംബന്ധിച്ചിടത്തോളം അവസരങ്ങള്‍ക്ക് പിന്നാലെ അവിശ്രമം ഓടിക്കൊണ്ടിരുന്നേ മതിയാകൂ. ചിലപ്പോള്‍ പരീക്ഷയുടെ രൂപത്തില്‍, മറ്റുചിലപ്പോള്‍ അഭിമുഖമായിട്ട്. പരീക്ഷയെക്കാളുപരി അഭിമുഖമാണ് ഉദ്യോഗാര്‍ഥികളെ ആശങ്കാകുലരാക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ഒരു പ്രമുഖ കമ്പനിയുടെ കത്ത് നിങ്ങള്‍ക്ക്് ലഭിക്കുന്നുവെന്ന് കരുതുക. ഇന്ന ദിവസം നിങ്ങള്‍ അഭിമുഖത്തിന് ഹാജരാവണം. ജോലി ലഭിക്കാന്‍ പോകുന്നു എന്ന സന്തോഷകരമായ അവസ്ഥയായിരിക്കുമോ നിങ്ങളുടെ മനസ്സില്‍.  അതോ ഒരു സംഘം ആളുകള്‍ തന്നെ അഭിമുഖമെന്ന പേരില്‍ കൊത്തിവലിക്കുമോ എന്ന വേവലാതിയോ?. അഭിമുഖത്തിനു വിളിച്ചാല്‍ ജോലി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞുവെന്ന സന്തോഷത്തോടെ സമാധാനമായിരിക്കുന്നവര്‍ കുറവായിരിക്കും. അത്തരത്തില്‍ സമാധാനത്തേടെ ഇരിക്കുന്നവര്‍ വിജയപാത പകുതി പിന്നിട്ടുകഴിഞ്ഞു. മറിച്ച് ഇന്റര്‍വ്യൂ ഭീകരനെക്കുറിച്ചുള്ള ഉല്‍കണ്ഠയില്‍ ഉരുകുന്നവരാണ് നിങ്ങളെങ്കില്‍ അടിസ്ഥാനപരമായ മാറ്റം  ആവശ്യമുണ്ട്്.
ഏറെ ക്രിയാത്മകമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കുക എന്നതാണ് അഭിമുഖത്തില്‍ വിജയശ്രീലാളിതനാകാനുള്ള എളുപ്പവഴി. എങ്ങനെ ഈയൊരു അവസരം നിങ്ങളുടെ മുന്നിലെത്തി എന്ന് ആദ്യം ചിന്തിക്കണം. നിങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ച് അടിസ്ഥാന യോഗ്യത നേടി. പിന്നെ തൊഴില്‍സാധ്യതകള്‍ ചികഞ്ഞുകണ്ടെത്തി. അപേക്ഷയും ബയോഡാറ്റയുമെല്ലാം അയച്ചുകൊടുത്തു. എഴുത്തുപരീക്ഷയില്‍ നിശ്ചിത മാര്‍ക്കുവാങ്ങി. ജോലിക്ക് നിങ്ങള്‍ യോഗ്യനാണ് എന്ന ധാരണയിലാണ് തൊഴില്‍ദായകര്‍ നിങ്ങളെ അഭിമുഖത്തിന് ക്ഷണിച്ചത്. ഇത്തരത്തില്‍ കുറേ പേരെ വിളിച്ചിരിക്കുമല്ലോ എന്നതായിരിക്കും മറ്റൊരുചിന്ത. തീര്‍ച്ചയായും നിങ്ങളെ മാത്രമായിരിക്കില്ല അഭിമുഖത്തിന് വിളിച്ചിരിക്കുക. കുറേ യോഗ്യരില്‍നിന്ന് ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാനാണ് ഏതൊരു സംരംഭകനും ആഗ്രഹിക്കുക. അപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനത്തിലൂടെ തൊഴില്‍ ദാതാവില്‍ പരമാവധി നല്ല അഭിപ്രായം സൃഷ്ടിക്കുക. ഇതാണ് നിങ്ങളുടെ പ്രാഥമിക ചുമതല. ഇതിന് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.  വിജയത്തിന്റെ അവസാന പടവിന്റെ തൊട്ടുമുന്നിലാണ് നിങ്ങള്‍ എന്ന ബോധ്യം സ്വയമുണ്ടാക്കുക. ഇനിയുള്ളത് അവസാന കുതിപ്പുമാത്രം.
 ഉദ്യോഗാര്‍ഥികളിലെ ഉല്‍കണ്ഠയും പിരിമുറുക്കവും അസ്വാഭാവികമല്ല. പക്ഷേ അത് ആത്മവിശ്വാസത്തെ അപകടപ്പെടുത്തുന്ന നിലയിലേക്ക് വളരുമ്പോഴാണ് പ്രശ്നം. ഉദ്യോഗാര്‍ഥിയുടെ പരാജയഭീതി ഇന്റര്‍വ്യുബോര്‍ഡിന് എളുപ്പത്തില്‍ മനസ്സിലാകും. ആദ്യമായി ഒരു അഭിമുഖത്തിന് പോകുന്ന ആള്‍ക്ക് പരിഭ്രമം ഉണ്ടാകാതെ തരമില്ല. അത് പുറത്തുകാട്ടാതെ ശാന്തഭാവത്തില്‍ അഭിമുഖത്തിന് ഹാജരാവുന്നതിലാണ് വിജയം. മുന്‍പരിചയം ആവശ്യമുള്ള ജോലിക്കോ പ്രമോഷനുവേണ്ടിയോ ആണ് നിങ്ങള്‍ ഇന്റര്‍വ്യൂവിനെ അഭിമുഖീകരിക്കുന്നതെങ്കില്‍ അനുഭവജ്ഞാനവും ആത്മനിയന്ത്രണവും സ്ഫുരിക്കുന്ന വിധമായിരിക്കണം പെരുമാറേണ്ടത്.
ഇക്കാലത്ത് പഠനം പൂര്‍ത്തിയാക്കി പുതുതായി തൊഴില്‍ തേടുന്നവര്‍ മാത്രമല്ല തൊഴില്‍ അന്വേഷകര്‍. നിലവില്‍ ജോലിയുള്ളവരും മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി തൊഴില്‍ വിപണിയില്‍ മത്സരിക്കുന്നുണ്ട്്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പുതിയ രീതികളും മനോഭാവങ്ങളും മനസ്സിലാക്കി ' പെര്‍ഫോം' ചെയ്യുകയെന്നത് പ്രധാനമാണ്. തൊഴിലിനു വേണ്ടിയല്ലാതെയും ചിലപ്പോള്‍ അഭിമുഖത്തെ നേരിടേണ്ടി വന്നേക്കാം. നിത്യ ജീവിതത്തിലെ ഏത് സന്ദര്‍ഭത്തിലായാലും അഭിമുഖീകരിക്കുന്നവരില്‍ നമ്മേക്കുറിച്ച് മതിപ്പ് ഉളവാക്കുകയാണ് ഇന്റര്‍വ്യൂവിലെ പ്രധാന ദൌത്യം. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശയം വിനിമയം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

Related News

കൂടുതൽ വാർത്തകൾ »