11 December Tuesday

സിമാറ്റും മാനേജ്മെന്റ് രംഗത്തെ തൊഴിലവസരങ്ങളും

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

മാനേജ്മെന്റ് പഠനരംഗത്ത് ഇന്ത്യയില്‍ വേണ്ടത്ര ഗുണനിലവാരമില്ലെന്ന വിമര്‍ശനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം സൃഷ്ടിച്ച പ്രശ്നമാണ് ഇവിടെയും പ്രകടമാകുന്നത്. ഏതൊരു സ്ഥാപനത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന് തന്ത്രങ്ങള്‍ മെനയുന്നതും നടപ്പാക്കുന്നതും മാനേജ്മെന്റ് വിദഗ്ധരാണ്. ഇവിടെ വരുന്ന പിഴവ് സ്ഥാപനത്തിന്റെ വളര്‍ച്ചയെ മാത്രമല്ല സാമൂഹ്യവളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് മാനേജ്മെന്റ് പഠനരംഗത്ത് ഉന്നത ഗുണനിലവാരം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നിരവധി പ്രവേശന പരീക്ഷകള്‍ നിലവില്‍ വന്നത്. അതില്‍ സുപ്രധാന പരീക്ഷകളില്‍ ഒന്നാണ് കോമണ്‍ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CMAT). ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ആണ് ഈ ടെസ്റ്റ് നടത്തുന്നത്.
സിമാറ്റ്-2018
2017 ഡിസംബര്‍ 18 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. 2018 ജനുവരി 20 ആണ് പരീക്ഷാ തിയതി. കംപ്യൂട്ടറധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയാണ്. ംംം.മശരലേരാമ.ശി എന്ന വെബ്സൈറ്റില്‍ ട്രയല്‍ ടെസ്റ്റ് ലഭ്യമാകും. ടെസ്റ്റിന്റെ സമയദൈര്‍ഘ്യം 180 മിനിറ്റാണ്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവും. നാല് സെക്ഷനുകളിലായാണ് പരീക്ഷ നടത്തുന്നത്. (1) ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആന്‍ഡ് ഡാറ്റാ ഇന്റര്‍പ്രിറ്റേഷന്‍ (2) ലോജിക്കല്‍ റീസണിങ് (3) ലാഗ്വേജ് കോപ്രഹന്‍ഷന്‍ (4) ജനറല്‍ എവയര്‍നസ് മുതലായവയാണ് നാല് സെക്ഷനുകള്‍. ഒരോ സെക്ഷനില്‍നിന്നും 25 ചോദ്യം വീതമാണുണ്ടാവുക. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതം ഉണ്ടാകും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയും. ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ജനറല്‍, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ 1400 രൂപയും വനിതകള്‍, വികലാംഗര്‍, എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ 700 രൂപയും ഫീസിനത്തില്‍ അടയ്ക്കണം. 2018 ജനുവരി 5 തിയതിമുതല്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം.
യോഗ്യത
സിമാറ്റ് പരീക്ഷക്ക് അപേക്ഷ നല്‍കാനും താഴെ പറയുന്ന യോഗ്യതകളുണ്ടായിരിക്കണം.
1.ഇന്ത്യന്‍ പൌരനായിരിക്കണം.
2.ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
3.അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
സിമാറ്റ് സ്കോറും ഇന്‍സ്റ്റിറ്റ്യൂട്ടുകളും
ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ സിമാറ്റ് സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം നടത്തുന്നത്. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് ഡല്‍ഹിയിലെ ഏഷ്യാ പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പുണെയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുതലായ നിരവധി മികച്ച സ്ഥാപനങ്ങള്‍ സിമാറ്റ് സ്കോര്‍ ഉപയോഗിച്ചാണ് പ്രവേശനം നടത്തുന്നത്.
   മാനേജ്മെന്റ് മേഖലയില്‍ ഭാവിയില്‍ ധാരാളം തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ടാവാന്‍ പോകുകയാണ്. ഗുണനിലവാരം കുറഞ്ഞ സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന മാനേജ്മെന്റ് ബിരുദമോ ബിരുദാന്തര ബിരുദമോ ഇത്തരം ജോലികള്‍ ലഭിക്കുന്നതിന് പര്യാപ്തമാവില്ല. മികവുറ്റ പഠനരീതി അവലംബിക്കുകയും പഠനാനന്തരം മാനേജ്മെന്റ് ജോലികള്‍ക്ക് പ്രാപ്തരാവുകയും ചെയ്താല്‍ മാത്രമേ മികച്ച തൊഴില്‍ നേടാന്‍ കഴിയൂ. അതുകൊണ്ട്  ദേശീയതലത്തില്‍ നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് മാനേജ്മെന്റ് പഠിക്കുന്നതാണ് ഉത്തമമെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. അത്തരമൊരു സുപ്രധാന പരീക്ഷയാണ് സിമാറ്റ്.
(അടുത്തലക്കത്തില്‍ NIFT
പ്രവേശനപരീക്ഷ സംബന്ധിച്ച്)

കെടെറ്റും പുതിയ ഉത്തരവും
സര്‍വീസിലുള്ള അധ്യാപകര്‍ KTET യോഗ്യത നേടുന്നതിനുള്ള സമയപരിധി 31/03/2018 വരെയായി സര്‍ക്കാര്‍ നിശ്ചയിച്ചതായി കഴിഞ്ഞാഴ്ചത്തെ (ഒക്ടോബര്‍ 30) പക്തിയില്‍ എഴുതിയിരുന്നു. എന്നാല്‍ പ്രസ്തുത കാലയളവ് 31/03/2019 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു (സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 134/17 പൊ.വി.വ തിയതി 30/10/2017)  

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച
പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ
സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ്
ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 

പ്രധാന വാർത്തകൾ
Top