10 December Monday

നവസംരംഭകർക്ക് കേരളത്തിലും വെഞ്ച്വർ ഫണ്ട്

റെജി ടി തോമസ്‌Updated: Monday Mar 5, 2018

തൊഴിലെടുക്കുന്നവർ (Employees) തന്നെ സ്വന്തം തൊഴിലുടമകൾ അഥവാ തൊഴിൽദാതാക്കൾ (Employers) ആവുന്നതിലേക്കാണ് ലോകവ്യാപകമായി തൊഴിൽരംഗം മാറുന്നത്. നൂതനാശയം, വിവരമൂലധനം, ബന്ധപ്പെട്ട നിപുണതകൾ (Skills), അർപ്പണബുദ്ധി എന്നിവ ചേർത്തുപിടിച്ച് യുവസംരംഭകർക്ക് ഈ മാറുന്ന തൊഴിൽലോകത്ത് ചുവടുറപ്പിക്കാം. എന്നാൽ ചോദ്യമുണ്ട്: ഒരു സംരംഭം തുടങ്ങാൻ ഇത്രയും മതിയോ? വിവരമൂലധനത്തിനു പുറമെ ധനമൂലധനവും വേണ്ടേ? വേണം. അതു ലഭ്യമാക്കുന്ന എയ്ഞ്ചൽ ഫണ്ടിന്റെയും വെഞ്ച്വർ മൂലധനത്തിന്റെയും കാര്യമാണ് നേരത്തെ പറഞ്ഞത്. ഇവ നമ്മുടെ നാട്ടിലും ലഭ്യമാക്കി ഒരു സംരംഭകത്വ വിപ്ലവം നടക്കാൻ പോകുന്നു. അതു വൻതോതിൽ ആദ്യം നടക്കാനിരിക്കുന്ന ഒരു തൊഴിൽരംഗമാണു ടൂറിസം.
വളരെ പ്രയോഗക്ഷമമായ നൂതനാശയങ്ങളും ഉയർന്ന അർപ്പണബുദ്ധിയും ഉണ്ടായിരുന്ന പുതുതലമുറ സംരംഭകർ പോലും വിഷമിച്ചത് മൂലധനത്തിന്റെയും മാനേജ്മെന്റ് വൈദഗ്ധ്യത്തിന്റെയും പരിശീലനത്തിന്റെയും കുറവുകൊണ്ടാണ്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ കേരള വെഞ്ച്വർ ഫണ്ട് രൂപീകരിക്കുന്നു.
‘ഭാരതീയ ചെറുകിട വികസനബാങ്ക് (സിഡ്ബി), വിദേശത്തും സ്വദേശത്തുമുള്ള എയ്ഞ്ചൽ ഫണ്ടുകൾ, സ്വകാര്യഫണ്ടുകൾ, സംസ്ഥാന ധനഏജൻസികളുടെ ഫണ്ട്, ടൂറിസം പദ്ധതികളുടെ ലാഭത്തിന്റെ ഒരു ഭാഗം എന്നിവയിൽനിന്നായിരിക്കും വെഞ്ച്വർ ഫണ്ടിനുള്ള കോർപസ് ഫണ്ട് ഉണ്ടാക്കുക. കേരള അടിസ്ഥാനസൗകര്യ വികസനവിധിയുടെ (കിഫ്ബി) സാധ്യതകളും ടൂറിസം വികസനത്തിന് ഉപയോഗിക്കപ്പെടും. ഉത്തരവാദിത്ത ടൂറിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പാലിക്കുന്ന യൂണിറ്റുകൾക്ക് സബ്സിഡിയും പരിഗണിക്കുന്നുണ്ട്.
ടൂറിസം വിദ്യാഭ്യാസകേന്ദ്രങ്ങളിൽനിന്നും സാങ്കേതിക സർവകലാശാലയിൽനിന്നും പഠിച്ചിറങ്ങുന്നവർക്ക് സംരംഭം തുടങ്ങാൻ മൂലധനം തടസ്സമല്ലെന്ന നിലയാണു വരുന്നത്. ചെറുപ്പക്കാർതന്നെ തൊഴിലവസര സ്രഷ്ടാക്കളാകുന്ന കാലം.
എന്നാൽ ഒന്നോർക്കണം: വെഞ്ച്വർ ക്യാപ്പിറ്റലോ സബ്സിഡിയോ വാങ്ങുന്നതിനു മാത്രമായി ഒരു സംരംഭം രൂപപ്പെടുത്താൻ ആലോചിച്ചാൽ എങ്ങുമെത്തില്ല. എളുപ്പം വായ്പയും സബ്സിഡിയും സംഘടിപ്പിക്കുവാൻ, പഴകിത്തേഞ്ഞ ചില സംരംഭങ്ങളുടെ കാർബൺ പതിപ്പുമായി പലരും നടന്നിരുന്ന പഴയ കാലമെല്ലാം പോവുകയാണ്.
കഴിഞ്ഞ തവണ പറഞ്ഞ ഗൂഗിളിന്റെ കഥ ഓർക്കണം. ആശയം, നൂതനാശയം ‐ അതാണു പ്രധാനം. എങ്ങനെ പണമുണ്ടാക്കാം എന്ന് ആലോചിക്കുകയല്ല, പ്രസക്തിയുടെ അടിസ്ഥാനത്തിൽ സെർച്ച് ഫലങ്ങൾ മുൻഗണനാക്രമത്തിൽ അവതരിപ്പിക്കുന്ന ഒരു സെർച്ച് എൻജിൻ ഉണ്ടാക്കി എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതിന്റെ പിന്നാലെ ഓടുകയാണു സെർജിയും ലാറിയും ചെയ്തത്. മൂലധനം പിറകെ വന്നു.
കേരളത്തിലെ വിനോദസഞ്ചാരമേഖലയിൽ രണ്ടു തരത്തിൽ നൂതനാശയങ്ങൾ ഉണ്ടാവാം. ഒന്ന്‐ ഇതിനകം ചില കേന്ദ്രങ്ങളിൽ വിജയകരമായി നടത്തിത്തുടങ്ങിയ നൂതന സംരംഭ‘ങ്ങൾ ഇനിയും തുടങ്ങാവുന്ന പുതിയ സ്ഥലങ്ങൾ കണ്ടെത്തുക. ഹോം സ്റ്റേ, സർവീസ്ഡ് വില്ല, ഹൗസ് ബോട്ട്, ആയുർവേദ കേന്ദ്രങ്ങൾ, ഗ്രീൻ ഫാം, ട്രെക്കിങ് റൂട്ട്, പിൽഗ്രിം സർക്യൂട്ട്, ഗ്രാമയാത്ര തുടങ്ങിയവ ഉദാഹരണങ്ങൾ. രണ്ട്‐ ഒരിടത്തും പ്രയോഗിച്ചുതുടങ്ങിയിട്ടില്ലാത്ത നൂതന ആശയങ്ങൾ. പ്രാദേശികമായി മാത്രം നടത്തുന്നതും പുതുതായി തുടങ്ങാവുന്നതുമായ സംരംഭങ്ങളെ അഖില കേരളാടിസ്ഥാനത്തിൽ യോജിപ്പിക്കുന്ന നൂതനാശയങ്ങൾക്കു വലിയ ഇടമുണ്ട്. കേരളത്തെ ഒരൊറ്റ വിനോദസഞ്ചാര യൂണിറ്റായി കാണുമ്പോൾ, ഈ നാടിന്റെ സാംസ്കാരികപൈതൃകവും ലോകശ്രദ്ധയാകർഷിച്ച സാമൂഹ്യ‐രാഷ്ട്രീയ ചരിത്രവും കേരള വികസനമാതൃകയും നവകേരളസൃഷ്ടിയുമെല്ലാം പശ്ചാത്തലത്തിൽ നിർത്തി ടൂറിസം വിവരം നൽകുന്ന നവമാധ്യമ സംരംഭങ്ങൾക്ക് അവസരം ഏറെയാണ്.

പ്രധാന വാർത്തകൾ
Top