Top
18
Wednesday, October 2017
About UsE-Paper

വണ്ടര്‍ലാ ചെന്നൈയിലേക്കും

Sunday Mar 5, 2017
വെബ് ഡെസ്‌ക്‌

കൊച്ചി ആസ്ഥാനമായ അമ്യൂസ്മെന്റ് പാര്‍ക്ക് ഓപ്പറേറ്റര്‍ വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് ദേശീയതലത്തിലേക്കു വളരുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ നാലാമത്തെ പാര്‍ക്ക് ആരംഭിക്കാനൊരുങ്ങുന്നു. നിലവില്‍ കൊച്ചിയിലും ബംഗളൂരുവിലും ഹൈദരാബാദിലുമായി മൂന്ന് പാര്‍ക്കുകളുള്ള ഗ്രൂപ്പ് 2018 ഓടെ ചെന്നൈയില്‍ ഓള്‍ഡ് മഹാബലിപുരം റോഡില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്ക് ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ദേശീയതലത്തിലേക്കു വളരുന്നതിന്റെ ഭാഗമായി വടക്കേ ഇന്ത്യയിലും പാര്‍ക്ക് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വണ്ടര്‍ലായുടെ കീഴിലുള്ള എല്ലാ പാര്‍ക്കിലും ഊര്‍ജ-ജല സംരക്ഷണം, ഹരിതവല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നുണ്ട്. പാര്‍ക്കുകളിലേക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതിയെങ്കിലും സൌരോജത്തില്‍നിന്നു കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ഹൈദരാബാദിലെ പാര്‍ക്കിന്റെ പാര്‍ക്കിങ് ഏരിയയിലെ പാനലുകളില്‍നിന്ന് ഒരു മെഗാവാട്ട് സൌരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നു. ചെന്നൈയില്‍ ആരംഭിക്കുന്ന പാര്‍ക്കില്‍ മഴവെള്ളസംഭരണത്തിനായി പ്രത്യേക സൌകര്യം ഒരുക്കുന്നതിനുപുറമെ വാട്ടര്‍പാര്‍ക്കിലെ ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

ഏതുരീതിയിലായാലും പ്രകൃതിയെ കഴിയുന്നത്ര സംരക്ഷിക്കലാണ് ലക്ഷ്യമെന്ന് അരുണ്‍ പറഞ്ഞു. എവിടെ പാര്‍ക്ക് ആരംഭിച്ചാലും അവിടെയെല്ലാം ഊര്‍ജസംരക്ഷണത്തിനും ഹരിതവല്‍ക്കരണത്തിനും സൌന്ദര്യവല്‍ക്കരണത്തിനും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അരുണ്‍ അവകാശപ്പെട്ടു. പുതുതലമുറയെ  പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കാന്‍ ഈ രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്ന തെരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് അവാര്‍ഡും ഗ്രൂപ്പ് നല്‍കുന്നുണ്ട്.

പതിനാറുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിയിലെ വണ്ടര്‍ലാ പാര്‍ക്ക് കാലോചിതമായി പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അരുണ്‍ പറഞ്ഞു. നിലവിലെ റൈഡുകള്‍ പുതുക്കുന്നതോടൊപ്പം കൊച്ചി പാര്‍ക്കില്‍ 35 ലക്ഷം രൂപ മുതല്‍മുടക്കില്‍ വന്‍ റോളര്‍ കോസ്റ്ററിന്റെ നിര്‍മാണം ഓണത്തോടെ പൂര്‍ത്തിയാക്കും. പൂര്‍ണമായും കറന്‍സിരഹിത ഇടപാടുകള്‍ക്കായുള്ള സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. ജലറൈഡുകളുള്ളതിനാല്‍ കറന്‍സിരഹിത ഇടപാടുകളാണ് കൂടുതല്‍ സൌകര്യമാകുക. കൊച്ചി പാര്‍ക്കില്‍ 500 കിലോവാട്ടിന്റെ സൌരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!