Top
21
Tuesday, November 2017
About UsE-Paper

1500 കോടി രൂപയുടെ വിറ്റു വരവ് ലക്ഷ്യമിട്ട് ഇംപെക്സ്

Sunday Aug 27, 2017
വെബ് ഡെസ്‌ക്‌

ആഗോള വമ്പന്മാര്‍ കുത്തകയാക്കിവച്ചിട്ടുള്ള ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണിയിലേക്ക് കടന്നുചെന്ന് കുറഞ്ഞ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്യുകയാണ് ഇംപെക്സ്. വിപണിയിലെത്തി രണ്ടുപതിറ്റാണ്ട് തികയും മുമ്പ് തന്നെ ഉല്‍പ്പന്നവൈവിധ്യം, പുതുമ, ഗുണമേന്മ, മികച്ച വില്‍പ്പനാനന്തര സേവനം, കുറഞ്ഞ വില എന്നിവയെല്ലാമൊരുക്കി ദക്ഷിണേന്ത്യയിലെ ഇടത്തരക്കാരായ ഉപഭോക്താക്കളുടെ മനിസിലിടം നേടിയ ബ്രാന്‍ഡ് വരുംവര്‍ഷങ്ങളില്‍ വന്‍ വിപുലീകരണത്തിനൊരുങ്ങുകയാണെന്ന് നിര്‍മാതാക്കളായ കെസിഎം അപ്ളയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സി നുവൈസ് പറഞ്ഞു. 2020ഓടെ 1500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ദക്ഷിണേന്ത്യയിലെല്ലായിടത്തും ഗള്‍ഫ്വിപണികളിലും സജീവസാന്നിധ്യമറിയിച്ചുകഴിഞ്ഞ ഇംപെക്സ് വടക്കേയിന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, അടുക്കളയുപകരണങ്ങള്‍, പേഴ്സണല്‍ അപ്ളയന്‍സസ് എന്നി നാലു വിഭാഗങ്ങളിലായി 40 ലധികം ഉല്‍പ്പന്നങ്ങളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക് തേപ്പുപെട്ടിമുതല്‍ എയര്‍കണ്ടീഷനര്‍, വാഷിങ്മെഷീന്‍, സ്മാര്‍ട്ട് ടിവി എന്നിങ്ങനെ വിവിധ ഉല്‍പ്പന്നങ്ങളുടെ 300 ലേറെ മോഡലുകള്‍ ഇംപെക്സ് ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 ഇടത്തരക്കാരായ ആളുകളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ദൈനംദിനജീവിതം അനായാസകരമാക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്ല വില്‍പ്പനാനന്തരസേവനം ഉറപ്പാക്കി കുറഞ്ഞ ചെലവില്‍ നല്‍കാനായതാണ് ബ്രാന്‍ഡിനെ പിന്‍തുണച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ദേശീയ രാജ്യാന്തര വ്യാപാര ശ്രംഖലകളായ ലുലു, കാരിഫോര്‍, ഫ്യുച്ചര്‍ ഗ്രൂപ്പ്, ബിഗ്ബസാര്‍, നെസ്റ്റോ എന്നിവിടങ്ങളിലെല്ലാം ഇംപെക്സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഇംപെക്സ് സജീവ ബ്രാന്‍ഡാണ്.

ഇന്ത്യയിലും വിദേശത്തും വിപുലമായ ഗവേഷണ, വികസന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്്. ഗ്യാസ് സ്റ്റൌ, പ്രഷര്‍കുക്കര്‍ എന്നിവ സ്വന്തം ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കസ്റ്റമര്‍കെയര്‍ കേന്ദ്രത്തില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ ഓണ്‍സൈറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാകുന്ന വിധത്തിലുള്ള സൌകര്യങ്ങളും സുശക്തമായ ടീമും സജ്ജമാക്കിയിട്ടുള്ളത്്.