Top
24
Wednesday, January 2018
About UsE-Paper

കെഎസ്എഫ്ഇയില്‍നിന്ന് ഇനി ഡിജിറ്റല്‍ ചിട്ടികളും

Sunday Dec 24, 2017
പി ജി സുജ

മലയാളി എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന നിക്ഷേപമാര്‍ഗമാണ് ചിട്ടി. ഒരേസമയം നിക്ഷേപവും വായ്പാ ഉല്‍പ്പന്നവുമായി ഉപയോഗിക്കാവുന്ന ചിട്ടി സംസ്ഥാനസര്‍ക്കാരിന്റെ ഉറപ്പോടെ നല്‍കുന്ന കെഎസ്എഫ്ഇ ഈ രംഗത്ത് ഒരുപാടു ദൂരം മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. പ്രവാസികള്‍ക്കുവേണ്ടി ആദ്യമായി ചിട്ടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഈ സ്ഥാപനം,  പ്രവര്‍ത്തനം സമ്പൂര്‍ണമായി ഡിജിറ്റലാക്കി നിക്ഷേപകര്‍ക്ക് തികച്ചും സൌകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതിനായി ജീവനക്കാരെ പ്രചോദിപ്പിക്കുകയായിരുന്നു ആദ്യപടി.

ലോകനിലവാരത്തില്‍ ബിസിനസ്ചെയ്യുന്ന സ്ഥാപനമാകണം എന്ന സന്ദേശം ജീവനക്കാരിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുന്‍കൈയെടുത്തു. തങ്ങളുടെ സേവനകാലത്തുതന്നെ കെഎസ്എഫ്ഇയുടെ മുഖഛായമാറ്റും എന്ന തോന്നല്‍ അവരിലോരോരുത്തരിലും വളര്‍ത്താന്‍ അദ്ദേഹത്തിനായി. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമന്‍ എന്നിവര്‍ പ്രവാസിച്ചിട്ടികള്‍, കെഎസ്എഫ്ഇ ഡിജിറ്റല്‍വല്‍ക്കരണ നടപടികള്‍ എന്നിവയെകുറിച്ചെല്ലാം വിശദമായി സംസാരിച്ചു.
പ്രസക്തഭാഗങ്ങള്‍:

പ്രവാസി ചിട്ടി


പ്രവാസികള്‍ക്ക് നേരിട്ട് ചിട്ടിയില്‍ നിക്ഷേപിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കിയത് അടുത്തകാലത്താണ്്. ഗള്‍ഫ് നാടുകളില്‍ അനൌദ്യോഗികമായി പല ചിട്ടികളും നടത്തുന്നുണ്ടെങ്കിലും അവയിലേറെയും നിക്ഷേപകരെ കബളിപ്പിക്കുന്നവയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്കനുയോജ്യമായ ചിട്ടി എന്ന ആശയം ഉയര്‍ന്നത്. ഡിജിറ്റല്‍ രൂപത്തില്‍ ചിട്ടിനടത്താനുള്ള സാധ്യതകള്‍ ഉരുത്തിരിഞ്ഞതോടെ പ്രവാസിച്ചിട്ടി പ്രാവര്‍ത്തികമാക്കാനാകുമെന്നായി. ഇതില്‍നിന്നുള്ള തുക സംസ്ഥാനത്തിന്റെ അടിസ്ഥാനസൌകര്യവികസനത്തിനായി കിഫ്ബിയുടെ  സഹകരണത്തോടെ ഉപയോഗപ്പെടുത്താനാകുമെന്നും വിലയിരുത്തിയതോടെയാണ് പ്രവാസിചിട്ടിയുടെ അന്തിമരൂപമായത്. സംസ്ഥാന ചീഫ്സെക്രട്ടറി ഡോ. കെ എം എബ്രഹാമാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ചൊരു ധനകാര്യ ഉല്‍പ്പന്നമായാണ് വരുന്ന മാര്‍ച്ചോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയില്‍ പ്രവാസി ചിട്ടി അവതരിപ്പിക്കുക.
തിരുവനന്തപുരത്ത് ഇതിനായി സമ്പൂര്‍ണ വെര്‍ച്വല്‍ ഓഫീസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ്. ഗള്‍ഫ് നാടുകളിലും സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും പ്രവാസികള്‍ അധികമുള്ള സ്ഥലങ്ങളിലും ഈചിട്ടി പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങള്‍ നടത്തി. ഇങ്ങനെ ഒരുലക്ഷം പ്രവാസികളുമായി നേരിട്ടും നാട്ടിലുള്ള ബന്ധുക്കളിലൂടെയും ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രവാസികളെക്കുറിച്ചു പൂര്‍ണവിവരങ്ങള്‍ കിട്ടാനില്ലയെന്ന പ്രശ്നം മറികടക്കുന്നതിനായി സ്കൂളുകളില്‍ ക്വിസ് മത്സരം നടത്താനും കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് സംസ്ഥാനമൊട്ടാകെ പ്രവാസി സര്‍വേ നടത്താനും ഒരുങ്ങുകയാണ്്. ഇങ്ങനെ പ്രവാസികളെ കുറിച്ചുള്ള വിവരങ്ങള്‍ കെഎസ്എഫ്ഇ അപ്ഡേറ്റ്ചെയ്യും. പ്രവാസികള്‍ക്ക് നാട്ടില്‍ മടങ്ങിയെത്തിയാലും ചിട്ടി തുടരാം. തുടക്കത്തില്‍ ഗള്‍ഫ്രാജ്യങ്ങളാണ് ലക്ഷ്യമെങ്കിലും ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കെല്ലാം  വ്യാപിപ്പിക്കും.

സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ

ചിട്ടിയുടെ കാലയളവിനുള്ളില്‍ പ്രവാസി മരിച്ചാല്‍ തുടര്‍ന്ന് ആ ചിട്ടിയുടെ ബാധ്യതക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുറപ്പാക്കുന്നതിന്എല്‍ഐസിയുമായി ധാരണയിലെത്തിയിട്ടുണ്ട്.10 ലക്ഷം രൂപവരെയുള്ള ചിട്ടിക്കാണ് ഈ പരിരക്ഷ ലഭിക്കുക.  സംസ്ഥാന ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് പേഴ്സണല്‍ ആക്സിഡന്റ് പോളിസിയും ഏര്‍പ്പെടുത്തും. അയാള്‍ ഗള്‍ഫില്‍വച്ച് മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുവേണ്ട ചെലവ് കെഎസ്എഫ്ഇ വഹിക്കും.  അനുഗമിക്കുന്ന ആളുടെ വിമാനടിക്കറ്റ് ഉള്‍പ്പെടെയാണിത.്  ഈ തുക നാട്ടിലുള്ളവരുടെ അടുത്തുള്ള കെഎസഎഫ്ഇ ശാഖയില്‍ നിന്നുവാങ്ങാന്‍ സൌകര്യമേര്‍പ്പെടുത്തും.

ലളിതമായ നടപടികള്‍


 പ്രവാസിയുടെ അഭാവത്തില്‍ കെഎസ്എഫ്ഇ ശാഖ  എല്ലാ തുടര്‍നടപടികളും ഓണ്‍ലൈനായിചെയ്യും. ചിട്ടിപിടിച്ചാല്‍ അതു കൃത്യമായി കൈയില്‍ കിട്ടാന്‍ കാലതാമസം നേരിടുന്നു എന്ന പരാതി ഇല്ലാതാക്കാനുള്ള നടപടികളെടുക്കും. ഓണ്‍ലൈനിലൂടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും. ഈ സംവിധാനം നാട്ടിലുള്ളവരുടെ ചിട്ടികള്‍ക്കും അടുത്തുതന്നെ ലഭ്യമാകും. ഇതിനുള്ള സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പ്രവര്‍ത്തനരീതി മാറും. ലേലമുള്‍പ്പെടെ മൊബൈലിലാകും. മൊബൈല്‍ ആപ്, പേമെന്റ് ഗേറ്റ്വേ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. പ്രവാസികളുടെ പക്കലെ പണം നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ അവരിലേറെയും തയ്യാറാണ്്. കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന്  ജീവനക്കാര്‍ക്ക് സ്പോണ്‍സേര്‍ഡ് ചിട്ടികളും അവതരിപ്പിക്കും. ചിട്ടിയുടെ കൃത്യതയും വേഗതയുമുറപ്പാന്‍ സാങ്കേതികവിദ്യയുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഡിജിറ്റലാകുന്നതിനൊപ്പം 12 കോടി രൂപ മുതല്‍മുടക്കി അത്യാധുനിക ആസ്ഥാനമന്ദിരവും തൃശൂരില്‍ നിര്‍മാണത്തിനൊരുങ്ങുകയാണ്. ഇതോടെ കേന്ദ്രീകൃത ചിട്ടി രജിസ്ട്രേഷനും പ്രാബല്യത്തിലാകും. 568 ശാഖകളും 30 ലക്ഷം ചിട്ടിയുടമകളുമാണ് ഇപ്പോള്‍ കെഎസ്എഫ്ഇക്കുള്ളത്.

Related News

കൂടുതൽ വാർത്തകൾ »