17 December Monday

പ്രളയബാധിതർക്ക് 50 ഫ്‌ളാറ്റുകളുമായി ഒലിവ് ബിൽഡേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കൊച്ചി > പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 50 കുടുംബങ്ങൾക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാർട്ട്‌മെന്റ് നിർമാതാക്കളായ ഒലിവ് ബിൽഡേഴ്‌സ്. തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നുനിലകളിലായി ‘ഗുഡ്‌നെസ് വില്ലേജ്' എന്ന പേരിൽ 50 അപ്പാർട്ട്‌മെന്റുകൾ നിർമിക്കുന്നത്. ഇതുസംബന്ധിച്ച രേഖകൾ ഒലിവ് ബിൽഡേഴ്‌സ് ചെയർമാൻ ഡോ. പി വി  മത്തായിയും ഡയറക്ടർ നിമ്മി മാത്യുവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. 

രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉൾപ്പെടുന്ന ഓരോ അപ്പാർട്ട്‌മെന്റിനും 512 ചരുരശ്രയടി വിസ്തൃതിയുണ്ടാകും.  ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കി വേഗം സർക്കാരിനു കൈമാറുമെന്ന് ഡോ. പി വി മത്തായി അറിയിച്ചു.  പ്രളയത്തിൽ സ്ഥലവും വീടും നഷ്ടമായവരിൽനിന്ന് 50 കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഫ്‌ളാറ്റുകൾ കൈമാറാനുള്ള ചുമതല സർക്കാരിനാകും.  നിർമാണം തുടങ്ങാൻ സ്ഥലം ഒരുക്കിക്കഴിഞ്ഞു.  വിവിധ അനുമതികൾക്കായി അപേക്ഷയും നൽകി.

1.26 ഏക്കറിലാണ‌് കെട്ടിടസമുച്ചയം പണിയുന്നത്.  അപ്പാർട്ട്‌മെന്റുകൾ നിർമിക്കാൻ 54 സെന്റ് സ്ഥലം വിനിയോഗിക്കും.  ബാക്കിയുള്ള 72 സെന്റിൽ വോളിബോൾ കോർട്ട്, ബാഡ്മിന്റൻ കോർട്ട് എന്നിവയും  ജോഗിങ‌് ട്രാക്കും നിർമിക്കും. സ്ത്രീകൾക്കും പ്രായമായവർക്കുംവേണ്ടി പ്രത്യേക കേന്ദ്രങ്ങളും വായനശാലയും സജ്ജീകരിക്കും.

35 വർഷമായി കെട്ടിടനിർമാണരംഗത്ത് പ്രവർത്തിക്കുന്ന ക്രെഡായ് അംഗമായ ഒലിവ്, ഹോട്ടൽ ബിസിനസിലും സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ക്ഷേമപ്രവർത്തനങ്ങളിലും കമ്പനി ഏർപ്പെടുന്നു.
 


പ്രധാന വാർത്തകൾ
Top