Top
21
Tuesday, November 2017
About UsE-Paper

2 വര്‍ഷത്തിനുള്ളില്‍ ജപ്പാനുമായി ചേര്‍ന്ന് നൂറോളം സംരംഭം തുടങ്ങും

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജപ്പാനുമായി ചേര്‍ന്ന് നൂറോളം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള (ഇന്‍ജാക്) സെക്രട്ടറി ജേക്കബ് കോവൂര്‍ പറഞ്ഞു. കേരളത്തില്‍ ബിസിനസ്സംരംഭങ്ങളുടെ സാധ്യതകള്‍ ആരായുന്നതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ജപ്പാന്‍ പ്രതിനിധിസംഘാംഗമാണ് ജേക്കബ് കോവൂര്‍.

സംഘം കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ളയുമായി ചര്‍ച്ച നടത്തി. സാന്‍-ഇന്‍ ഇന്ത്യ അസോസിയേഷന്‍ ചെയര്‍മാന്‍ എമിരറ്റസും പ്രതിനിധിസംഘം തലവനുമായ മക്കാട്ടോ ഫുരുസെയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. ഐടി, ഭക്ഷ്യമേഖല, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സംയുക്തസംരംഭങ്ങള്‍ക്കുള്ള സാധ്യത ആരായുമെന്നും ജില്ലാ ഭരണകൂടം സംരംഭകര്‍ക്കുവേണ്ട സൌകര്യമൊരുക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജപ്പാനുമായി ചേര്‍ന്ന് കേരളം ആരംഭിക്കുന്ന സംയുക്തസംരംഭങ്ങളുടെ നോഡല്‍ എജന്‍സിയായ ഇന്‍ജാക്  പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്‍ജാക് നേതൃത്വത്തില്‍ 30ന് ഹോളിഡേ ഇന്നില്‍ ജപ്പാന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റും ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ലുലു മാളില്‍ ബിസിനസ് ടു കസ്റ്റമര്‍ മീറ്റും സംഘടിപ്പിക്കും. ടൂറിസംമേഖലയിലെ സാധ്യതകളെക്കുറിച്ചും പശ്ചാത്തലസൌകര്യവികസനത്തെക്കുറിച്ചുമുള്ള വീഡിയോ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ചു.