Top
23
Thursday, November 2017
About UsE-Paper

ജെം ജ്വല്ലറി :കയറ്റുമതി കൌണ്‍സില്‍കേന്ദ്രം തൃശൂരില്‍

Friday Nov 3, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > തൃശൂര്‍ ആസ്ഥാനമായി കോമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കുമെന്ന് ജെം ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ. കേരള ജ്വല്ലറി ഷോ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉന്നത ഗുണനിലവാരമുള്ള ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് പിന്തുണ നല്‍കുന്നതാകും ഈ കേന്ദ്രം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകള്‍ക്ക് അത്യാധുനിക യന്ത്രങ്ങളുടെ സഹായം ലഭിക്കും. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനത്തുള്ളവര്‍ക്കും ഇത് ഗുണകരമാകും.

2022 ഓടെ ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതി 6000 കോടി ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകള്‍ക്കടക്കം പരമാവധി അടിസ്ഥാനസൌകര്യങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ലഭ്യമാക്കുകയാണ് പോംവഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ആഭരണനിര്‍മാണ മേഖലയിലെ ഒരു സുപ്രധാന ക്ളസ്റ്റര്‍ എന്ന നിലയ്ക്കാണ് തൃശൂരില്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

സൂറത്ത്, ഉഡുപ്പി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് കേന്ദ്രങ്ങള്‍. ഡിസൈന്‍ സ്റ്റുഡിയോകള്‍, കസ്റ്റംസ് ഓഫീസ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാകും പാര്‍ക്കുകളെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെ ജെം ആന്‍ഡ് ജ്വല്ലറി വിപണി 4300 കോടി ഡോളറിന്റേതാണ്. രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ ഏഴുശതമാനം വരുമിത്. സ്വര്‍ണാഭരണമേഖലയുടെ പുരോഗതിക്ക് നയം രൂപീകരിക്കണമെന്ന് കൌണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി നിരീക്ഷിക്കുന്നതിന് മാത്രമല്ല ഉപയോഗം, നിക്ഷേപം, ആഭരണ നിര്‍മാണത്തിനുള്ള സ്വര്‍ണത്തിന്റെ ഉപയോഗം എന്നിവ വിലയിരുത്തുന്നതിനും ഒരു സ്വതന്ത്ര ഏജന്‍സി ആവശ്യമുണ്ട്.