14 November Wednesday

ലുലു ചൈനയിലേക്ക‌് ; ധാരണപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

ബീജിങ് > വൻ റീട്ടെയിൽ ഗ്രൂപ്പായ ലുലു ചൈനയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ധാരണപത്രം ചൈനയിലെ ഷീ ജിയാങ് പ്രവിശ്യയിലെ യിവുവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടി യിവു  സിറ്റി  സെക്രട്ടറി ലിൻ യി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവർ ചേർന്ന‌്  ഒപ്പിട്ടു. ഡെപ്യൂട്ടി പാർടി സെക്രട്ടറിയും യിവു മേയറുമായ വാങ് ജിയാൻ,  ലുലു ചൈന റീജണൽ ഡയറക്ടർ ഹാഫിസ് ഉമ്മർ, യിവു മാനേജർ നിറോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യിവു പാർടി സെക്രട്ടറി ലിൻ യി ജൂൺ ആദ്യവാരം യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ധാരണപത്രം ഒപ്പിടുന്നതിന് കളമൊരുങ്ങിയത്.

ലുലു ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കും. 20 കോടി ഡോളറാണ്  ഇതിനായി ലുലു ഗ്രൂപ്പ്  മുതൽമുടക്കുന്നത്.  ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുന്നതിനായി  യിവുവിൽ 10 ഏക്കർ സ്ഥലം ദീർഘകാലത്തേക്ക് പാട്ടത്തിനു നൽകാനും  ചർച്ചയിൽ  തീരുമാനമായി. കൂടാതെ അസംസ്കൃതവസ്തുക്കളുടെ അസംബ്ലിങ‌് യൂണിറ്റും സ്ഥാപിക്കും.

ഹൈപ്പർമാർക്കറ്റുകളും മറ്റും ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി  ലുലുവിന്റെ   ഉന്നതതലസംഘം അടുത്തുതന്നെ ചൈനയിലെത്തി സർക്കാരുമായി  കൂടിയാലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന‌് എം എ യൂസഫലി അറിയിച്ചു.  ചൈനയിൽനിന്നുള്ള ലുലുവിന്റെ വാർഷിക വ്യാപാരം ഇപ്പോഴുള്ള 20 കോടി ഡോളറിൽനിന്ന് 30 കോടി ഡോളറാക്കി  വർധിപ്പിക്കും. സർക്കാർതലത്തിലുള്ള എല്ലാ  സഹകരണങ്ങളും ചൈനീസ് അധികൃതർ വാഗ്ദാനംചെയ്തിട്ടുണ്ട‌്.

ഇലക‌്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ,  കംപ്യട്ടർ, സ്പോർട്സ്,  ഫിറ്റ്നസ്, കളിപ്പാട്ടങ്ങൾ  തുടങ്ങി   വിവിധതരം  ഉല്പന്നങ്ങളാണ് ലുലു ചൈനയിൽനിന്ന് കയറ്റുമതിചെയ്യുന്നത്. 2000 മുതൽ  ഗ്വാങ്സു, ഫുജിയൻ, യിവു എന്നീ നഗരങ്ങളിൽ ലുലുവിന്റെ സാന്നിധ്യമുണ്ട്.  മലയാളികൾ ഉൾപ്പെടെ 200ലധികം പേർ വിവിധ മേഖലകളിലായി ചൈനയിൽ  ജോലിചെയ്യുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിലവിൽ   റീട്ടെയിൽ സാന്നിധ്യമുള്ള ലുലു ചൈനയിലേക്ക‌് പ്രവർത്തനം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  ധാരണപത്രം ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു.   ചൈനീസ് സർക്കാരുമായുള്ള സംയുക്തസംരഭം  പുത്തൻ ചുവടുവയ്പാകുമെന്നും യൂസഫലി പറഞ്ഞു.

പ്രധാന വാർത്തകൾ
Top