19 November Monday

ഇന്‍ഷുറന്‍സ് ക്ളെയിം നിഷേധിക്കാതിരിക്കാന്‍

കെ അരവിന്ദ്Updated: Sunday Nov 29, 2015

ഇന്‍ഷുറന്‍സുകളിന്മേലുള്ള ക്ളെയിമുകള്‍ നിഷേധിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോളിസി എടുക്കുന്ന സമയത്ത് ഉപയോക്താവ് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമാണ് ക്ളെയിം നിഷേധിക്കുന്നതിന് കാരണമാവുന്ന പ്രധാന ഘടകം.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ വിവരവും നല്‍കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാണ്. തന്റെ ആരോഗ്യനിലയെപ്പറ്റിയും നിലവിലുള്ള അസുഖങ്ങളെപ്പറ്റിയും വെളിപ്പെടുത്താനുള്ള ബാധ്യത പോളിസി ഉടമയ്ക്കുണ്ട്. പലപ്പോഴും നിലവിലുള്ള അസുഖങ്ങള്‍, പുകവലി ശീലം തുടങ്ങിയവ മറച്ചുവയ്ക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കാറുണ്ട്.


ഒരാളുടെ ആരോഗ്യനില, അയാളുടെ ജോലിയുടെ സ്വഭാവം തുടങ്ങിയവ കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയം നിശ്ചയിക്കുന്നത്. പുകവലിപോലുള്ള ശീലങ്ങളും റിസ്ക് നിറഞ്ഞ സാഹചര്യത്തിലുള്ള ജോലിയുമൊക്കെ പ്രീമിയം കൂടുന്നതിന് കാരണമാകാം. ഉദാഹരണത്തിന് പുകവലിശീലമുള്ള ഒരാള്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പ്രീമിയം തുക 25–50 ശതമാനം കൂടാന്‍ സാധ്യതയുണ്ട്. പുകവലി സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിസ്ക്കിനനുസരിച്ച് കമ്പനി പ്രീമിയം വര്‍ധിപ്പിക്കുന്നത്. ഇത്തരം അടിസ്ഥാനവസ്തുതകള്‍ മറച്ചുവയ്ക്കുന്നത് പ്രീമിയം കുറയാന്‍ സഹായകമാണെങ്കിലും ക്ളെയിം നല്‍കിയശേഷം ഇന്‍ഷുറന്‍സ് കമ്പനി മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും മറ്റ് രേഖകളുടെയും പരിശോധനയില്‍ വസ്തുതകള്‍ മറച്ചുവച്ചതായി കണ്ടുപിടിക്കപ്പെട്ടാല്‍ ക്ളെയിം നിഷേധിക്കുന്നത് സ്വാഭാവികമാണ്.

പോളിസിയെടുത്ത് രണ്ടുവര്‍ഷത്തിനുശേഷം വസ്തുതകള്‍ മറച്ചുവച്ചൂവെന്ന് ചൂണ്ടിക്കാട്ടി ക്ളെയിം നിഷേധിക്കാന്‍പാടില്ലെന്നാണ് നിയമം. ക്ളെയിം നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി രേഖാമൂലം നിരത്തേണ്ടതുണ്ട്. അതിനാല്‍ വ്യാജമാണെന്ന് സംശയിക്കപ്പെടുന്ന ക്ളെയിമുകളെക്കുറിച്ച് അന്വേഷിക്കാന്‍ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും സ്വകാര്യ അന്വേഷണ ഏജന്‍സികളെ നിയോഗിക്കുകയാണ് പതിവ്. മരിച്ച വ്യക്തിയുടെ മുഴുവന്‍ ചരിത്രവും ചികഞ്ഞ് ക്ളെയിം നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരം റിസ്ക്കുകള്‍ ഒഴിവാക്കാനായി ക്ളെയിം നിഷേധിക്കാനുള്ള ഒരു പഴുതും നല്‍കാതെ പോളിസി ഉടമ നേരത്തെത്തന്നെ എല്ലാ വസ്തുതകളും വെളിപ്പെടുത്തുന്നതാണ് സുരക്ഷിതം.

പോളിസി ഉടമയുടെ വരുമാനത്തിന് ആനുപാതികമായ പോളിസി തുകയ്ക്കാണോ ഇന്‍ഷുറന്‍സ് എടുത്തത് എന്നതും ഇന്‍ഷുറന്‍സ് കമ്പനി പരിശോധിക്കുന്ന പ്രധാന വസ്തുതയാണ്. മറ്റ് പോളിസികളെക്കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താതെ പല പോളിസികള്‍ എടുക്കുന്നതിലൂടെ വലിയ തുകയ്ക്കുള്ള പരിരക്ഷയ്ക്ക് ചില ഉപയോക്താക്കള്‍ ശ്രമിക്കാറുണ്ട്. ഇതും ക്ളെയിം നിഷേധിക്കപ്പെടാന്‍ കാരണമാകാം.

ഒരു വ്യക്തി ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അദ്ദേഹത്തിന് മരണം സംഭവിക്കുകയാണെങ്കില്‍ കുടുബാംഗങ്ങള്‍ക്ക് സാമ്പത്തികപരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. പ്രീമിയം തുക ലാഭിക്കാന്‍വേണ്ടി വസ്തുതകള്‍ മറച്ചുവയ്ക്കുന്നവര്‍ തന്റെ മരണശേഷം ക്ളെയിമിനായി അപേക്ഷ നല്‍കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കുണ്ടാകാവുന്ന മാനസികവിഷമത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ലൈഫ് റിസ്ക്കിനുള്ള പരിരക്ഷയാണ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യമെന്നിരിക്കെ പ്രീമിയത്തില്‍ ഇളവു കിട്ടാനായി നടത്തുന്ന മറച്ചുവയ്ക്കലുകളും അമിതമായ കവറേജ് നേടിയെടുക്കാനുള്ള ശ്രമവും ആത്യന്തികമായി ആ ലക്ഷ്യം നേടുന്നതിനുള്ള പ്രതിബന്ധങ്ങളായി മാറുകയാണ് ചെയ്യുന്നത്.

ലേഖകന്‍ ഹെഡ്ജ് ഓഹരി മാസികയുടെ എഡിറ്ററാണ്

പ്രധാന വാർത്തകൾ
Top