21 October Sunday

കെല്‍ സ്മാര്‍ട്ടാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 10, 2017

കൊച്ചി > സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിയിലെ കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) സ്മാര്‍ട്ടാകാനൊരുങ്ങുന്നു. സംസ്ഥാനത്തെ വ്യവസായമേഖലയെ സാങ്കേതിക മികവിലേക്കു നയിക്കുന്നതിനായി സ്ഥാപിതമായ ഈ പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തികഞ്ഞ അവഗണന നേരിട്ട് 2015-16 സാമ്പത്തികവര്‍ഷം 11 കോടി രൂപയുടെ നഷ്ടം നേരിടുന്ന അവസ്ഥയിലായിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റതോടെ വൈദ്യുതിബോര്‍ഡ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ ഇലക്ട്രിക്കല്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നേടി നഷ്ടത്തിന്റെ പിടിയില്‍നിന്ന് ലാഭത്തിലേക്ക് മാറുകയാണെന്ന് ചെയര്‍മാന്‍ അഡ്വ. വര്‍ക്കല ബി രവികുമാര്‍ പറഞ്ഞു. ഒപ്പംതന്നെ കെല്ലിന്റെ കീഴിലുള്ള നിര്‍മാണവിഭാഗമായ സ്ട്രക്ചറല്‍ ഡിവിഷനും ആള്‍ട്ടര്‍നേറ്റ്, സോളാര്‍, ട്രാന്‍സ്ഫോര്‍മര്‍ വിഭാഗങ്ങളും ഈ രംഗത്തെ പുതിയ സാങ്കേതികതകള്‍ കൈമുതലാക്കി ആധുനികവല്‍കരണത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ട്രക്ചറല്‍വിഭാഗം ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മാണത്തില്‍ പുതിയ സാങ്കേതികതകള്‍  ഏര്‍പ്പെടുത്തുമ്പോള്‍ സൌരോര്‍ജവിഭാഗം തെരുവുവിളക്കുകളുള്‍പ്പെടെ സര്‍ക്കാര്‍വകുപ്പുകള്‍ക്ക് വേണ്ട സൌരോര്‍ജാവശ്യങ്ങള്‍ സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്്. യിെല്‍വേയ്ക്ക് ആവശ്യമായ സ്വിച്ചിങ് സംവിധാനങ്ങളൊരുക്കുന്ന ആള്‍ട്ടര്‍നേറ്റ്വിഭാഗം പുതിയ എസി കോച്ചുകള്‍ക്കാവശ്യമായ ഭാരംകുറഞ്ഞ സ്വിച്ചുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലാണ്. ട്രാന്‍സ്ഫോര്‍മര്‍ വിഭാഗമാകട്ടെ സ്മാര്‍ട്ട് ഡിജിറ്റല്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ പൂട്ടിയിട്ടിരിക്കുന്ന യൂണിറ്റുകള്‍ ഏറ്റെടുത്ത് കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളുടെകൂടി സഹകരണത്തോടെ എല്‍ഇഡി ലൈറുകളുടെയും മറ്റും നിര്‍മാണം ഊര്‍ജിതമാക്കുകയും ചെയ്യും.

ജനറേറ്റുകളുടെ നിര്‍മാണത്തിലും പഴയ പ്രതാപം വീണ്ടുെക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെല്‍ എന്ന് മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗീസ് പറഞ്ഞു. ഒപ്പംതന്നെ ഓരോരുത്തര്‍ക്കും ആവശ്യമായ വിധത്തില്‍ കസ്റ്റമൈസ് ചെയ്ത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ഇതിലെല്ലാമുപരി ഈ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുന്നതിനും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി ഇലെക്സ് എന്ന പേരില്‍ ത്രിദിന ഇലക്ട്രിക്കല്‍ ഉല്‍പ്പന്ന പ്രദര്‍ശനവും സെമിനാറും നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ 13 മുതല്‍ 15 വരെ കെല്‍ സംഘടിപ്പിക്കുന്നുണ്ട്്. 

മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ മന്ത്രി എ സി മൊയ്തീനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്. 2020ല്‍ കടബാധ്യതകള്‍ പരിഹരിച്ച് 600 കോടി രൂപ ലാഭമുള്ള സ്ഥാപനമാകുകയാണ് ലക്ഷ്യമെന്ന് ഷാജി വര്‍ഗീസ് വ്യക്തമാക്കി. ഇതിനായി വിദഗ്ധരായ 100 എന്‍ജിനിയര്‍മാരുടെയും സുസജ്ജമായ ഡിസൈനിങ് ടീമിനും പുറമെ മറ്റു ജീവനക്കാരും സന്നദ്ധരായി ഒപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാമല, കുണ്ടറ, എടരിക്കോട്, ഒലവക്കോട് എന്നിവിടങ്ങളിലാണ് കെല്ലിന് നിര്‍മാണയൂണിറ്റുകളുള്ളത്്.

പ്രധാന വാർത്തകൾ
Top