12 December Wednesday

ഫെയ‌്സ‌്ബുക്ക‌് 50 ലക്ഷം ഇന്ത്യക്കാരെ കച്ചവടം പഠിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

 ഇന്ത്യൻ ചെറുകിട കച്ചവടക്കാരെ ആഗോളതലത്തിലെ കച്ചവടം പഠിപ്പിക്കാൻ ഫെയ‌്സ‌്ബുക്ക‌്. മൂന്ന് വർഷത്തിനുള്ളിൽ അമ്പതുലക്ഷം പേർക്ക് സാങ്കേതിക ക്ലാസുകൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ഫെയ‌്സ്ബുക്ക‌് അധികൃതർ അറിയിച്ചു. നിലവിൽ ഇത്തരം  പരിപാടികൾ ഫെയ‌്സ്‌ബുക്ക് സംഘടിപ്പിക്കുന്നുണ്ട്.

ബൂസ്റ്റ് യുവർ ബിസിനസ‌്, ഷീ മീൻസ് ബിസിനസ‌്‌ എന്നിങ്ങനെയുള്ള പരിശീലനങ്ങൾ നേരത്തേതന്നെ ചർച്ചയായതാണ‌്.  ചെറുകിട കച്ചവടക്കാരെ മുൻനിര സാമ്പത്തികവ്യവസ്ഥയിലേക്ക്  എത്തിക്കാനാണ് ശ്രമം–- ഇന്ത്യയുടെയും സൗത്ത് സെൻട്രൽ ഏഷ്യയുടെയും പബ്ലിക് പോളിസി ഡയറക്ടറായ അംഖി ദാസ് പറഞ്ഞു. ആഗോളതലത്തിൽ അമ്പതോളം പങ്കാളികളുടെ സഹായത്തോടെ 150 നഗരങ്ങളിലും 48000 ഗ്രാമങ്ങളിലുമായി ഇതുവരെ പത്തുലക്ഷം പേർക്ക് പരിശീലനം  ഫെയ‌്സ്ബുക്ക് നൽകിയിട്ടുമുണ്ട‌്. സർക്കാരുകളുമായും പ്രാദേശിക എൻജിഒ കൂട്ടായ‌്മകളുമായി ചേർന്നാണ‌് പരിശീലനം.

ഡിജിറ്റൽ പരിശീലനമായതിനാൽ കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ മേൽനോട്ടവുമുണ്ട‌്. ഡിജിറ്റൽ ഇടപാട‌്, ചെറിയ ചെലവിൽ വെബ്സൈറ്റ് നിർമാണം, ഫെയ‌്സ്ബുക്കിലൂടെയുള്ള കച്ചവടം എന്നിവയാണ‌് പ്രധാനമായും പരിശീലിപ്പിക്കുന്നത‌്. ഇതോടൊപ്പം ഫെയ‌്സ്ബുക്കിലെ ചിത്രങ്ങൾ പങ്കുവയ‌്ക്കുന്ന ഇൻസ്റ്റാഗ്രാം ആപ്പും ചെറുകിട വ്യവസായികൾക്ക് പരിചയപ്പെടുത്തും.


പ്രധാന വാർത്തകൾ
Top