20 August Monday

ബിസ്മി 36 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ച് വിപുലീകരണത്തിനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 11, 2018

കേരളത്തില്‍ ഇലക്ട്രോണിക്സ് റീട്ടെയില്‍രംഗത്തെ മുന്‍നിരക്കാരായ ബിസ്മി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യോല്‍പ്പന്നങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫാഷനും ഒരുകുടക്കുഴില്‍ ഒരുക്കുന്ന കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനമൊട്ടാകെ 36 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി എ അജ്മല്‍ പറഞ്ഞു. നിലവിലിപ്പോള്‍ ഒമ്പത് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് വിവിധയിടങ്ങളിലായി ഉള്ളത്. ഇതിനു പുറമെ വര്‍ഷംതോറും ആറെണ്ണംവീതം പുതുതായി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്്. ഇതോടെ കമ്പനി 3000 കോടി രൂപയുടെ വിറ്റുവരവ് നേടിയെടുക്കാനും ലക്ഷ്യമിടുന്നു. 4500 നേരിട്ടുള്ള തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.  ചെറുതും വലുതുമായ 12,000 ലേറെ ഉല്‍പ്പന്നങ്ങളാണ് ബിസ്മിയില്‍ ഒരുക്കിയിട്ടുള്ളത്് അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരിവിപണിയിലേക്കു കടക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്്.

റീട്ടെയില്‍രംഗത്ത് അനുകരണീയ ബിസിനസ് മാതൃകയാണ് പിന്തുടരുന്നതെന്ന് അജ്മല്‍ പറഞ്ഞു. വില കൂട്ടി ലാഭമുണ്ടാക്കുന്നതിനുപകരം ചെലവ് പരമാവധി കുറച്ച് മുന്നേറുന്നതിനാണ് ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നത്.  അനുയോജ്യമായ  സ്വന്തം സ്ഥലത്തോ ദീര്‍ഘകാല പാട്ടത്തിനെടുത്ത ഭൂമിയിലോ നേരത്തെ തയ്യാറാക്കിയ പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണരീതിയിലുള്ള കെട്ടിടങ്ങള്‍ സ്ഥാപിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കുന്നതിനാല്‍ മാളുകളിലും മറ്റും ആരംഭിക്കുന്നതുപോലെയുള്ള കനത്ത ചെലവു കുറയ്ക്കാനാകും. മാത്രമല്ല, നിര്‍മാണവേളയില്‍തന്നെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനാല്‍ വൈദ്യുതിനിരക്കില്‍ 40-45 ശതമാനമെങ്കിലും ലാഭിക്കാനാകും. ഇത്തരത്തില്‍ ചെലവു കുറഞ്ഞ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്ന് അജ്മല്‍ അറിയിച്ചു.

ഗുണമേന്മയുള്ള ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്കു നല്‍കാനായി കര്‍ഷകരുമായി സഹകരിച്ച് അവരില്‍നിന്നു ശേഖരിക്കുന്ന മികച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും പച്ചക്കറികളും പഴങ്ങളുമൊക്കെ നേരിട്ട് ബിസ്മി പ്രൈഡ്, പ്യുവര്‍ എന്നീ ബ്രാന്‍ഡുകളില്‍ ലഭ്യമാക്കുന്നു. പെരുമ്പാവൂരില്‍ സ്വന്തമായി ഡെയ്റി ഫാമും പിറവത്ത് ചില്ലിങ് യൂണിറ്റും ആരംഭിച്ച് കൃത്രിമ പദാര്‍ഥങ്ങളൊന്നും ചേര്‍ക്കാതെ അവിടെനിന്നുള്ള  ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളുമാണ് ബിസ്മിയില്‍ ലഭ്യമാക്കുന്നതെന്ന് അജ്മല്‍ അറിയിച്ചു. ശുചീകരണ ഉല്‍പ്പന്നങ്ങളും ബിസ്മി ബ്രാന്‍ഡില്‍ ലഭ്യമാക്കുന്നുണ്ട്്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഗ്രൂപ്പ് ചെയര്‍മാന്‍ വി എ യൂസഫും സജീവസാന്നിധ്യമാണ്.

ഇത്തരത്തില്‍ ചെലവുചുരുക്കി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വര്‍ഷത്തില്‍ മൂവാറ്റുപുഴ, പാലാരിവട്ടം, ആലപ്പുഴ, പെരുമ്പാവൂര്‍, അങ്കമാലി, മഞ്ചേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. തുടര്‍ന്ന് കേരളമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നതെന്ന് അജ്മല്‍ പറഞ്ഞു.   
                                

പ്രധാന വാർത്തകൾ
Top