വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ജാഗ്രത പുലര്‍ത്തണം: പിണറായി

Tuesday Feb 16, 2016
സ്വന്തം ലേഖകന്‍

തിരുവനന്തപുരം > വടകര–ബേപ്പൂര്‍ മാതൃകയില്‍ കോലീബി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍കൂടിയായ പിണറായി.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് വീണുകിടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എഴുന്നേറ്റുനില്‍ക്കാനും ആര്‍എസ്എസ് നേതൃത്വം കെട്ടിയിറക്കി ബിജെപിയുടെ പ്രസിഡന്റാക്കിയ കുമ്മനം രാജശേഖരന് അക്കൌണ്ട് തുറക്കാനും പരസഹായം വേണം. നേരത്തെ 70 സീറ്റില്‍ ജയിക്കുമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ 10 സീറ്റില്‍ കേന്ദ്രീകരിച്ച് മത്സരിക്കുമെന്ന് പറയുന്നതും ഈ പരസ്പര സഹായം നടപ്പാക്കാനാണെന്ന് പിണറായി പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുക, മതനിരപേക്ഷത സംരക്ഷിക്കുക, അഴിമതിമുക്ത ഭരണവും സിവില്‍സര്‍വീസും ഉറപ്പുവരുത്തുക എന്നീ മൂന്ന് പ്രധാന മുദ്രാവാക്യങ്ങള്‍ നടത്തിയ മാര്‍ച്ചിനെ ആബാലവൃദ്ധം ജനങ്ങള്‍ നെഞ്ചേറ്റി. യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അഭൂതപൂര്‍വമായ പങ്കാളിത്തം സ്വീകരണകേന്ദ്രങ്ങളിലുണ്ടായി. നാടിന്റെ നാനാതുറകളില്‍പ്പെട്ടവരുമായി നാടിനെ ബാധിക്കുന്ന മുഴുവന്‍ വിഷയങ്ങളും ചര്‍ച്ചചെയ്തു. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അനുകൂലിക്കുന്നവര്‍മാത്രമല്ല, ഇതര ജനവിഭാഗങ്ങളും ചര്‍ച്ചകളില്‍ പങ്കെടുത്തു.

നദികളും കായലുകളും സംരക്ഷിക്കുന്നതുതൊട്ട് ശയ്യാവലംബരായ ജനവിഭാഗങ്ങളെ പരിരക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പരിഷ്കാരം വേണം. പൊതുവിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയര്‍ത്തണം. ഇത് പറയുമ്പോള്‍ വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ എതിര്‍ക്കുന്നതെന്തിനെന്ന ചോദ്യമുയരുന്നു. വിദേശ സര്‍വകലാശാലകളെയല്ല എതിര്‍ക്കുന്നത് അതിന്റെ മറവില്‍ നടക്കുന്ന കച്ചവട താല്‍പ്പര്യങ്ങളെയാണ്. നമ്മുടെ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തണം. അതിനുശേഷമാകണം വിദേശ സര്‍വകലാശാലകളുമായുള്ള സംവാദവും ചര്‍ച്ചയും.

സ്മാര്‍ട്സിറ്റിപോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് വ്യവസായത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും പറയുന്നത്. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ക്രിയാത്മകമായ നടപട യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കാര്‍ഷിക മേഖലയെ മാറ്റാനുള്ള ശ്രമങ്ങള്‍ വേണം. കയര്‍ വ്യവസായം ഉള്‍പ്പെടെ ശക്തിപ്പെടുത്താന്‍ കഴിയണം. നമ്മുടെ മത്സ്യമേഖല പിറകോട്ടടിച്ചത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

നാടിനെ പുനര്‍നിര്‍മിക്കാനുള്ള ചിന്താഗതിയോടെയാണ് ജനങ്ങള്‍ മാര്‍ച്ചിനെ സ്വീകരിച്ചത്. നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും മാര്‍ച്ചിലുയര്‍ത്തിയ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ മാര്‍ച്ചിനെത്തിയത് ഈ ലക്ഷ്യബോധത്തോടെയാണെന്നും പിണറായി പറഞ്ഞു.

വാർത്തകൾ
സ്പെഷ്യല്‍‌