ബിജെപിക്ക് ബദല്‍ ഇടതുശക്തികള്‍: യെച്ചൂരി

Tuesday Feb 16, 2016
പ്രത്യേക ലേഖകന്‍

ഒ എന്‍ വി നഗര്‍(ശംഖുംമുഖം) > വര്‍ഗീയ ധ്രുവീകരണവും നവ ലിബറല്‍ നയങ്ങളാലുള്ള ആക്രമണവും കൊണ്ട് ഇന്ത്യയെ നശിപ്പിക്കുന്ന ബിജെപി സര്‍ക്കാരിന് ബദല്‍ ശക്തിയാകാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ രാഷ്ട്രീയത്തെയും നവ ഉദാരവല്‍ക്കരണ ആക്രമണത്തെയും ഫലപ്രദമായി നേരിടാന്‍ സിപിഐ എമ്മിനും ഇടതുപക്ഷ ശക്തികള്‍ക്കമേ കഴിയൂ. രാജ്യം ഇതിനുമുമ്പില്ലാത്ത വിധം വെല്ലുവിളിയാണ് നേരിടുന്നത്. സാമ്പത്തിക, വിദേശ, പ്രതിരോധ നയങ്ങളെ അമേരിക്കക്ക് അടിയറ വച്ച് അവരുടെ ആശ്രിതരായി മാറിയിരിക്കുന്ന മോഡി സര്‍ക്കാര്‍. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ആഗോള, സ്വദേശി മൂലശക്തികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള ഉപാധി മാത്രമാക്കി. സാധാരണക്കാരായ ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നു. ഇതിനെതിരായ ശക്തമായ ജനവികാരം രാജ്യത്തെമ്പാടും അലയടിക്കുന്നു. അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. കാമ്പസുകളെ ആക്രമിക്കുന്നു, എതിരായി സംസാരിക്കുന്നവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നു, ഗാന്ധിജിയെ വധിച്ചയാള്‍ അവര്‍ക്ക് ദേശീയനായകനും ഗാന്ധിജിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ദേശദ്രോഹികളുമാണ്. സിപിഐ എമ്മിനെ ദേശദ്രോഹികളെന്നു വിളിച്ച് ഡല്‍ഹിയില്‍ എകെജി ഭവന്‍ ആക്രമിച്ചു. ഇതിനെ രാഷ്ട്രീയമായി നേരിട്ട് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസവും കരുത്തും സിപിഐ എമ്മിനുണ്ട്.

രാജ്യത്തിനാകെ മാതൃകയാകുന്ന രാഷ്ട്രീയബദല്‍ കേരളത്തിന് സൃഷ്ടിക്കാന്‍ കഴിയും. വലിയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണിത്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനും കഴിയില്ല. കേരളം സത്യസന്ധരായ ആളുകളുടെ നാടാണെന്നാണ് ദേശീയതലത്തിലെ ഖ്യാതി. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന അഴിമതികളുടെ കഥകളാണ് ദിവസവും ദേശീയമാധ്യമങ്ങളിലൂടെ അറിയുന്നത്. അതിനാല്‍ ഡല്‍ഹിയിലൊക്കെ ആളുകള്‍ ആശയക്കുഴപ്പത്തിലാണ്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന  രണ്ടാം യുപിഎ സര്‍ക്കാരും കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതിക്കാര്യത്തില്‍ മത്സരിക്കുകയാണ്. കേരളത്തിന്റെ ഈ ദുഷ്പേര് മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മാത്രമേ കഴിയുകയുള്ളൂ.

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദല്‍ ലളിതമാണ്. ഇന്ത്യയില്‍ വേണ്ടത്ര വിഭവങ്ങളും ധനവുമുണ്ട്. അതുപയോഗിച്ച് ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന യുവജനതക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സുസ്ഥിരമായ തൊഴിലും നല്‍കാന്‍ കഴിയും. രാജ്യത്തിന്റെ വിഭവങ്ങള്‍ അതിനായി വഴിതിരിച്ചുവിടണം. അതിനു പകരം വിദേശി–സ്വദേശി കോര്‍പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടാനാണ് അത് ഇന്ന് വഴിതിരിച്ചുവിട്ടിരിക്കുന്നത്. 100 ശതകോടീശ്വരന്‍മാരുടെ കൈകളിലാണ് ഇന്ത്യയുടെ സമ്പത്തിന്റെ പകുതിയും. ജനസംഖ്യയില്‍ 90 ശതമാനത്തിനും 10000 രൂപയില്‍ താഴെയാണ് വാര്‍ഷികവരുമാനം. ഓരോ വര്‍ഷവും അഞ്ച് ലക്ഷം കോടി രൂപ വീതം കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്ന മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം കയറ്റിവെക്കുന്നു. ലോക സമ്പദ്വ്യവസ്ഥക്കു തന്നെ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് കേരളത്തില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ പോയി പ്രവര്‍ത്തിക്കുന്ന മലയാളികള്‍. അവരുടെ കഴിവുകളെ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കണം.

ഒഎന്‍വി പുതിയ കേരളത്തോടൊപ്പം പുതിയ സമൂഹത്തെയും സ്വപ്നം കണ്ടു. അത് യാഥാര്‍ഥ്യമാക്കാന്‍ പോരാടണമെന്ന് യെച്ചൂരി പറഞ്ഞു.

വാർത്തകൾ
സ്പെഷ്യല്‍‌