ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അറബിക്കടലിലേക്ക്: കോടിയേരി

Tuesday Feb 16, 2016

തിരുവനന്തപുരം > ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതിനിരപേക്ഷ കേരളമെന്ന അടിത്തറ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനും ബിജെപി സഖ്യത്തിനും കനത്ത തിരിച്ചടിയുണ്ടാകും. നവകേരള മാര്‍ച്ചിന്റെ സമാപന റാലിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ചിന്റെ സ്വീകരണകേന്ദ്രങ്ങളിലും സമാപന റാലിയിലും കണ്ടത് സമാനതയില്ലാത്ത ജനസഞ്ചയമാണ്. മറ്റു കക്ഷികളും റാലി നടത്തി. എന്നാല്‍, ഇത്രയേറെ ജനസഞ്ചയത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നവകേരള മാര്‍ച്ചിനാണ്. മാര്‍ച്ചില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളാണ് കാരണം. സംസ്ഥാനത്തെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രിയുടെ കീഴില്‍ കേരളത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുകയാണ് യുഡിഎഫ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നാല് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്താനായെന്ന ഹുങ്കാണ് ആര്‍എസ്എസിനെയും ബിജെപിയെയും നയിക്കുന്നത്. കേരളത്തില്‍ താമര വിരിയുമെന്ന് പ്രചരിപ്പിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ മൂന്നാംസ്ഥാനം ഉപയോഗിച്ച് മൂന്നാം മുന്നണി ഉണ്ടാകുന്നുവെന്ന വാദമാണ് ഉമ്മന്‍ചാണ്ടിയും ഉയര്‍ത്തിയത്. ഇതിന്റെ ലക്ഷ്യം കൃത്യമാണ്. 1991ല്‍ രൂപംകൊണ്ട കോ–ലി–ബി സഖ്യം വീണ്ടും പൊടിതട്ടിയെടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. പിന്നീട് തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ മറുപടി ഇക്കൂട്ടര്‍ മറക്കരുത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടെ ഇരുനൂറില്‍പ്പരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്ന് പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫിനും ബിജെപിക്കും എതിരായി ജനങ്ങളെ അണിനിരത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ജനം അത് അംഗീകരിച്ചു. 65 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടായി. 87 നിയമസഭാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാമതെത്തിയ തലസ്ഥാനത്തെ  നാല് അസംബ്ളി മണ്ഡലത്തിലും എല്‍ഡിഎഫ് ഒന്നാമതെത്തി.

ഇതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചു. നാലുതവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ മനുഷ്യനാണ് ഈ കൊടുംപീഡനം. ആര്‍എസ്എസുകാര്‍ വെട്ടിനുറുക്കിയ സഖാവിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ വേട്ടയാടുന്നതെന്നും കോടിയേരി പറഞ്ഞു.

വാർത്തകൾ
സ്പെഷ്യല്‍‌