നവകേരളം മനസ്സിലുറപ്പിച്ച് മനുഷ്യമഹാസാഗരം

Monday Feb 15, 2016
വി ജയിന്‍

ഒഎന്‍വി നഗര്‍(ശംഖുംമുഖം) > കേരളത്തെ മാറ്റിയെടുക്കാന്‍ മനസ്സുറപ്പോടെയെത്തിയ മനുഷ്യമഹാസാഗരത്തിന്റെ ഗര്‍ജ്ജനം. അലയടിച്ചിരമ്പുന്ന അറബിക്കടലിനും കേരളത്തിന് കോട്ടകെട്ടിയ സഹ്യനുമിടയില്‍ നാടിനെയാകെ ത്രസിപ്പിച്ച് ഒരു മാസം പ്രയാണം നടത്തിയ നവകേരളമാര്‍ച്ച് ശംഖുംമുഖത്ത് പ്രത്യാശയുടെ കിരണങ്ങള്‍തിളങ്ങുന്ന ജനലക്ഷങ്ങളുടെ മനസ്സുകളില്‍ ആവേശത്തിരകളിളക്കി. കേരളത്തെ നാണംകെടുത്തിയ യുഡിഎഫ് സര്‍ക്കാരിനെ കുടഞ്ഞെറിയാനുള്ള ഉജ്വല പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് മാര്‍ച്ച് സമാപിച്ചത്.

ശംഖുംമുഖം ജംഗ്ഷനില്‍ നിന്ന് സമാപനവേദിയിലേക്ക് തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആനയിച്ച പിണറായിയെയും മറ്റ് അംഗങ്ങളെയും കടല്‍ത്തീരത്ത് തടിച്ചുകൂടിയ അസാധാരണ ജനസഞ്ചയം ആരവത്തോടെയും മുദ്രാവാക്യം വിളികളോടെയും വരവേറ്റു. സമാപനറാലിയുടെ വേദിയായ ഒഎന്‍വി നഗറിനടുത്ത് റെഡ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പിണറായി സ്വീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചായിരുന്നു സമാപനറാലി. 116 സ്വീകരണകേന്ദ്രങ്ങളിലായി 126 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് നവകേരളമാര്‍ച്ച് തിരുവനന്തപുരം ജില്ലയിലെത്തിയത്. മറ്റ് സ്വീകരണകേന്ദ്രങ്ങളിലെന്നപോലെ പുതിയ കേരളത്തിനായുള്ള അദമ്യമായ പ്രതീക്ഷയാണ് സമാപനറാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്കുമുണ്ടായിരുന്നത്. ജനവിരുദ്ധമായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനാധിപത്യമൂല്യങ്ങളെ നശിപ്പിച്ചുകളഞ്ഞ യുഡിഎഫ് സംവിധാനത്തിനുമുള്ള ഫലപ്രദമായ രാഷ്ട്രീയബദല്‍ ഇടതുപക്ഷ ശക്തികളുടെ കയ്യില്‍ ഭദ്രമാകുമെന്ന ശുഭപ്രതീക്ഷയാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്. പുതിയ കേരളത്തെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനത്തില്‍ അമിതമായ ആത്മവിശ്വാസത്തിന്റെ അപകടത്തില്‍ പെടാതെ ജാഗ്രതയോടെ പങ്കാളികളാകാന്‍ മാര്‍ച്ച് ആഹ്വാനം ചെയ്തു.

സമാപനറാലി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തിന് ഊര്‍ജം പകരാന്‍ കേരളത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവര്‍ സംസാരിച്ചു. അന്തരിച്ച മഹാകവി ഒഎന്‍വിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു നിമിഷം മൌനമാചരിച്ച ശേഷമാണ് റാലി ആരംഭിച്ചത്. അനുശോചനപ്രമേയം പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ വായിച്ചു. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ചിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍, അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എന്നിവരെ ജില്ലാ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റികള്‍ക്കും വേണ്ടി ഷാളണിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, പി കെ ഗുരുദാസന്‍,  പി കെ ശ്രീമതി, വൈക്കം വിശ്വന്‍, എളമരം കരീം, എം സി ജോസഫൈന്‍, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, ബേബിജോണ്‍, ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, എംഎല്‍എമാര്‍,സാമൂഹ്യ, സാംസ്കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വേദിയിലുണ്ടായിരുന്നു.

വാർത്തകൾ
സ്പെഷ്യല്‍‌