സര്‍ക്കാരിന്റേത് പാഴ്വാക്ക്

കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുതന്നെ

Sunday Feb 14, 2016
സി അജിത്
കൊല്ലത്ത് കശുവണ്ടിത്തൊഴിലാളികളുമായി പിണറായി വിജയന്‍ സംസാരിക്കുന്നു

കൊല്ലം > 'കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികള്‍പൂട്ടി. ജോലിയും കൂലിയുമില്ല. പട്ടിണിയാണ് മിക്ക ദിവസവും. കുട്ടികളെ പഠിപ്പിക്കാന്‍പോലും കഴിയുന്നില്ല. അസുഖം വന്നാല്‍ ചികിത്സയ്ക്കുള്ള പണത്തിന് വല്ലവരുടെയും മുന്നില്‍ കൈനീട്ടണം.' കശുവണ്ടിത്തൊഴിലാളികള്‍ ജീവിതയാതനകള്‍ നവകേരള മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയനോട് പങ്ക് വച്ചു.
'എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ 260–270 ദിവസം ജോലിയുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു. ആദ്യവര്‍ഷങ്ങളില്‍ 120–160 ദിവസമായിരുന്നു. 2015ല്‍ തൊഴില്‍ദിനം വീണ്ടും കുറഞ്ഞു. 2016ല്‍ ഇതേവരെ കോര്‍പറേഷന്റെ ഫാക്ടറികളൊന്നും തുറന്നിട്ടേയില്ല. ഇഎസ്ഐ, പിഎഫ് തുകയൊന്നും അടച്ചിട്ടില്ല. ക്യാന്‍സര്‍ ബാധിച്ച തൊഴിലാളിക്ക് തുക അടയ്ക്കാനാകാതെ ചികിത്സ നിര്‍ത്തേണ്ടിവന്നു'– കെ എന്‍ സരസ്വതി പറഞ്ഞു.

'കോര്‍പറേഷന്റെ ഫാക്ടറികളെല്ലാം അടച്ചതോടെ സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ തൊഴിലാളികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നുണ്ട്. സ്വകാര്യ ഫാക്ടറികളില്‍ പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് തുച്ഛമായ കൂലി. ബോണസ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യവുമില്ല. പ്രതിസന്ധി രൂക്ഷമായതോടെയാണ് സെക്രട്ടറിയറ്റ് പടിക്കല്‍ സമരം നടത്തിയത്. ജനുവരിയില്‍ ഫാക്ടറികള്‍ തുറക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇന്നേവരെ നടപടിയൊന്നും ഉണ്ടായില്ല'– തൊഴിലാളികള്‍ പറഞ്ഞു.
പട്ടിണിയും പ്രാരാബ്ധവും കൂടപ്പിറപ്പായ മൂന്നു ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. 98 ശതമാനവും സ്ത്രീകള്‍. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് കശുവണ്ടിവ്യവസായം വ്യാപിച്ചുകിടക്കുന്നത്. കശുവണ്ടിവ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലംജില്ലയില്‍ സ്വകാര്യ– പൊതുമേഖലാ ഫാക്ടറികളിലായി രണ്ടരലക്ഷം തൊഴിലാളികള്‍. കശുവണ്ടി വികസന കോര്‍പറേഷന്റെ 30 ഫാക്ടറികളില്‍ 24 എണ്ണം കൊല്ലംജില്ലയില്‍. മറ്റൊരു പൊതുമേഖലാസ്ഥാപനമായ കാപ്പക്സിന് പത്ത് ഫാക്ടറിയുമുണ്ട്. ആലപ്പുഴയിലെ ഒരു ഫാക്ടറി ഒഴിച്ചാല്‍ ഒമ്പത് കാപ്പക്സ് ഫാക്ടറിയും കൊല്ലത്ത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാത്തില്‍വന്ന നാള്‍മുതല്‍ കശുവണ്ടി കോര്‍പറേഷനില്‍ തൊഴിലാളികളുടെ ഇഎസ്ഐ, ഇപിഎഫ് വിഹിതവും ബോണസ് ബാക്കിയും കുടിശ്ശികയായി. സമരത്തെതുടര്‍ന്ന് 2015 മാര്‍ച്ച് ഒന്നുമുതല്‍ മിനിമംകൂലി പുതുക്കിയെങ്കിലും നല്‍കാന്‍ തയ്യാറായില്ല. വീണ്ടും ഒരു വര്‍ഷംനീണ്ട സമരത്തെതുടര്‍ന്നാണ് വിജ്ഞാപനമായത്. കോര്‍പറേഷന്‍ മിനിമംകൂലി നല്‍കാതെ ഫാക്ടറികള്‍ അനിശ്ചിതമായി അടച്ചിട്ടു. ശക്തമായ സമരത്തെതുടര്‍ന്ന് ഓണക്കാലത്ത് 22 ദിവസം ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു. കോര്‍പറേഷനിലെ ക്രമക്കേടും അഴിമതിയും സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായതോടെ കോര്‍പറേഷന്‍ ഫാക്ടറികള്‍ വീണ്ടും അടച്ചിട്ടു. തൊഴിലാളികളുടെ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി.

അങ്കണവാടി ടീച്ചര്‍മാരും അവരുടെ പ്രശ്നം പിണറായിയോട് അവതരിപ്പിച്ചു. "പതിനായിരം രൂപയായി ശമ്പളം വര്‍ധിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പായിട്ടില്ല. ഇഎസ്ഐ, പിഎഫ് ആനുകൂല്യവും ഇല്ല. സെന്‍സസ് ഉള്‍പ്പെടെ എല്ലാ ജോലിക്കും ഞങ്ങളെ ഉപയോഗിക്കുന്നു. അവധി വെട്ടിക്കുറച്ചു. അടിമകളെപ്പോലെയാണ് തൊഴിലെടുക്കുന്നത്.'' അങ്കണവാടി ടീച്ചര്‍ യമുനയുടെ വാക്കുകള്‍.

വാർത്തകൾ
സ്പെഷ്യല്‍‌