നാടുണര്‍ന്നു; ഇനി മാറ്റത്തിന് ഗതിവേഗം

Sunday Feb 14, 2016
വി ജയിന്‍ / കെ ആര്‍ അജയന്‍
നവകേരളമാര്‍ച്ചിന് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ നല്‍കിയ സ്വീകരണത്തില്‍ പിണറായി വിജയന്‍ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു > ഫോട്ടോ / ജി പ്രമോദ്

തിരുവനന്തപുരം/കൊല്ലം > പുതിയ കേരളം സൃഷ്ടിക്കാനുള്ള ആഹ്വാനവുമായി നാടാകെ ആവേശതരംഗങ്ങളുയര്‍ത്തിയ നവകേരള മാര്‍ച്ച് തിരുവനന്തപുരം ജില്ലയില്‍. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് മൂന്ന് ലക്ഷത്തിലധികം പേരുടെ മഹാറാലിയോടെ തിങ്കളാഴ്ച  വൈകിട്ട് ശംഖുംമുഖത്ത് സമാപിക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഞായറാഴ്ച നിശ്ചയിച്ച മാര്‍ച്ച് മാറ്റിയത്.

വരുംനാളുകളെ സമര സജ്ജമാക്കി ജനലക്ഷങ്ങളുടെ ഹൃദയതാളമായി ഒരുമാസം നീണ്ട പ്രയാണത്തിനാണ് തലസ്ഥാനത്ത് പരിസമാപ്തി കുറിക്കുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് നടന്ന സ്വീകരണ പരിപാടിക്കുശേഷം ശനിയാഴ്ച വൈകിട്ട് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയിലെത്തിയ മാര്‍ച്ചിനെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വരവേറ്റു.
റാട്ടിന്‍ സംഗീതം നിലച്ച കയറിടങ്ങളിലൂടെ, വറുതിയില്‍ വെന്തുനീറുന്ന കാര്‍ഷിക ഭൂമിയിലൂടെ, കിഴക്കന്‍ മലയോരങ്ങളിലെ ദരിദ്ര കര്‍ഷകന്റെ വേദനയില്‍ പങ്കാളിയായാണ് മാര്‍ച്ച് ദേശിംഗനാട് വിട്ടത്.

ശനിയാഴ്ച രാവിലെ കൊല്ലത്തുനിന്നായിരുന്നു തുടക്കം. വൈകിട്ട് പുനലൂരിലെ സ്വീകരണസമ്മേളനത്തില്‍ പിണറായി സംസാരിച്ചു നിര്‍ത്തുമ്പോഴാണ് ഒഎന്‍വിയുടെ ചരമവാര്‍ത്ത എത്തിയത്. പൊതുസമ്മേളനമാകെ എണീറ്റുനിന്ന് പ്രിയ കവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

കൊല്ലം ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ ചടയമംഗലത്തേക്ക് പെട്രോള്‍പമ്പ് ജംഗ്ഷനില്‍നിന്നാണ് സ്വീകരിച്ചത്.  നാടന്‍പാട്ടും കലാപരിപാടികളുമൊക്കെ വേദിയില്‍ തിമിര്‍ത്താടി. സ്ഥിരാംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എന്നിവര്‍ സംസാരിച്ചു.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 15ന് കാസര്‍കോട് ഉപ്പളയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്  പിബി അംഗം പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് മാര്‍ച്ച് സമാപിക്കുന്നത്.  116 കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. 30 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിന്നുള്ള ജനങ്ങള്‍ തിങ്കളാഴ്ച ശംഖുംമുഖത്തെ സമാപനറാലിയില്‍ പങ്കെടുക്കും.

വാർത്തകൾ
സ്പെഷ്യല്‍‌