സ്നേഹാഭിവാദ്യവുമായി ഗാന്ധിഭവനില്‍

Friday Feb 12, 2016
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കൊപ്പം പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍ എംപി, കെ ബി ഗണേശ്കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍

കൊല്ലം > പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ പിണറായി വിജയനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. നവകേരള മാര്‍ച്ചിന്റെ തിരക്കുകള്‍ മാറ്റിവച്ച് അവരോടൊപ്പം ഒത്തുചേരാന്‍ ജനനായകന്‍ സമയം കണ്ടെത്തിയതോടെ അവരുടെ സന്തോഷം ഇരട്ടിയായി. സമൂഹം വേണ്ടെന്നു വിധിച്ചവര്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.

കൊല്ലം ജില്ലയിലെ ആദ്യ സ്വീകരണസ്ഥലമായ പത്തനാപുരത്താണ് പിണറായി വിജയനായി ഈ വ്യത്യസ്ത സ്വീകരണം ഒരുക്കിയത്. പൊതുസമ്മേളനത്തിനു ശേഷം അദ്ദേഹം ഗാന്ധിഭവനിലേക്കാണ് പോയത്. ഗാന്ധിഭവനിലെ കുട്ടികളുടെ ബാന്‍ഡ് സംഘമാണ് വാദ്യമേളങ്ങളോടെ അദ്ദേഹത്തെ ആദ്യം വരവേറ്റത്. തുടര്‍ന്ന് സ്റ്റേജിലേക്ക് ആനയിച്ചു.

സ്റ്റേജിലിരുന്ന അദ്ദേഹത്തിന് അന്തേവാസികളായ കുട്ടികള്‍ അവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപഹാരമായി നല്‍കി. റോസാപ്പൂക്കള്‍ നല്‍കി കുട്ടികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. നിങ്ങളെയെല്ലാം വന്നുകാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് പിണറായി അന്തേവാസികളോട് പറഞ്ഞു. ജാഥയെ വരവേല്‍ക്കാന്‍ ജനം കാത്തിരിക്കുന്നതിനാല്‍ അധികം സമയം ചെലവഴിക്കാന്‍ കഴിയില്ല. തന്റെ സ്നേഹാഭിവാദ്യം അര്‍പ്പിക്കുന്നതായി എല്ലാവരോടും പറഞ്ഞാണ് അദ്ദേഹം വിട ചോദിച്ചത്.

ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പിണറായി വിജയനെ ഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റിഅംഗങ്ങളായ കെ രാജഗോപാല്‍, കെ വരദരാജന്‍, പി രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹന്‍, ഗണേശ്കുമാര്‍ എംഎല്‍എ, ഏരിയ സെക്രട്ടറി എന്‍ ജഗദീശന്‍, ജില്ലാ കമ്മിറ്റിഅംഗങ്ങളായ മീരാപിള്ള, ബി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ
സ്പെഷ്യല്‍‌