സാന്ത്വനമായി ലെപ്രസി സാനിറ്റേറിയത്തില്‍

Thursday Feb 11, 2016
ആര്‍ ശിവപ്രസാദ്
പിണറായി വിജയന്‍ നൂറനാട് ലെപ്രസി സാനിറ്റേറിയത്തിലെ അന്തേവാസികള്‍ക്കൊപ്പം

ചാരുംമൂട് > കുഷ്ഠരോഗബാധിതരായി, ഉറ്റവരെയും ഉടയവരെയും വേര്‍പെട്ട് ദുരിതജീവിതം നയിക്കുന്നവര്‍ക്ക് ജനനായകന്റെ സന്ദര്‍ശനം ആശ്വാസകിരണമായി. നവകേരള മാര്‍ച്ചിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് പിണറായി വിജയന്‍ നൂറനാട് ലെപ്രസി സാനിറ്റേറിയത്തിലെത്തിയത്. അന്തേവാസികള്‍ മുച്ചക്രവാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമായി പ്രിയനേതാവിനെ സ്വീകരിക്കാനെത്തി.

ആശുപത്രിയിലെ ദുരിതജീവിതം പിണറായിയോട് അവര്‍ വിവരിച്ചു. ഇന്തോ– ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സാനിറ്റേറിയംവളപ്പിലെ 60 ഏക്കറില്‍ സ്വാധീനമുറപ്പിച്ചശേഷം, തങ്ങളുടെ ഉറ്റവരെ അടക്കിയ ശ്മശാനത്തിലേക്കുപോലും കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണ്. ഐടിബിപി സൈനികകേന്ദ്രത്തിന് കൊടുത്ത സ്ഥലത്തുകൂടിവേണം ശ്മശാനത്തിലെത്താന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടുതവണ അന്തേവാസികളെ കാണാന്‍ നേരിട്ടെത്തുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പറ്റിച്ചു– അന്തേവാസികള്‍ പറഞ്ഞു.

നൂറനാട് ലെപ്രസി സാനിറ്റേറിയം ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്ന് പിണറായി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ ആശുപത്രിയായ നൂറനാട് സാനിറ്റേറിയത്തിന്റെ ദൈന്യത എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളുടെ പൊതുസ്ഥിതി ഇന്ന് പരമദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സാനിറ്റേറിയം മെഡിക്കല്‍ സൂപ്രണ്ട് പി പി ദിവ്യ, ആര്‍എംഒ ഡോ. ഷെമീന അബ്ദുള്‍, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍കുഞ്ഞ് എന്നിവര്‍ പിണറായിയെ സ്വീകരിച്ചു. ജാഥാംഗം എം വി ഗോവിന്ദന്‍, സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായി.

വാർത്തകൾ
സ്പെഷ്യല്‍‌