വീടും 1.08 ഏക്കറും സംഭാവന

കരുണയ്ക്ക് സമവാക്യമായി എലിസബത്ത് ടീച്ചര്‍

Thursday Feb 11, 2016
വീടും പുരയിടവും 'കരുണ'യ്ക്ക് നല്‍കാനുള്ള സമ്മതപത്രം എലിസബത്ത് വര്‍ഗീസ് പിണറായി വിജയന് കൈമാറുന്നു

ചെങ്ങന്നൂര്‍ > രോഗപീഢകളാല്‍ വേദന തിന്ന് കഴിയുന്നവര്‍ക്ക് കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശമേകാന്‍ എലിസബത്ത് ടീച്ചര്‍ സമര്‍പ്പിച്ചത് സ്വന്തം വീടും പുരയിടവും. സാന്ത്വനപരിചരണ രംഗത്ത് നിറസാന്നിധ്യമായ ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനാണ് മുന്‍അധ്യാപികയായ എലിസബത്ത് വര്‍ഗീസ് 1.08 ഏക്കറിലുള്ള വീടും പുരയിടവും സൌജന്യമായി നല്‍കിയത്. ചെങ്ങന്നൂര്‍ വെണ്‍മണി പഞ്ചായത്തിലെ കെ കരോട് കൊഴുവല്ലൂരിലുള്ള രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വസ്തു 'കരുണ'യ്ക്ക് നല്‍കാനുള്ള സമ്മതപത്രം നവകേരളമാര്‍ച്ചിനിടെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഏറ്റുവാങ്ങി.

നിരാലംബര്‍ക്ക് എലിസബത്ത് ടീച്ചര്‍ എന്നും അഭയകേന്ദ്രമാണ്. സഹായംതേടി വീട്ടിലെത്തുന്നവരെ നിരാശപ്പെടുത്തില്ല. ഉള്ളതിലൊരു പങ്ക് നിറഞ്ഞ മനസ്സോടെ നല്‍കും. ചികിത്സയ്ക്കും മറ്റും പണമില്ലാത്ത നിരവധിപേര്‍ ടീച്ചറെ തേടിയെത്താറുണ്ട്. ചെറിയ തുക നല്‍കിയാണെങ്കിലും സഹായിക്കും. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പെന്‍ഷന്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.

"വീടും പുരയിടവും തന്റെ കാലശേഷം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി വിട്ടുനല്‍കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അപ്പോഴാണ് കരുണ സാന്ത്വനപരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഞാന്‍ ഉദ്ദേശിച്ച പോലെ നല്ലരീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്ന് ബോധ്യമുള്ളതിനാലാണ് വസ്തു നല്‍കാന്‍ തീരുമാനിച്ചത്.''–എലിസബത്ത് പറഞ്ഞു.

കൊഴുവല്ലൂര്‍ സിഎംഎസ് സ്കൂളില്‍ അധ്യാപികയായിരുന്ന എലിസബത്ത് 1990ല്‍ വിരമിച്ചു. ഭര്‍ത്താവ് എം വി വര്‍ഗീസ് എല്‍ഐസി ഉദ്യോഗസ്ഥനായിരുന്നു. മക്കളില്ല.
ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഇക്കാലത്ത് ഒരേക്കറിലധികം ഭൂമി വിട്ടുനല്‍കാന്‍ വലിയ മനസ്സുള്ളവര്‍ക്ക് മാത്രമെ കഴിയൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തില്‍ രോഗികളെ സഹായിക്കാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2015 മെയ് ഒന്നിനാണ് കരുണ ഗൃഹകേന്ദ്രീകൃത സാന്ത്വനപ്രവര്‍ത്തനം തുടങ്ങിയത്. ചെങ്ങന്നൂര്‍താലൂക്കിലും ചെന്നിത്തല പഞ്ചായത്തിലുമായി 11 സോണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 178 വാര്‍ഡുകളിലായാണ് പ്രവര്‍ത്തനം. 1300 ഓളം രോഗികളെ പരിചരിക്കുന്നുണ്ട്. ഇവര്‍ക്ക് സൌജന്യമായി മരുന്നും മറ്റും വിതരണം ചെയ്യുന്നു. കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനാണ് കരുണപെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാന്‍.

വാർത്തകൾ
സ്പെഷ്യല്‍‌