കാരുണ്യത്തണലായ് നവജീവന്‍

Monday Feb 8, 2016
പിണറായി വിജയന്‍ കോട്ടയം പനമ്പാലം വില്ലൂന്നി നവജീവന്‍ ട്രസ്റ്റിലെത്തിയപ്പോള്‍

കോട്ടയം > ദിനംപ്രതി 5000 പേര്‍ക്ക് സൌജന്യഭക്ഷണം. മാനസിക രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ സമൂഹം പുറംതള്ളിയ 250ഓളം പേര്‍ക്ക് സംരക്ഷണം. കിടപ്പുരോഗികള്‍ക്ക് മുടങ്ങാതെ ചികിത്സയും മരുന്നും. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം. കാരുണ്യത്തിന്റെ തണല്‍മരമായി പടരുകയാണ് കോട്ടയം പനമ്പാലം വില്ലൂന്നി നവജീവന്‍ ട്രസ്റ്റ്്. നവകേരള മാര്‍ച്ചിനിടെ സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗം പിണറായി വിജയന്‍ നവജീവനിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. നവജീവന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പി യു തോമസും അന്തേവാസികളും ചേര്‍ന്ന് പിണറായിയെ പൂച്ചെണ്ട് നല്‍കി വരവേറ്റു.

ജീവകാരുണ്യരംഗത്ത് അരനൂറ്റാണ്ടായി നിറസാന്നിദ്ധ്യമാണ് പി യു തോമസ് എന്ന തോമസ് ചേട്ടന്‍. അനേകായിരങ്ങളെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് വഴികാട്ടാനും നിരാലംബരും നിരാശ്രയരുമായ നിരവധിപേര്‍ക്ക് പുതുജീവിതം നല്‍കാനും തോമസിനും നവജീവനും കഴിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ലാആശുപത്രി എന്നിവിടങ്ങളിലെ രോഗികളും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി 5000 പേര്‍ക്കാണ് സൌജന്യഭക്ഷണം നല്‍കുന്നത്. ഒരുദിവസം പോലും മുടങ്ങില്ല. നിര്‍ധനരോഗികള്‍ക്ക് മരുന്നും ചികിത്സാ സഹായവും ആംബുലന്‍സുമെല്ലാം സൌജന്യമായി ലഭ്യമാക്കുന്നു. നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയിലാണ് പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്ന് തോമസ് പറയുന്നു.
പതിനാറാം വയസ്സില്‍ രോഗിയായി ജില്ലാആശുപത്രിയില്‍ കഴിഞ്ഞനാളില്‍ പട്ടിണി അനുഭവിക്കുന്ന രോഗികളെ കണാനിടയായതാണ് ജീവകാരുണ്യരംഗത്തേക്ക് കടക്കാന്‍ തോമസിനെ പ്രേരിപ്പിച്ചത്. അന്ന്മുതല്‍ ശ്രമം തുടങ്ങി. ഇരുപതാം വയസ്സില്‍ തോമസിന് കോട്ടയം മെഡിക്കല്‍കോളേജില്‍ അറ്റന്ററായി ജോലി ലഭിച്ചു. അതോടെ, ആശുപത്രി പരിസരത്തെ വീടുകളില്‍നിന്നും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍നിന്നും കോണ്‍വെന്റുകളില്‍നിന്നുമൊക്കെ ഭക്ഷണം ശേഖരിച്ച് രോഗികള്‍ക്ക് നല്‍കിത്തുടങ്ങി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന പി സി ലോഡ്ജിലെ മുറിയിലാണ് നവജീവന്‍ തുടങ്ങിയത്. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് മുറി ഒഴിഞ്ഞു കൊടുത്തത്. കോട്ടയം നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്ന മനോരോഗം ബാധിച്ച മൂന്ന് പേരെ അവിടെ പ്രവേശിപ്പിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മറ്റ് മുറികള്‍ കൂടി വിദ്യാര്‍ഥികള്‍ ഒഴിവാക്കി കൊടുത്തു.1991ല്‍ നവജീവന്‍ ട്രസ്റ്റായി. ഇന്ന് പനമ്പാലത്ത് സ്വന്തം കെട്ടിടമായി. മനോരോഗം ബാധിച്ചവരും വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായി 247പേര്‍ ഇപ്പോള്‍ നവജീവനിലുണ്ട്.

ആശുപത്രികളില്‍ ഭക്ഷണം കൊണ്ടുപോകാന്‍ വാഹനവും അനാഥരോഗികളെ കൊണ്ടുവരുന്നതിനും ആശുപത്രിയില്‍ എത്തിക്കുന്നതിനുമായി ആംബുലന്‍സും നാട്ടുകാരുടെ സഹായത്തോടെ വാങ്ങി. കടത്തിണ്ണകളിലും ആശുപത്രി വരാന്തയിലും കഴിഞ്ഞ അനാഥരും മനോരോഗികളുമായ ഒട്ടേറെപേര്‍ക്ക് നവജീവന്‍ അഭയമായി. ഭക്ഷണത്തിനും ചികിത്സയ്ക്കും മറ്റുമായി പ്രതിദിനം ഒരുലക്ഷം രൂപയാണ് ചെലവിടുന്നത്. വിദേശഫണ്ടോ, സര്‍ക്കാര്‍ സഹായമോ ഇല്ലാതെ നാട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം നടത്തുന്നതെന്ന് തോമസ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇടയ്ക്ക് നവജീവനിലെത്തി അന്തേവാസികളെ പരിചരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളും പരിചരണം നല്‍കും. മനോരോഗം ബാധിച്ച് നവജീവനിലെത്തിയ 3200 മനോരോഗികള്‍ സുഖം പ്രാപിച്ച് തിരിച്ചു പോയതായി തോമസ് പറഞ്ഞു.

നവജീവനിലെ കിടപ്പുരോഗികളെ പിണറായി കട്ടിലിനടുത്ത് ചെന്ന് കണ്ടു. ഭക്ഷണം പാചകം ചെയ്യുന്ന വിശാലമായ അടുക്കളയും അദ്ദേഹം സന്ദര്‍ശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ
സ്പെഷ്യല്‍‌