ഇറ്റുവീഴുന്ന ദുരിതജീവിതം

Monday Feb 8, 2016
സൌഹൃദക്കൂട്ടായ്മയില്‍ പൌരപ്രമുഖരോടൊപ്പം

കോട്ടയം > 'റബര്‍ കര്‍ഷകരിന്ന് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലാണ്. റബറിന് വിലയില്ലാതായതോടെ ജീവിതം വഴിമുട്ടി. ഇതിനിടയിലാണ് സഹകരണസംഘങ്ങളുടെ തട്ടിപ്പും' നവകേരള മാര്‍ച്ചിന്റെ നായകന്‍ പിണറായി വിജയന് മുന്നില്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ വിവരിച്ചു. ഞായറാഴ്ച രാവിലെ സിപിഐ എമ്മിന്റെ ആതിഥ്യം സ്വീകരിച്ച് കോട്ടയത്തെ സൌഹൃദക്കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയത് നാടിന്റെ പരിച്ഛേദം. കര്‍ഷകര്‍, വ്യാപാരികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥപ്രമുഖര്‍, നിര്‍മാണമേഖലയിലുള്ളവര്‍, അധ്യാപകര്‍, ആതുരരംഗത്തെ പ്രശസ്തര്‍ തുടങ്ങിയവര്‍ സൌഹൃദക്കൂട്ടായ്മക്കെത്തി.

പിണറായിയുടെ ആമുഖഭാഷണത്തോടെയായിരുന്നു തുടക്കം. 'ഇത്തരം കൂടിച്ചേരലുകള്‍ ഞങ്ങള്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോ പ്രദേശത്തെയും വികസനപ്രശ്നങ്ങളോട് സംവദിച്ചാണ് മാര്‍ച്ച് നീങ്ങുന്നത്. പൊതുവായ ആവശ്യങ്ങളും ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് സഹായകരമാവും.'' പിണറായി പറഞ്ഞു.

വിലയിടിവില്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെക്കുറിച്ചായിരുന്നു വ്യാപാരിപ്രതിനിധി പയസ് സ്കറിയ പറഞ്ഞത്. പിണറായി ഉയര്‍ത്തിയ 'അമൂല്‍ മോഡല്‍' ആശയത്തെ സ്വാഗതം ചെയ്താണ് കിഴതടിയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ സംസാരിച്ചത്. കോടികള്‍ തട്ടിയ യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നായിരുന്നു ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ കെ സി ജോസഫിന്റെ പരാതി. നടപടി മാത്രമല്ല, നഷ്ടപരിഹാരം ഈടാക്കുക തന്നെ വേണമെന്നായിരുന്നു പിണറായിയുടെ മറുപടി. അധികഇറക്കുമതിയാണ് വിലത്തകര്‍ച്ചയുടെ കാരണമെന്ന്  പ്ളാന്റര്‍ ജോണ്‍ തോമസ് കൊട്ടുകാപ്പള്ളി പറഞ്ഞു. 'നവകേരളമാര്‍ച്ച് ലക്ഷ്യംകാണട്ടെ' എന്ന ആശീര്‍വാദമാണ് കോട്ടയം താജ് ജുമാമസ്ജിദ് ചീഫ് ഇമാം ഷംസുദ്ദീന്‍ ഖാസിമി നല്‍കിയത്. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുന്ന, സ്നേഹത്തിന്റെ കൂട്ടായ്മയാണ് സിപിഐ എം എന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രതാരം വിജയരാഘവന്‍, കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സംഗീതസംവിധായകന്‍ ആലപ്പി രംഗനാഥ്, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, മുതിര്‍ന്ന അഭിഭാഷകന്‍ വി കെ സത്യവാന്‍ നായര്‍, അഡ്വ. സി കെ വിദ്യാസാഗര്‍, അഡ്വ. സുരേഷ്ബാബു തോമസ്, ഹൃദ്രോഗവിദഗ്ധരായ ഡോ. എന്‍ സുദയകുമാര്‍, ഡോ. അബ്ദുള്‍ഖാദര്‍, സ്വര്‍ണ വ്യാപാരികളെ പ്രതിനിധീകരിച്ച് ജോസ്കോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ബാബു ജോസഫ്, ശീമാട്ടി ടെക്സ്റ്റയില്‍സ് ഉടമ തിരുവെങ്കിടം, അയ്യപ്പാസ് ടെക്സ്റ്റയില്‍സ് ഉടമ വേണുഗോപാല്‍, മാത്യു അലക്സ് വെള്ളാപ്പള്ളി, ഹോട്ടല്‍വ്യവസായി രവി, ഡോ. പി കെ പത്മകുമാര്‍, കെ ഷറഫുദ്ദീന്‍, ജോര്‍ജ് വാലി തുടങ്ങി ഒട്ടേറെപേര്‍ പങ്കെടുത്തു.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ അധ്യക്ഷനായി. മാര്‍ച്ച് മാനേജര്‍ എം വി ഗോവിന്ദന്‍, അംഗങ്ങളായ കെ ജെ തോമസ്, പി കെ ബിജു എംപി എന്നിവരും പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു.

വാർത്തകൾ
സ്പെഷ്യല്‍‌