17 November Saturday

ഗാസയുടെ മുറിവുകള്‍ക്ക് സ്നേഹലേപനമായി ഗസല്‍സന്ധ്യ

വെബ് ഡെസ്‌ക്‌Updated: Friday Aug 15, 2014

 

കോഴിക്കോട്: നിലാവിനെക്കുറിച്ചായിരുന്നില്ല ആ പാട്ട്. നിലാവ് നഷ്ടമായ സ്വപ്നങ്ങളില്ലാത്ത ഒരു ജനതയുടെ വേദനകളായിരുന്നു ഗസലായി ഒഴുകിയത്. പലസ്തീന്‍ ജനതക്കായി സ്നേഹത്തിന്റെ താളത്തില്‍, കരുണയുടെ രാഗത്തില്‍ ഹൃദയാര്‍ദ്രമായി മഴ പാടി... ഗുലോം മെ രംഗ് ഭരേ.... ബാദനോ ബഹാര് ചലേ....(പുതു വസന്തത്തിന്റെ കാറ്റ് വീശട്ടെ.... പൂക്കളില്‍ നിറങ്ങള്‍ പടരട്ടേ...,). കോഴിക്കോടന്‍ സംഗീതപ്രണയികള്‍ക്ക് അപൂര്‍വ സംഗീതവിരുന്നായി "ഗാസക്കായൊരു ഗസല്‍' പരിപാടി.

ഗസലിന്റെ വശ്യതക്കുപരിയായി ഗാസയിലെ നോവുകള്‍ക്ക്പാട്ടിനാലൊരു സ്നേഹലേപനമായിരുന്നു യുവഗായിക മഴയുടെ സംഗീതസന്ധ്യ. ഭജനിലായിരുന്നു തുടക്കം. ""വൈഷ്ണവ ജനതോ തേനെ കഹിയേജെ... തുടര്‍ന്ന് ബാബുരാജിന്റെയും അബ്ദുള്‍ഖാദറിന്റെയും ഭാവഗാനങ്ങളിലൂടെ ഗസല്‍ സുല്‍ത്താന്‍ മെഹ്ദിഹസനും ഫരീദാ ഖാനും വിദ്യാര്‍ഥിനിയായ മഴയുടെ ശബ്ദസൗന്ദര്യത്തില്‍ പ്രവാഹമായി. മെഹ്ദിഹസന്റെ "രഞ്ജിഷ് ഹീ സഹി'..., ബാബുരാജിന്റെ "ഇന്നലെ മയങ്ങുമ്പോള്‍'..., മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല..., സ്വരസുഷിരങ്ങളില്ലാത്ത സുന്ദര സ്വര്‍ണമുരളികയില്‍... പ്രശസ്ത ബംഗാളി ഗസല്‍ ഗായിക ഷുമോന റോയ് ബിശ്വാസിന്റെ ആലാപനത്തിലൂടെ പ്രശസ്തമായ മിര്‍സാ ഗാലിബിന്റെ ഗസല്‍ - ബസ്കേ ദുഷ്വാര്‍ ഹേ...... തുടങ്ങിയവയും അനിര്‍വചനീയ ഗാനോപഹാരമായി.

നിറങ്ങളും വസന്തവും തട്ടിപ്പറിക്കപ്പെട്ട് ഒലിവിലകളില്‍ ചോരപടരുന്നതിനെതിരെ സംഗീതത്തിലൂടെ ഒരോര്‍മിപ്പിക്കലായി ടൗണ്‍ഹാളില്‍ നടന്ന ഗസല്‍. പലസ്തീന്‍ കവി മഹമ്മൂദ് ദാര്‍വീസിന്റെ കവിത ചൊല്ലി ഗായകന്‍ ഷഹബാസ് അമന്‍ ഗസല്‍സന്ധ്യയ്ക്ക് ഐക്യദാര്‍ഢ്യമേകി. പ്രശസ്ത സിത്താര്‍ വാദകന്‍ ഇബ്രാഹിംകുട്ടി, ഉസ്മാന്‍ (ഹാര്‍മോണിയം), റസാക്ക് (തബല) എന്നിവര്‍ താളവാദ്യമൊരുക്കി. നിരവധി വേദികളില്‍ ഗസല്‍കച്ചേരി അവതരിപ്പിച്ച മഴ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ദേശാഭിമാനി ചീഫ് സബ്എഡിറ്റര്‍ ഷിബു മുഹമ്മദിന്റെയും കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി ഹസീനയുടെയും മകളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top