18 July Wednesday

സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരം ഒ എന്‍ വിക്കും ഉണ്ണിമേനോനും

സ്വന്തം ലേഖകന്‍Updated: Wednesday Apr 29, 2015

തിരുവനന്തപുരം> ഈ വര്‍ഷത്തെ സ്വരലയ-കൈരളി-യേശുദാസ് ലെജന്‍ഡറി പുരസ്കാരം ഒ എന്‍ വി കുറുപ്പിനും ജനപ്രിയ സംഗീതത്തിനുള്ള അവാര്‍ഡ് ഗായകന്‍ ഉണ്ണിമേനോനും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. മുന്‍ സാംസ്കാരികമന്ത്രി എം എ ബേബി അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ഡോ. കെ ഓമനക്കുട്ടി, എം ജയചന്ദ്രന്‍, പ്രഭാവര്‍മ, രവിമേനോന്‍, ജി രാജ്മോഹന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.മെയ് അവസാനം തിരുവനന്തപുരത്ത് ഗന്ധര്‍വസന്ധ്യയില്‍ കെ ജെ യേശുദാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവാര്‍ഡ് ജേതാക്കളുള്‍പ്പെടെ ഇരുപതോളം ഗായകര്‍ ഗന്ധര്‍വസന്ധ്യയില്‍ പങ്കെടുക്കുമെന്ന് സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി രാജ്മോഹനും ജനറല്‍ സെക്രട്ടറി ഇ എം നജീബും കോ ഓര്‍ഡിനേറ്റര്‍ ആര്‍ എസ് ബാബുവും കൈരളി ഡയറക്ടര്‍ (ഫിനാന്‍സ്) വെങ്കിട്ടരാമനും അറിയിച്ചു.

ആറുപതിറ്റാണ്ടായി മലയാള ചലച്ചിത്ര -നാടക ഗാനശാഖയ്ക്ക് നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് ഒ എന്‍ വിക്ക് ലെജന്‍ഡറി പുരസ്കാരം. കവിതയും ചലച്ചിത്രഗാനവും തമ്മിലുള്ള അതിര്‍ത്തിരേഖ തീര്‍ത്തും അപ്രസക്തമാക്കിയ രചനാസൗഷ്ഠവമാണ് ഗാനരചയിതാവെന്നനിലയില്‍ ഒ എന്‍ വിയെ വേറിട്ടുനിര്‍ത്തുന്നതെന്ന് ജൂറി വിലയിരുത്തി.ചലച്ചിത്ര ഗാനാലാപനത്തിന്റെ 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഉണ്ണിമേനോന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകരിലൊരാളാണ്.

1981ല്‍ മുന്നേറ്റം, കടത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് ഗുരുവായൂര്‍ സ്വദേശിയായ ഉണ്ണിമേനോന്‍ പിന്നണിഗായകനായത്. "അക്ഷരങ്ങളി'ലെ "തൊഴുതുമടങ്ങും സന്ധ്യയുമേതോ' (ഒ എന്‍ വി, ശ്യാം) എന്നതുള്‍പ്പെടെ നിരവധി ഹിറ്റ്ഗാനങ്ങളുടെ ഉടമയായി മാറി. "സ്ഥിതി'യിലൂടെ നടനും സംഗീതസംവിധായകനുമായി.

വാര്‍ത്താസമ്മേളനത്തില്‍ സ്വരലയ ട്രഷറര്‍ തോമസ് ഫിലിപ്പ് (ഡെല്‍റ്റ), കൈരളി ടി വി പ്രോഗ്രാംസ് ഡയറക്ടര്‍ സോമകുമാര്‍, ബെറ്റി ലൂയിസ് ബേബി, ജി സുന്ദരേശന്‍ എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top