അമിത് ഷാ ഓപ്പറേഷന്‍ പരാജയം: കോടിയേരി

Sunday Nov 8, 2015

തിരുവനന്തപുരം> സിപിഐ എമ്മിനെ മൂന്നാംസ്ഥാനത്തേക്ക് താഴ്ത്തുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ബിജെപിഎസ്എന്‍ഡിപി മൂന്നാംമുന്നണിക്ക് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്നും 'അമിത് ഷാ ഓപ്പറേഷന്‍' പരാജയപ്പെട്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കുമെന്നാണ് അമിത് ഷാ കേരളത്തില്‍വന്ന് പ്രഖ്യാപിച്ചത്. പാലക്കാട് അടക്കം പത്ത് മുനിസിപ്പാലിറ്റിയും 50 ഗ്രാമപഞ്ചായത്തും പിടിക്കുകയെന്ന 'അമിത് ഷാ ഓപ്പറേഷന്റെ' ലക്ഷ്യവും പരാജയപ്പെട്ടു.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ശക്തമായി രംഗത്തുവന്ന ബിജെപിഎസ്എന്‍ഡിപി മുന്നണിക്ക് നേട്ടമുണ്ടാക്കാനായില്ല. ചില സ്ഥലങ്ങളില്‍ എസ്എന്‍ഡിപിക്ക് ഒരു വിഭാഗം വോട്ടര്‍മാരില്‍ തെറ്റിദ്ധാരണയുണ്ടാക്കാനായി. അതത് സ്ഥലങ്ങളില്‍ ഇക്കാര്യം പാര്‍ടി പരിശോധിക്കും. ബിജെപി മുന്നണിയും യുഡിഎഫും തമ്മിലായിരിക്കും മത്സരമെന്നായിരുന്നു പ്രചാരണം. അത് വിജയം കണ്ടില്ല. വെള്ളാപ്പള്ളി നടേശന്റെ സ്വാധീനകേന്ദ്രങ്ങളില്‍പോലും ആ മുന്നണിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.ജില്ലാപഞ്ചായത്തുകളില്‍ യുഡിഎഫ് ഭൂരിപക്ഷത്തിലേക്ക് വരുന്നുവെന്ന് പറഞ്ഞ ജില്ലകള്‍ ചെറുതാണ്.

പ്രധാന ജില്ലകളില്‍ ജില്ലാപഞ്ചായത്തുകളില്‍ യുഡിഎഫ് പരാജയം അംഗീകരിക്കുന്നു. കോര്‍പറേഷനുകളില്‍ കൊച്ചിയില്‍മാത്രമാണ് യുഡിഎഫിന് മുന്‍കൈ. യുഡിഎഫ്് മൂന്നില്‍ രണ്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച തൃശൂര്‍ കോര്‍പറേഷനില്‍ ഭൂരിപക്ഷംപോലും നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിനുവേണ്ടി മാത്രമുണ്ടാക്കിയ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യം. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനാണ് ജയിച്ചത്. ജയിക്കുന്ന വിമതരെ കല്‍പ്പാന്തകാലം കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍, ജയിച്ച വിമതനെ ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് കൂടെനിര്‍ത്താന്‍ നോക്കുന്നു.

കോര്‍പറേഷനിലുണ്ടായ ജനവിധി യുഡിഎഫ് സര്‍ക്കാരിനെ പൊതുസമൂഹം, പ്രത്യേകിച്ച് ഇടത്തരം ജനവിഭാഗം എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ തെളിവാണ്. യുഡിഎഫിന് ജയിക്കാന്‍ പാകത്തിലാണ് സമീപ പഞ്ചായത്തുകള്‍ കൊല്ലം കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്തത്. യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്വീകരിച്ച രാഷ്ട്രീയവഞ്ചനയ്ക്കുള്ള തിരിച്ചടിയാണ് കൊല്ലത്ത് ആര്‍എസ്പിക്കേറ്റ ദയനീയ പരാജയം. തിരുവനന്തപുരം കോര്‍പറേഷനില്‍ ഒന്നാമതെത്തിയെങ്കിലും ചില സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതും പ്രധാന നേതാക്കള്‍ തോറ്റതും പ്രത്യേകം പരിശോധിക്കും. തെരഞ്ഞെടുപ്പുഫലം പൂര്‍ണമായി പുറത്തുവരുമ്പോള്‍ സിപിഐ എം സൂക്ഷ്മമായി വിലയിരുത്തും. പോരായ്മയോ ദൗര്‍ബല്യമോ ഉണ്ടായോ എന്നു പരിശോധിക്കും. ജനങ്ങളുമായി കൂടുതല്‍ ഇടപഴകി ജനസേവകരായി പ്രവര്‍ത്തിക്കുകയെന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കുന്നത്. സിപിഐ എം സ്വീകരിച്ച പല പദ്ധതികളും ജനങ്ങളെ ആകര്‍ഷിച്ചു. അത്തരം പ്രവര്‍ത്തനങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയെന്നത് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശമാണ്.

ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫിന്റെ പ്രചാരണം സാധൂകരിക്കപ്പെട്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാണിക്ക് കൈക്കൂലി കൊടുത്തത് അറിയാത്തവരായിരിക്കും അവിടെ മാണിയുടെ പാര്‍ടിയെ വിജയിപ്പിച്ചത്. എന്നാല്‍, കേരളത്തിലെ മൊത്തം ജനങ്ങള്‍ക്ക് കാര്യങ്ങളറിയാം. മാണി നടത്തിയ പ്രതികരണം അപാരമായ തൊലിക്കട്ടി തെളിയിക്കുന്നു.

സിപിഐ എമ്മും എല്‍ഡിഎഫും വളരെ ഐക്യത്തോടെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പാണിത്. എല്ലാ പാര്‍ടി അംഗങ്ങളും സജീവമായി രംഗത്തിറങ്ങി. യുഡിഎഫിനൊപ്പമുണ്ടായിരുന്ന ചിലര്‍ അവിടം വിട്ട് എല്‍ഡിഎഫുമായി സഹകരിച്ചു. ഇതിനെയെല്ലാം ഏകോപിപ്പിച്ച് പാര്‍ടിക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നത് പ്രധാന ഘടകമാണ്.

ആര്‍എസ്പിയും ജനതാദളും (യു) തെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സിലാക്കി നിലപാടുകള്‍ തിരുത്തുമോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്. ആര്‍എസ്പിയുടെ അണികള്‍ അവര്‍ക്കെതിരെ വോട്ട് ചെയ്തു. ജനതാദളിന്റെ അണികളും നേതൃത്വത്തിന്റെ നിലപാടിനെതിരാണ്. യുഡിഎഫ് വിട്ടുവരുന്ന പാര്‍ടികളുടെ നിലപാടനുസരിച്ചാണ് എല്‍ഡിഎഫില്‍ എടുക്കണോയെന്ന് തീരുമാനിക്കുകയെന്ന് കോടിയേരി പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം