സെമി തോറ്റു; ഫൈനല്‍ കളിക്കുമോ?

Sunday Nov 8, 2015

എം രഘുനാഥ്

തിരുവനന്തപുരം > തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പുള്ള സെമിഫൈനലായാണ് യുഡിഎഫ് നേതാക്കളെല്ലാം വിശേഷിപ്പിച്ചത്. എ കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരെല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള തെരഞ്ഞെടുപ്പെന്ന് തറപ്പിച്ചുപറഞ്ഞു. എന്നാല്‍, യുഡിഎഫ് പതനം പൂര്‍ണമായതോടെ ഉയരുന്ന ചോദ്യം, ഫൈനല്‍ കളിക്കാന്‍ ഭരണംവിട്ട് ഇപ്പോഴേ ഇറങ്ങുമോ എന്നതാണ്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍മാത്രമല്ല, കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് മുന്നണിസംവിധാനം സംസ്ഥാനത്താകെ തകര്‍ന്നടിഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലുണ്ടായ ജയംപോലും നിറംകെട്ടതായി.

ആറ് കോര്‍പറേഷനില്‍ കൊച്ചി മാത്രമാണ് യുഡിഎഫിന് നിലനിര്‍ത്താനായത്. തലസ്ഥാന കോര്‍പറേഷനില്‍ യുഡിഎഫ് അറുപതിലേറെ ഡിവിഷനുകളില്‍ മൂന്നാംസ്ഥാനത്താണ്. എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചത് ബിജെപിക്ക് നേട്ടമായി. ഒപ്പം ബിജെപി വോട്ട് കോണ്‍ഗ്രസിനു മറിച്ചുനല്‍കിയും എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ രണ്ടു കൂട്ടരും ഒത്തുകളിച്ചു. യുഡിഎഫിനായി ഉണ്ടാക്കിയ കണ്ണൂര്‍ കോര്‍പറേഷനില്‍പ്പോലും വിജയം നേടാനായില്ല. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകള്‍ എല്‍ഡിഎഫ് തൂത്തുവാരി. തൃശൂരിലും ഏറ്റവും വലിയ കക്ഷി എല്‍ഡിഎഫാണ്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴു ജില്ലാപഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, മലപ്പുറം എന്നിവ യുഡിഎഫിനു കിട്ടി. വാര്‍ഡുകള്‍ വെട്ടിമുറിച്ച് അധികാരം പിടിക്കാന്‍ ശ്രമിച്ച കാസര്‍കോട് ജില്ലാപഞ്ചായത്തിലും കേവലഭൂരിപക്ഷം നേടാനായില്ല. ആകെയുള്ള 331 വാര്‍ഡില്‍ 178ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ 146 മാത്രമാണ് യുഡിഎഫിന് കിട്ടിയത്.

യുഡിഎഫിനും ലീഗിനും ഭരണം പിടിക്കാന്‍മാത്രം വേണ്ടി പുതുതായി 28 മുനിസിപ്പാലിറ്റിയാണ് രൂപീകരിച്ചത്. ഇതുള്‍പ്പെടെയുള്ള 87 മുനിസിപ്പാലിറ്റിയില്‍ 45 എണ്ണം എല്‍ഡിഎഫ് പിടിച്ചടക്കിയപ്പോള്‍, 40 ഇടത്തുമാത്രമാണ് യുഡിഎഫ് ജയിച്ചത്. മാത്രമല്ല, മുന്‍കാല തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫാണ് ഏറെ മുന്നിലെത്താറുള്ളത്. 2010ല്‍ 39 മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ജയിച്ചപ്പോള്‍, എല്‍ഡിഎഫിന് 20 മുനിസിപ്പാലിറ്റിമാത്രമാണ് കിട്ടിയത്.

ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആധിപത്യം സ്ഥാപിച്ചു. 152ല്‍ 89 ഇടത്തും എല്‍ഡിഎഫ് മികച്ച വിജയം നേടി. 941 ഗ്രാമപഞ്ചായത്തില്‍ 549ഉം എല്‍ഡിഎഫ് നേടിയപ്പോള്‍, യുഡിഎഫിന്റെ ചിത്രം ദയനീയമാണ്. 372 ഗ്രാമപഞ്ചായത്തുമാത്രമാണ് യുഡിഎഫിന് കിട്ടിയത്. യുഡിഎഫ് പരാജയത്തില്‍ സര്‍വകാല റെക്കോഡാണ് ഗ്രാമപഞ്ചായത്തിലുമുണ്ടായത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം