ആര്‍എസ്പിയ്ക്ക് കാലം കാത്തുവച്ച മറുപടി

Sunday Nov 8, 2015

കൊല്ലം > ആര്‍എസ്പിക്കു കിട്ടിയത് കാലം കാത്തുവച്ച മറുപടി. യുഡിഎഫില്‍ ചേക്കേറി അധികാരമേറാമെന്ന് വ്യാമോഹിച്ചവര്‍ക്ക് കൊല്ലം മണ്ണ് മധുരപ്രതികാരമേകി. സ്വന്തം കൊത്തളങ്ങളിലെ മണ്ണെല്ലാം ചോര്‍ന്ന് നിരാലംബരാണവരിപ്പോള്‍. യുഡിഎഫിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നു വീമ്പിളക്കി മുന്നണിബാന്ധവം ഉറപ്പിച്ചവര്‍ക്കു ബാധ്യതയാകുകയാണ് ആര്‍എസ്പി. തങ്ങളുടെ ഉരുക്കുകോട്ടയെന്നു വിശേഷിപ്പിച്ച ഇടങ്ങളില്‍പ്പോലും നേരിയ ചലനം സൃഷ്ടിക്കാനാക്കാനാവാതെ അവര്‍ തൂത്തെറിയപ്പെട്ടു.

കൊല്ലം നഗരസഭയില്‍ 11 ഡിവിഷനില്‍ മത്സരിച്ച ആര്‍എസ്പിനാലിടത്തു മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച എട്ടു സീറ്റിലും ആര്‍എസ്പി വിജയിച്ചിരുന്നു. ജില്ലാ പഞ്ചായത്തില്‍ നാലു ഡിവിഷനില്‍ മത്സരിച്ച ആര്‍എസ്പി ചവറയില്‍ മാത്രമാണ് വിജയംകണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് മത്സരിക്കുകയും രണ്ടില്‍ വിജയിക്കുകയും ചെയ്തു.

എല്‍ഡിഎഫിനൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ആര്‍എസ്പി യുഡിഎഫിലേക്ക് ചേക്കേറിയതോടെ അതത് പ്രദേശങ്ങളിലെ ഭരണസംവിധാനമാകെ തകര്‍ന്നു. എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരുന്ന നിരവധി തദ്ദേശസ്ഥാപനങ്ങള്‍ യുഡിഎഫിന് അടിയറവുവച്ച കാഴ്ചയാണ് തുടര്‍ന്നുണ്ടായത്. ഭരണം അട്ടിമറിച്ചതിലൂടെ അതതിടത്തെ വികസന പ്രവര്‍ത്തനങ്ങളും അവസാനിച്ചു. കയര്‍, കശുവണ്ടി, മത്സ്യത്തൊഴിലാളി മേഖലയില്‍ എക്കാലവും ആര്‍എസ്പിക്കൊപ്പം ഉറച്ചുനിന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല യുഡിഎഫ് ബാന്ധവം.

എ എ അസീസ്, വി പി രാമകൃഷ്ണപിള്ള, ഷിബു ബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതൃത്വമൊന്നാകെ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചാരണത്തിനിറങ്ങിയിട്ടും അണികളെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിനുള്ളില്‍നിന്ന് തങ്ങള്‍ക്കെതിരെ നീക്കമുണ്ടായതാണ് കനത്ത പരാജയത്തിനു കാരണമെന്ന് ചില ആര്‍എസ്പി നേതാക്കള്‍ പറയുന്നു. ഇക്കാര്യം യുഡിഎഫ് പരിശോധിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കൊല്ലം നഗരസഭയില്‍ ആര്‍എസ്പിക്ക് 11 സീറ്റ് നല്‍കാന്‍ യുഡിഎഫ് ഉഭയകക്ഷി യോഗത്തില്‍ ധാരണയായെങ്കിലും 20 സീറ്റ് വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി ഒമ്പതു സീറ്റിലാണ് മത്സരിച്ചത്. അതില്‍ ഏഴു സീറ്റില്‍ വിജയിച്ചു. നെടുവത്തൂര്‍ പഞ്ചായത്തില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും വേറെവേറെ മത്സരിക്കാന്‍ തുടക്കത്തില്‍ തീരുമാനിച്ചെങ്കിലും അവസാനറൗണ്ടില്‍ പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തു. സീറ്റ് വിഭജനത്തെച്ചൊല്ലി ചവറയില്‍ ആര്‍എസ്പി ബ്രാഞ്ച് സെക്രട്ടറി രാജിവച്ചു. പന്മന പഞ്ചായത്തിലെ മേക്കാട്, നടുവത്തുചേരി വാര്‍ഡുകളില്‍ യുഡിഎഫ് നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയതിലും വര്‍ഷങ്ങളായി പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ സീറ്റ് നല്‍കാതെ ഒഴിവാക്കിയതിലും പ്രതിഷേധിച്ചാണ് ബ്രാഞ്ച്സെക്രട്ടറി രാജിവച്ചത്. ഐക്യമഹിളാ സംഘം മണ്ഡലംകമ്മിറ്റി അംഗം സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനും തയ്യാറായി.വര്‍ഷങ്ങളായി ആര്‍എസ്പി മത്സരിച്ചുവന്ന മനയില്‍ വാര്‍ഡ് കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചും ആര്‍എസ്പിയില്‍ രാജിയുണ്ടായി. തെക്കുംഭാഗം പഞ്ചായത്തില്‍ ആര്‍എസ്പി ആവശ്യപ്പെട്ടത് അഞ്ചുസീറ്റാണ്. എന്നാല്‍, രണ്ടു സീറ്റ് മാത്രമെ നല്‍കിയുള്ളൂ. ഇതില്‍ ശക്തമായ പ്രതിഷേധം അലയടിച്ചു. ചവറയില്‍ കോണ്‍ഗ്രസും ആര്‍എസ്പിയും ഇടഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം