വിമതര്‍ സജീവമാണ്

Wednesday Oct 28, 2015കണ്ണൂര്‍ > വിമതശല്യവും പാളയത്തില്‍ പടയും കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് തിരിച്ചടിയാകുന്നു. നഗരസഭ ഭരിച്ചുമുടിച്ചവര്‍ക്കെതിരെയുള്ള ജനരോഷം എങ്ങും പ്രകടം. ജാതിപ്രീണനം, സാമ്പത്തികവാഗ്ദാനം എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അന്തിമഘട്ടത്തില്‍ യുഡിഎഫ് ശ്രമം.


കോണ്‍ഗ്രസ്, ലീഗ് ഭിന്നത തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മറനീക്കി. കൂടുതല്‍ ഡിവിഷനുകളില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് മുന്നണിയില്‍ അസ്വാരസ്യം സൃഷ്ടിച്ചത്. കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി കെ രാഗേഷാണ് കോണ്‍ഗ്രസിന്  തലവേദനയായത്. രാഗേഷുമായി അടുപ്പമുള്ള ആറുപേര്‍ വിമതരായുണ്ട്. ഇവരെ പുറത്താക്കിയെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. മറ്റ് നാലുപേര്‍കൂടി വിമതരായുണ്ട്. ആര്‍ടിസ്റ്റ് ശശികലയും ഇതില്‍പ്പെടും.


കോണ്‍ഗ്രസും ലീഗും പരസ്പരം മത്സരിക്കുന്നുമുണ്ട്. മുന്‍ വൈസ് ചെയര്‍മാന്‍ ടി ഒ മോഹനന്‍ മത്സരിക്കുന്ന വെത്തിലപ്പള്ളി ഡിവിഷനില്‍ ലീഗിലെ സത്താറും കോണ്‍ഗ്രസിലെ ആര്‍ടിസ്റ്റ് ശശികലയും വിമതരാണ്. ആയിക്കര മത്സരിക്കുന്ന മുന്‍ വൈസ് ചെയര്‍മാന്‍ ലീഗിലെ സമീറിനെതിരെയും വിമതനുണ്ട്. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ മത്സരിക്കുന്ന കിഴുന്നയില്‍ തീപാറുന്ന പോരാട്ടമാണ്. സിഎംപി നേതാവായിരുന്ന എം വി രാഘവന്റെ മകള്‍ എം വി ഗിരിജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ എ ജയലത വിമതസ്ഥാനാര്‍ഥിയാണ്.


കെ സുധാകരന്റെ അനുയായി കല്ലിക്കോടന്‍ രാഗേഷ് മത്സരിക്കുന്ന തുളിച്ചേരിയിലെ വിമതസ്ഥാനാര്‍ഥി സദാനന്ദനെ ഭീഷണിപ്പെടുത്തി പ്രചാരണത്തിന് ഇറങ്ങാന്‍ വിട്ടിട്ടില്ല. എളയാവൂര്‍ സൌത്ത് സീറ്റ് പെയ്മന്റാണെന്ന ആക്ഷേപമുണ്ട്്. നഗരത്തിലെ പ്രധാന സ്വാശ്രയ കോളേജ് ഉടമയുടെ ഭാര്യയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം പി മുഹമ്മദലി  ഏഴര ഡിവിഷനില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതൃത്വം പ്രചാരണരംഗത്തില്ല.


കണ്ണൂര്‍ നഗരസഭയ്ക്ക് പുറമേ, പള്ളിക്കുന്ന്, പുഴാതി, എടക്കാട്, ചേലോറ, എളയാവൂര്‍ പഞ്ചായത്തുകളും ചേര്‍ത്താണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. 55 ഡിവിഷനുകള്‍. ചേലോറ, എളയാവൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് ശക്തമായ പള്ളിക്കുന്നില്‍ ഭൂരിപക്ഷവും വിമതര്‍ക്കൊപ്പമാണ്. ദളിത് യുവാവിനെ തല്ലിക്കൊന്ന മണല്‍മാഫിയ– ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവിന് സീറ്റ് നല്‍കിയതും യുഡിഎഫിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമായി. വന്‍വരുമാനമുള്ള നഗരസഭയില്‍ ഒരു പൊതുശൌചാലയംപോലും നിര്‍മിക്കാനായില്ല. അടിസ്ഥാനവികസനത്തില്‍ ശ്രദ്ധിക്കാത്ത യുഡിഎഫിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം