അഴിമതിക്ക് മൂന്ന് പ്രസിഡന്റ്

Wednesday Oct 28, 2015

ഏബ്രഹാം തടിയൂര്‍


പത്തനംതിട്ട > അപ്പര്‍ കുട്ടനാടുമുതല്‍ ശബരിമലയ്ക്കപ്പുറംവരെയുള്ള വിശാലമായ ഭൂപ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ അതിരിടുന്ന ഇവിടെ യുഡിഎഫ് ഭരണത്തിലെ അഴിമതിക്കെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നഗ്നമായ അഴിമതിയും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ഘടകകക്ഷികളുടെ എതിര്‍പ്പും മലയോരജില്ലയില്‍ യുഡിഎഫിനെ വേട്ടയാടുന്നു. അടുക്കും ചിട്ടയുമായ പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്.


തൊട്ടതെല്ലാം അഴിമതിയില്‍ മുക്കിയ ഭരണത്തോടുള്ള പ്രതിഷേധം ശക്തമാണ്. മൂന്ന് പേര്‍ക്കായി പ്രസിഡന്റ്പദവി വീതംവച്ച് അഴിമതിവിഹിതം പങ്കുവയ്ക്കാന്‍ അവസരം ഒരുക്കുകയായിരുന്നു കോണ്‍ഗ്രസ്. സീറ്റ് വീതംവയ്പില്‍ ഐ ഗ്രൂപ്പിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി അടൂര്‍ പ്രകാശും സംഘവും ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് വി എം സുധീരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്ന് പ്രശ്നം ഒതുക്കിയതിന്റെ രോഷത്തിലാണ് ഐ ഗ്രൂപ്പ്. ഘടകകക്ഷികളായ ആര്‍എസ്പി, ജനതാദള്‍ യു,  മുസ്ളിംലീഗ് എന്നിവയ്ക്ക് നല്‍കിയ സീറ്റുകളില്‍പ്പോലും വിമതര്‍ മത്സരരംഗത്തുണ്ട്. സീറ്റ് നിര്‍ണയത്തില്‍ യുവാക്കളെ അവഗണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് തുറന്ന പോരിന് ആഹ്വാനംചെയ്തു. നേതാക്കളുടെ പിന്തുണയോടെ സ്വതന്ത്രരും യുഡിഎഫിന് ഭീഷണി ഉയര്‍ത്തുന്നു.


വിലക്കയറ്റം, റബര്‍ വിലയിടിവ്, പരമ്പരാഗതവ്യവസായ മേഖലയുടെ തകര്‍ച്ച, അഴിമതി, ക്ഷേമപദ്ധതികളുടെ തകര്‍ച്ച, വര്‍ഗീയത എന്നിങ്ങനെ എല്‍ഡിഎഫ് ഉന്നയിക്കുന്ന ജനകീയ വിഷയങ്ങള്‍ക്ക് മറുപടിയില്ലാതെ യുഡിഎഫ് പരുങ്ങലിലാണ്.ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് എല്‍ഡിഎഫിനുള്ള കാഴ്ചപ്പാട് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ജില്ലയിലെ നദീതടങ്ങളും നീര്‍ച്ചാലുകളും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റ് വികസനപരിപാടികള്‍ക്കും ഉപയുക്തമാക്കാനും തരിശുകിടക്കുന്ന നിലങ്ങളില്‍ കൃഷി ലാഭകരമായി പുനഃസംഘടിപ്പിക്കാനും ഇടതുപക്ഷം മുന്‍ഗണന നല്‍കുന്നു.


തോട്ടംമേഖല പുനരുജ്ജീവിപ്പിക്കാനും തകര്‍ന്നടിഞ്ഞ വ്യവസായശാലകള്‍ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പുനരുദ്ധരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുത്തന്‍ വ്യവസായസംരംഭങ്ങള്‍ ശാസ്ത്രീയമായി ആവിഷ്കരിച്ച് നടപ്പാക്കാനും പദ്ധതിയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നവീന സംവിധാനങ്ങള്‍ പ്രായോഗികമാക്കും. ഇതിനുള്ള ഇച്ഛാശക്തിയാണ് ഇടതുപക്ഷത്തിന്റെ കൈമുതല്‍.ബിജെപി പല കേന്ദ്രത്തിലും കോണ്‍ഗ്രസുമായി രഹസ്യധാരണ പുലര്‍ത്തുന്നു. ജില്ലാപഞ്ചായത്തിലെ കൊടുമണ്‍ ഡിവിഷനില്‍ യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിപത്രികാസമര്‍പ്പണവേളയില്‍ മുങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. വെള്ളാപ്പള്ളി സ്വാധീനം ജില്ലയില്‍ കാര്യമായില്ല. മൈക്രോഫിനാന്‍സ് തട്ടിപ്പിനിരയായ സ്ത്രീകള്‍ അടൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കേണ്ട യോഗം അലങ്കോലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുള്‍പ്പെടെ ഭൂരിപക്ഷം തദ്ദേേശസ്ഥാപനങ്ങളിലും യുഡിഎഫാണ് അധികാരത്തിലെത്തിയത്. മൂന്ന് നഗരസഭയില്‍ രണ്ടും എട്ട് ബ്ളോക്ക് പഞ്ചായത്തില്‍ ഏഴും തുടക്കത്തില്‍ യുഡിഎഫ് ഭരണത്തിലായിരുന്നു.


പന്തളം പഞ്ചായത്ത് നഗരസഭയായി രൂപപ്പെട്ടതോടെ പഞ്ചായത്തുകളുടെ എണ്ണം 54ല്‍നിന്ന് 53 ആയി. ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നുകുറഞ്ഞു. ഇപ്പോഴുള്ള 16 ജില്ലാ ഡിവിഷനില്‍ 61 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 53 പഞ്ചായത്തിലും നാല് നഗരസഭയിലുമായി 9,96,171 വോട്ടര്‍മാര്‍. 53 ഗ്രാമപഞ്ചായത്തില്‍ 2895 പേര്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനുശേഷം നടന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തില്‍ മൂന്നും എല്‍ഡിഎഫാണ് നേടിയത്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം