പതിഷേധം പുകയുന്നമലനിരകള്‍

Wednesday Oct 28, 2015

 പി ഒ ഷീജ


കല്‍പ്പറ്റ > യുഡിഎഫിനെ കൈമെയ് മറന്ന് സഹായിച്ചിട്ടും തിരിച്ച് നന്ദികേട് കാട്ടിയതിന്റെ പ്രതിഷേധമാണ് വയനാടന്‍ മലനിരകളില്‍ പുകയുന്നത്. 2010ല്‍ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 13ഉം നാല് ബ്ളോക്ക് പഞ്ചായത്തും 23 ഗ്രാമ പഞ്ചായത്തും ഏക നഗരസഭയും നേടിയത് യുഡിഎഫ് . കൂടാതെ  വയനാട്ടില്‍ ആകെയുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും , വര്‍ഗീയ കാര്‍ഡ് കളിച്ചും പണം വാരിയെറിഞ്ഞും യുഡിഎഫ് വിജയിച്ചു.  എന്നിട്ടും യുഡിഎഫ് വയനാട്ടുകാരോട് കാണിച്ചത് നന്ദികേടും അവഗണനയും മാത്രം.


 ചികിത്സാ സൌകര്യങ്ങളുടെ കുറവ്, പ്രതിസന്ധിയിലായ കാര്‍ഷികമേഖല, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കര്‍ഷകര്‍, മണ്ണില്ലാതെ നരകിക്കുന്ന ആദിവാസികള്‍,  ഗതാഗത സൌകര്യങ്ങളുടെ കുറവ്, തൊഴിലവസരങ്ങളില്ലാത്തത്....വയനാട്  നേരിടുന്ന ബഹുമുഖ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും കാണാന്‍ ഭരണക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ബാക്കിയായത് നടക്കാത്ത പ്രഖ്യാപനങ്ങള്‍ മാത്രം.  2011ല്‍ മന്ത്രിസഭ നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വേളയില്‍ വയനാട്ടിലെത്തി മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ ഒക്ടോബര്‍ 26നും ആവര്‍ത്തിച്ചത് കേട്ട് മടുത്ത അവസ്ഥയിലാണ് കുടിയേറ്റ ജനത.


തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം അവശേഷിക്കേ വിമതപ്രശ്നവും ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതയും യുഡിഎഫിന് തലവേദന സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മറ്റ് ഘടകകക്ഷികളെ അവഗണിച്ച് കോണ്‍ഗ്രസും മുസ്ളിംലീഗും തനിച്ച് സീറ്റുകള്‍  വിഭജിച്ചെടുത്തു. ബാക്കിയുള്ളതാണ്് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയത്.ചില പാര്‍ടികള്‍ ഒരു സീറ്റ് പോലും കിട്ടാതെ ചിത്രത്തില്‍ നിന്നും ഔട്ടായി. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുവിനും വേണ്ടത്ര പരിഗണന കിട്ടിയില്ല. ആകെയുള്ള 582 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 378 വാര്‍ഡുകളിലും  മുസ്ളിംലീഗ്് 158 സീറ്റുകളിലും  മത്സരിക്കുമ്പോള്‍ ജനതാദള്‍ യുവിന് കിട്ടിയത് 60 സീറ്റ് മാത്രം. പുതുതായി രൂപം കൊണ്ട ബത്തേരി, മാനന്തവാടി നഗരസഭകളില്‍ ദള്‍ യുവിന് പേരിന് പോലും സീറ്റില്ല. കല്‍പ്പറ്റ നഗരസഭയില്‍ മാത്രമാണ് അഞ്ച് സീറ്റുകള്‍ കിട്ടിയത്. കേരള കോണ്‍ഗ്രസ് ജേക്കബിനും സീറ്റില്ല. സംസ്ഥാന സെക്രട്ടറി എം സി സെബാസ്റ്റ്യന്‍ വിമതനായി  മത്സരരംഗത്ത് സ്ഥാനമുറപ്പിച്ചെങ്കിലും ചെന്നിത്തല എത്തി ഭീഷണിപ്പെടുത്തിയതോടെ പിന്മാറി. ഒരു ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ മാത്രമാണ് ആര്‍എസ്പിക്ക് സീറ്റ് കിട്ടിയത്. ഈ സീറ്റിലാകട്ടെ കോണ്‍ഗ്രസിന്റെ രണ്ട് പേരും ജനതാദള്‍ യുവും വിമതരായുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്എമ്മും ഇടഞ്ഞ് തന്നെയാണ്. പല വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ് തനിയെ അങ്കം വെട്ടുന്നു. മുന്നണി കനിഞ്ഞ് നല്‍കിയ സീറ്റുകളിലാകട്ടെ വിതമത ശല്യവും.


തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ലേലം വിളിച്ചാണ് പല കോണ്‍ഗ്രസുകാരും  സീറ്റ് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് കെ എല്‍ പൌലോസിന്റെ കേന്ദ്രമായ  മുള്ളന്‍കൊല്ലിയില്‍  പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം പ്രസിഡണ്ടുമായ  ജോസ് കണ്ടംതുരുത്തി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. ഇവിടെ ഡിസിസി പ്രസിഡണ്ട്  മത്സരിക്കാന്‍ താല്‍പര്യപ്പെട്ടെങ്കിലും നേതൃത്വം തടസപ്പെടുത്തിയതോടെ  പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്ന് സീറ്റ് കച്ചവടം നടത്തിയെന്ന ആക്ഷേപം ഈ ഡിവിഷനില്‍ ശക്തമാണ്. നേതൃത്വത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ധീരമായ നിലപാടെടുത്ത ജോസ് കണ്ടംതുരുത്തിയെ എല്‍ഡിഎഫ് പിന്തുണക്കുന്നുണ്ട്.


യുഡിഎഫുമായുള്ള അഡ്ജസ്്റ്റ്മെന്റിന്റെ ഭാഗമായി ബിജെപി ചില സീറ്റുകളില്‍ മത്സരിക്കുന്നില്ല. കോണ്‍–ലീഗ്–ബിജെപി കൂട്ടുകെട്ട് ഭരിച്ച നൂല്‍പ്പുഴയില്‍  പല സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. എല്‍ഡിഎഫിന് വേരോട്ടമുള്ള മണ്ണില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍  ലക്ഷ്യമിട്ട് അഞ്ച് സീറ്റില്‍ ബിജെപിയും ബാക്കി സീറ്റുകളില്‍ യുഡിഎഫിനും വോട്ട് മറിക്കാനാണ് നീക്കം. ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് പ്രചാരണരംഗത്ത് വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരികെ പിടിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം