സംഘപരിവാര്‍ ചായ് വ് യുഡിഎഫില്‍ പ്രതിസന്ധി

Wednesday Oct 28, 2015

ആര്‍ എസ് ബാബു


തിരുവനന്തപുരം > ഡല്‍ഹി പൊലീസിന്റെ  ബീഫ് വേട്ടയില്‍ തണുപ്പന്‍നയം സ്വീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി. ഇടതുപക്ഷം വീറുള്ള പ്രതിഷേധവുമായി രംഗത്തുവരികയും പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇടതുപക്ഷ എംപിമാര്‍ കേരള ഹൌസില്‍ ധര്‍ണ നടത്തുകയും ചെയ്തതോടെയാണ് നിലപാട് മാറ്റാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായത്. സംഭവം വിവാദമാകുന്നതില്‍ എ കെ ആന്റണിക്കും  അതൃപ്തി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഡല്‍ഹി പൊലീസ് മിതത്വം പാലിക്കണമായിരുന്നു എന്ന അഴകൊഴമ്പന്‍ വര്‍ത്തമാനമാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായത്.


 മിതത്വം എന്നതില്‍ അര്‍ഥമാക്കുന്നത് കേരള ഹൌസില്‍ ബീഫ് വേട്ട നടത്തിയ പൊലീസിന്റെ എണ്ണം  30ല്‍ നിന്ന് 25 ആക്കി കുറയ്ക്കണം എന്നതാണോ എന്ന ചോദ്യം ശേഷിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ സമീപനത്തെ ശ്ളാഘിക്കുകയും ചെയ്തു. കേരളത്തില്‍ സംഘപരിവാറും ഉമ്മന്‍ചാണ്ടിയും തമ്മിലെ ബന്ധം കുടം നന്നെന്ന് കലവും കലം നന്നെന്ന് കുടവും പറയുംപോലുള്ള പരസ്പര ചങ്ങാത്തമാണ്. എസ്എന്‍ഡിപിയോഗവുമായി ചേര്‍ന്നുള്ള ബിജെപിയുടെ മൂന്നാംമുന്നണിയെപ്പറ്റി മൌനംപാലിക്കണമെന്ന നിലപാടാണ് ഇന്ദിരാഭവനില്‍ നേരത്തെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഉമ്മന്‍ചാണ്ടി കൈക്കൊണ്ടത്. അത് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുമെന്ന് ആന്റണിയും വി എം സുധീരനും പറഞ്ഞു.

പക്ഷേ, ഇപ്പോഴും വെള്ളാപ്പള്ളിമാരെയും  അവരുടെ തട്ടിപ്പിനെയും മൂന്നാംമുന്നണിയെയും താലോലിക്കുകയും അവരുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രാദേശികമായി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിലാണ് ഉമ്മന്‍ചാണ്ടി. ഇതിന്റെ തുടര്‍ച്ചയാണ് കേരള ഹൌസ് സംഭവത്തില്‍ കേരള സര്‍ക്കാര്‍ നട്ടെല്ലുള്ള പ്രതിഷേധ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരിശോധനയെത്തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ വേണ്ടെന്ന ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതുതന്നെ ഇടതുപക്ഷത്തിന്റെ സമരോത്സുക ഇടപെടല്‍ കൊണ്ടാണ്.

 
ഡല്‍ഹിയില്‍ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും പശുവിറച്ചി വിഭവങ്ങള്‍ കഴിക്കുന്നതിനോ വില്‍ക്കുന്നതിനോ നിയമതടസ്സമില്ല. എന്നിട്ടും, പോത്തിറച്ചിമാത്രം അതിഥികള്‍ക്ക് നല്‍കുന്ന കേരള ഹൌസിലാണ് ഹിന്ദുസേനയ്ക്കുവേണ്ടി മോഡിയുടെ പൊലീസ് എത്തി അടുക്കള റെയ്ഡ് നടത്തിയത്.  അതില്‍ പ്രതിഷേധിക്കാതെ, ഹിന്ദുവര്‍ഗീയ ഫാസിസവുമായി സന്ധിചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ കമാന്നൊരക്ഷരം പറയാതെ സിപിഐ എമ്മിനെ പഴിക്കുകയാണ് ആന്റണി. എല്ലാ തെരഞ്ഞെടുപ്പിലും വര്‍ഗീയതയെ  സിപിഐ എം വോട്ടുപിടിക്കാന്‍ ഉപയോഗിക്കുന്നു എന്ന വസ്തുതാവിരുദ്ധമായ ആക്ഷേപം അദ്ദേഹം ഉന്നയിച്ചു.  1987ല്‍ ശരിയത്ത് അവസാനിപ്പിക്കണം എന്ന മുദ്യ്രാവാക്യം ഉയര്‍ത്തി മുസ്ളിംവിരുദ്ധ രാഷ്ട്രീയം കളിച്ച് അധികാരം പിടിച്ചുവെന്ന ആന്റണിയുടെ അഭിപ്രായം തികച്ചും അബദ്ധജടിലമാണ്. ഒരു സമുദായത്തിന്റെ വ്യക്തിനിയമമായ ശരിയത്ത് അവസാനിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടില്ല. ശരിയത്തിന്റെ പേരുപറഞ്ഞ് അനാവശ്യമായി മൊഴിചൊല്ലി മുസ്ളിംസ്ത്രീകളെ കണ്ണീര്‍ക്കടലില്‍ തള്ളുന്നതിനെയാണ് വിമര്‍ശിച്ചത്.

അതിന് ഇ എം എസിനെതിരെ അന്ന് മുദ്രാവാക്യം വിളിച്ചവരടക്കം ആ നിലപാടിന്റെ സാമൂഹ്യപ്രസക്തിയെ പിന്നീട് അംഗീകരിച്ചു. അത് ആന്റണി കാണുന്നില്ല.
സദ്ദാം ഹുസൈന്റെ പടംവച്ചും സിന്ദാബാദ് വിളിച്ചും പിന്നീട് വോട്ടുപിടിച്ചു എന്നതാണ് മറ്റൊരു കുറ്റം. ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഇറാഖില്‍ നിയമാനുസൃതം അധികാരത്തിലിരുന്ന സദ്ദാം ഹുസൈനെ അതിനിവേശയുദ്ധം നടത്തി അമേരിക്കന്‍ സാമ്രാജ്യത്വം പിടികൂടി തടവില്‍ പാര്‍പ്പിച്ച് പരസ്യമായി തൂക്കിക്കൊന്നു. ആ കിരാത സാമ്രാജ്യ നടപടിക്കെതിരെ കമ്യൂണിസ്റ്റുകാര്‍  രംഗത്തുവന്നത് വോട്ട് നോക്കിയല്ല.
 


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം