16 November Friday

സാംസങ് ഗ്യാലക്സി ജെ5, ജെ7 സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 16, 2016

കൊച്ചി > ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ സാംസങ് ഇന്ത്യയുടെ 2016 ജെ സീരിസ് എഡിഷനിലെ സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്സി ജെ5, ജെ7 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. മേക്ക് ഫോര്‍ ഇന്ത്യയുടെ ഭാഗമായി പുറത്തിറങ്ങുന്ന രണ്ടു ഫോണിലും സാംസങ്ങിന്റെ മുന്‍പതിപ്പായ ഗ്യാലക്സി ജെ3–യില്‍ അവതരിപ്പിച്ച എസ് ബൈക്ക് മോഡ് സംവിധാനവും ചുരുങ്ങിയ ചെലവില്‍ അള്‍ട്രാ ഡാറ്റാ സേവിങ് (യുഡിഎസ്) വഴി 4ജി സൌകര്യവുമുണ്ട്.

ഏറെ രൂപഭംഗിയോടെ ഡയമണ്ട് കട്ട് മെറ്റല്‍ ഫ്രെയിമില്‍ പുറത്തിറങ്ങുന്ന ഗ്യാലക്സി ജെ5, ജെ7 സീരിസുകളുടെ പിന്നിലെ പാനലിന് മെറ്റല്‍ ഫിനിഷാണ്. ഗ്യാലക്സി ജെ7–ന്റെ സ്ക്രീന്‍ 5.5 ഇഞ്ച് വലുപ്പവും ഗ്യാലക്സി ജെ5–ന്റെ സ്ക്രീന്‍ അഞ്ച് ഇഞ്ച്മുതല്‍ 5.2 ഇഞ്ച് വലുപ്പവുമാണുള്ളത്.

ഗ്യാലക്സി ജെ5 2016–ല്‍ കാര്യക്ഷമതയുള്ള ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍, 1.2 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറും ഗ്യാലക്സി ജെ7–ല്‍ എക്സൈനോസ് 1.6 ജിഗാ ഹെര്‍ട്സ് ഒക്ടാ കോര്‍ പ്രോസസറുമാണുള്ളത്.

2 ജിബി റാമുള്ള രണ്ടു ഫോണുകളുടെയും മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ ഉയര്‍ത്താന്‍ സാധിക്കും. യഥാക്രമം 3,100, 3,300 എംഎഎച്ച് ബാറ്ററിയില്‍ പുറത്തിറങ്ങുന്ന ഗാലക്സി ജെ5, ജെ7 മോഡലുകളില്‍ 13 മെഗാ പിക്സല്‍ പിന്‍ക്യാമറയും 5 മെഗാ പിക്സല്‍ മുന്‍ക്യാമറയുമുണ്ട്. ഗ്യാലക്സി ജെ7–ന് 15,990 രൂപയും ജെ5–ന് 13,990 രൂപയുമാണ് വില.

പ്രധാന വാർത്തകൾ
Top