Top
22
Thursday, February 2018
About UsE-Paper

ഇന്ത്യ വിടേണ്ടിവരുന്ന ദിവസം എനിക്ക് ദുഃഖകരം'

Tuesday Feb 6, 2018
പി സി പ്രശോഭ്

'പൗരത്വം യൂറോപ്പിന്റേതാണെങ്കിലും ഇന്ത്യ എനിക്ക് സ്വന്തം വീടുപോലെയാണ്. ഇന്ത്യയെയും ഇന്ത്യൻ സംസ്‌കാരത്തെയും ഞാൻ സ്‌നേഹിക്കുന്നു. ബംഗാളി എഴുത്തുകാരിയായതിനാൽ ഞാൻ ബംഗാളിൽ കഴിയാൻ ഇഷ്ടപ്പെട്ടു.

പക്ഷേ, അവിടവും വിടാൻ നിർബന്ധിതയായി. സർക്കാർ പറയുമ്പോൾ ഈ രാജ്യവും എനിക്ക് വിടേണ്ടിവരും. അന്നാകും ഞാൻ ഏറ്റവുമധികം ദുഃഖിക്കുക' മതമൗലികവാദികളുടെ ഭീഷണിമൂലം പതിറ്റാണ്ടുകളോളം വിവിധ രാജ്യങ്ങളിൽ കഴിയേണ്ടിവന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിൻ പറയുന്നു.

ലോകമെങ്ങും സ്ത്രീവിമോചനത്തിന് എഴുത്തിലൂടെ പുതിയ മാനം നൽകിയ എഴുത്തുകാരിയാണ് തസ്ലിമ. അതിനു വിലയായി സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ നിലപാടുകളിൽ തെല്ലും വ്യതിചലിക്കാതെ ഇന്നും അവർ സമത്വമുള്ള ലോകം സ്വപ്‌നം കാണുന്നു.

കോട്ടയം ഡിസി ബുക്‌സ് ഹാളിൽ നടന്ന മുഖാമുഖത്തിൽ നിന്ന്:

സ്ത്രീകൾക്കു വേണ്ടിയുള്ള എഴുത്തിനു പ്രചോദനമായത്?

സ്ത്രീകൾ തന്നെ. എന്റെ ആദ്യ കവിതകൾ നല്ല രീതിയിൽ വിറ്റുപോയ ശേഷം ചില മാസികകളിൽ കോളങ്ങൾ എഴുതാൻ അവസരമുണ്ടായി. അതു വായിച്ച സ്ത്രീകൾ നേരിൽ കാണുമ്പോൾ 'ഇത് ഞങ്ങളുടെ കഥയാണെ'ന്ന് പറഞ്ഞു. 'ഞങ്ങൾക്കത് ശക്തി തരുന്നു. എഴുത്ത് അവസാനിപ്പിക്കരുത്' അവരനുഭവിച്ച ദുരിതങ്ങൾ ആ രചനകളിൽ അവർ കണ്ടു. അത് സ്ത്രീപക്ഷ എഴുത്തിന് എനിക്ക് പ്രചോദനമായി.

മതവിശ്വാസത്തെക്കുറിച്ച് ?

ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ അച്ഛനും. അമ്മ വിശ്വാസിയായിരുന്നു. വിശ്വാസിക്ക് വിശ്വാസിയായും അവിശ്വാസിക്ക് അവിശ്വാസിയായും തുടരാമെന്നാണ് എന്റെ പക്ഷം. ഇസ്ലാമിലെ സൂഫിസത്തിന് ഇന്ത്യയിൽ സ്വാധീനമുള്ള കാലമുണ്ടായിരുന്നു.

എന്നാൽ അത് ക്രമേണ യാഥാസ്ഥിതികത്വത്തിന് വഴിമാറി. മസ്തിഷ്‌കപ്രക്ഷാളനം നടത്തി യുവാക്കളെ ജിഹാദികളാക്കുന്നു. അനാചാരങ്ങൾ എതിർത്താൽ മൗലികവാദികൾക്ക് ഇഷ്ടപ്പെടില്ല. പക്ഷേ, അവരുടെ അനിഷ്ടം ഭയന്ന് വായടയ്ക്കാൻ ഞാൻ തയ്യാറുമല്ല.

ഒറ്റ വാചകത്തിൽ, എന്താണ് ഫെമിനിസം?

സ്ത്രീയും മനുഷ്യനാണെന്ന കാഴ്ചപ്പാടാണ് ഫെമിനിസം.

സ്വാധീനിച്ച എഴുത്തുകാർ ?

എന്റെ അച്ഛനാണ് അതെന്നു പറയേണ്ടിവരും. അദ്ദേഹം എന്റെ അധ്യാപകൻ കൂടിയാണ്. ഞങ്ങൾ ജനൽചില്ലിൽ എഴുതിയ കവിതകളിൽകൂടി പരസ്പരം സംസാരിച്ചിരുന്നു. ഞാൻ യൂറോപ്പിലായിരിക്കെ ആണ് അച്ഛൻ മരിച്ചത്. പലകുറി അപേക്ഷിച്ചിട്ടും നാട്ടിലെത്തി അച്ഛനെ അവസാനമായി കാണാൻ ബംഗ്ലാദേശ് സർക്കാർ അനുവദിച്ചില്ല.

ഡെൽഹിയിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ ദിവസവും ഒരു കവിതയെങ്കിലും എഴുതുമായിരുന്നു. വീർപ്പുമുട്ടൽ അനുഭവിച്ച നാളുകൾ. ആർക്കും കവിതയെഴുതാൻ തോന്നാത്ത അന്തരീക്ഷം. എന്നിട്ടും ഞാനെഴുതി.

അധികാരസ്ഥാനങ്ങളിൽ സ്ത്രീകൾ എത്തുന്നത് സ്ത്രീവിമോചനത്തിനു സഹായകമാണോ?
അങ്ങിനെ പറയാൻ കഴിയില്ല. ബംഗ്ലാദേശിൽ സ്ത്രീകൾ പ്രധാനമന്ത്രിയായിട്ടുണ്ട്. അതൊക്കെ കുടുംബവാഴ്ചയുടെ ഭാഗമായി സംഭവിച്ചതാണ്. സ്ത്രീകളുടെ ഉന്നമനം സംബന്ധിച്ച് ആശയപരമായി ആത്മാർഥത അവരിലില്ല. എന്നാൽ യൂറോപ്പിലെ വനിതാ നേതാക്കൾ ഇക്കാര്യത്തിൽ വ്യത്യസ്തരാണ്.

മതനിന്ദ ഒരു കുറ്റമായി കാണുന്ന രീതി മാറണം. ഇത്തരം നിയമങ്ങളും ഇല്ലാതാകണം. വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. മതങ്ങളിലെ അനാചാരത്തെ വിമർശിച്ചാൽ ശിക്ഷിക്കുന്നത് എന്തുതരം ജനാധിപത്യ രീതിയാണ്. ഇത്തരം നിയമങ്ങൾ മൂലംസർക്കാരിനു പോലും മതമൗലികവാദികളുടെ കൂടെ നിൽക്കേണ്ടിവരുന്നു.

താങ്കൾ ആഗ്രഹിക്കുന്ന ഒരു ലോകം എത്ര അകലെയാണ്?

സമത്വത്തിലൂന്നിയ ലോകമാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് അകലെയായിരിക്കാം. ഞാൻ ശുഭാപ്തിവിശ്വാസക്കാരിയാണ്. സ്ത്രീകളുടെ പുരോഗതിക്കുള്ള പോരാട്ടത്തിൽ പുരുഷൻമാരും ഒന്നുചേരണം. സ്ത്രീവിരുദ്ധത പുരുഷന് അഭിമാനിക്കാവുന്ന ഒന്നല്ല. പുരുഷാധിപത്യം അംഗീകരിക്കുന്ന സ്ത്രീകളുടെ മനോനിലയും മാറേണ്ടത് അത്യാവശ്യമാണ്.

എഴുത്തിനുള്ള സ്വാതന്ത്ര്യത്തിനായി ഇനിയും പോരാടും. പുസ്തകങ്ങൾ നിരോധിക്കാനുള്ളതല്ല. പുസ്തക നിരോധനമെന്നാൽ ചിന്തയുടെ നിരോധനമാണ്.