ന്യൂഡല്‍ഹി > ആപ്പിള്‍ ഐ ഫോണിന് വെല്ലുവിളി ഉയര്‍ത്തി ചൈനീസ് കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ എംഐ 5 ഇന്ത്യയില്‍ എത്തി. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5ന്റെ പ്രത്യേകത. 24,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന ഷവോമി എംഐ 5 ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും.
1920 x 1080 പിക്സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ലഭിക്കും. 3ഡി ഗ്ളാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്. 129 ഗ്രാം ഭാരവും 7.25 എംഎം കനവുമാണ് എംഐ 5 നുള്ളത്. 3 ജിബി റാമില്‍ 32 ജിബി സ്റ്റോറേജ് സ്പേയസാണ് മൊബൈലിനുള്ളത്. എന്നാല്‍ മൈക്രാ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി ഉയര്‍ത്താന്‍ ആവില്ല എന്നത് ഒരു പോരായ്മയാണ്.
എല്‍ഇഡി ഫ്ലാഷ്, ഫേസ് ഡിറ്റക്ഷന്‍ ആട്ടോ ഫോക്കസ് എന്നീ പ്രത്യേകതകളോട് കൂടിയ സോണി നിര്‍മ്മിത 16 മെഗാപിക്സല്‍ ഐഎംഎക്സ് 298 സെന്‍സറോട് കൂടിയ പ്രധാന ക്യാമറയാണ് എംഐ5 നുള്ളത്. 4 അള്‍ട്രാ പിക്സല്‍ വ്യക്തത നല്കുന്ന മുന്‍ക്യാമറ സെല്‍ഫി ചിത്രങ്ങള്‍ക്കും മിഴിവേകുന്നു. 4ജി ഇന്ത്യന്‍ ബാന്റുകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
രണ്ടു സിമ്മുകളിലും 4 ജി കണക്ടിവിറ്റി ഉപയോഗിക്കാനും കഴിയും. എംഐ 5 ലെ പ്രധാന ക്യാമറയ്ക്ക് സഫയര്‍ ഗ്ളാസ് സംരക്ഷണവും 4 ആക്സിസ് ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സവിശേഷതയുമുണ്ട്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3000 എംഎഎച്ച് ശേഷിയുള്ളതും അതിവേഗ ചാര്‍ജിങ് സാധ്യമാകുന്നതുമായ ഊരിമാറ്റാന്‍ സാധിക്കാത്ത ബാറ്ററിയാണുള്ളത്.