വാജിബിന് സുവര്‍ണചകോരം

Saturday Dec 16, 2017
സുവര്‍ണചകോരം നേടിയ വാജിബിലെ നായിക മരിയ സെറിക്, ജനപ്രിയ ചിത്രത്തിന്റെ സംവിധായിക റെയ്ഹാന, സംവിധാനത്തിനുള്ള രജതചകോരംനേടിയ അനൂച ബൂന്യവതന, പ്രത്യേക ജൂറി പരാമര്‍ശം നേടിയ ജോണി ഹെന്റിക്സ് എന്നിവര്‍

തിരുവനന്തപുരം > കുടുംബബന്ധങ്ങളിലൂടെ പലസ്തീനിയന്‍ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ച 'വാജിബി'ന് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം. ഇസ്രയേല്‍ അധിനിവേശം പലസ്തീന്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൂടി ചര്‍ച്ചചെയ്യുന്ന ചിത്രം ആന്‍ മേരി ജസീറാണ് സംവിധാനം ചെയ്തത്.

മികച്ച സംവിധായകനുള്ള രജതചകോരത്തിന് 'മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍' എന്ന തായ് ചിത്രമൊരുക്കിയ അനൂച ബൂന്യവതന അര്‍ഹയായി. മലയാളചിത്രം 'ഏദന്‍' സംവിധാനംചെയ്ത സഞ്ജു സുരേന്ദ്രനാണ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കി. ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം 'കാന്‍ഡലേറിയ' ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങള്‍ അമിത് മസൂര്‍ക്കര്‍ സംവിധാനംചെയ്ത ന്യൂട്ടന്‍ നേടി. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനംചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷി'യുമാണ് നെറ്റ്പാക് പുരസ്കാരത്തിന് അര്‍ഹമായ മലയാളചിത്രം. അള്‍ജീരിയന്‍ സംവിധായിക റെയ്ഹാനിയുടെ 'ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്' പ്രേക്ഷക വോട്ടെടുപ്പിലൂടെ ജനപ്രിയചിത്രമായി.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സിനിമയ്ക്കും സാംസ്കാരികമേഖലയ്ക്കും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100 തിയറ്ററുകള്‍കൂടി സര്‍ക്കാര്‍ നിര്‍മിക്കും. നവാഗതസംവിധായകര്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കാന്‍കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന് എ കെ ബാലന്‍ സമ്മാനിച്ചു. 

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സന്‍ ബീനാപോള്‍, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ സംസാരിച്ചു. സമാപനച്ചടങ്ങിന് ശേഷം സുവര്‍ണചകോരം ലഭിച്ച 'വാജിബ്' പ്രദര്‍ശിപ്പിച്ചു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം